മെൽബൺ: കാട്ടുതീയിലകപ്പെട്ട് പരിക്കേറ്റ നൂറോളം കോവാലകളെ രക്ഷിച്ച് താരമായി ബിയർ എന്ന അഞ്ചുവയസുകാരൻ നായ. ആസ്ട്രേലിയയിലെ സൗത്ത് വെയിൽസിലും ക്വീൻസ്ലാൻഡിലുമാണ് കഴിഞ്ഞദിവസം കുറ്റിക്കാടുകൾക്ക് തീപിടിച്ചത്. നൂറുകണക്കിന് കോവാലകൾ കൂട്ടമായി പാർക്കുന്ന പ്രദേശമാണിത്. ആസ്ട്രേലിയൻ കൂലി എന്നയിനത്തിൽ പെട്ട നായയാണ് ബിയർ. മൃഗസംരക്ഷണത്തിനായി പ്രവർത്തിക്കുന്ന അന്താരാഷ്ട്രസംഘടനയോട് ചേർന്ന് പ്രവർത്തിക്കുന്ന ക്വീൻസ്ലാൻഡ് യൂണിവേഴ്സിറ്റിയുടെ ഭാഗമാണ് ബിയർ.
2019 നവംബർ മുതൽ ഇവർക്കൊപ്പമാണ് ബിയറും പ്രവർത്തിക്കുന്നത്. കാട്ടുതീ കാരണം നശിക്കുന്ന പ്രദേശങ്ങളിൽനിന്ന് കോവാലകളെ സംരക്ഷിക്കുന്നത് സംഘടനയുടെ പ്രധാന ചുമതലകളിൽ ഒന്നാണ്.
തെർമൽ ഡ്രോൺ കാമറകളുടെ സഹായത്തോടെയാണ് മരങ്ങൾക്കുമുകളിൽ ഒറ്റപ്പെട്ടുപോകുന്ന കോവാലകളെ കണ്ടെത്തുന്നത്. പിന്നീട് മണം തിരിച്ചറിഞ്ഞ് അവയെ കണ്ടെത്താനായി ബിയറിനെ അയയ്ക്കും. കാടിനുള്ളിൽനിന്ന് ബിയർ, കോവാലകളെ രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു.. നിരവധിപേരാണ് ജീവൻപോലും പണയപ്പെടുത്തിക്കൊണ്ടുള്ള ബിയറിന്റെ ധീരതയെ വാഴ്ത്തുന്നത്.