ലണ്ടൻ: ബ്രിട്ടനിൽ കൊവിഡ് പ്രതിരോധ നടപടികൾ ഫലപ്രദമായി നടപ്പാക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച സർക്കാരിൻ്റെ സയൻ്റിഫിക്ക് എമർജൻസി ഉപദേഷ്ടാവ് കാമുകിയെ സന്ദർശിക്കാൻ ലോക്ഡൗൺ നിയമങ്ങൾ തെറ്റിച്ചതിന് രാജി സമർപ്പിച്ചു. ലോക്ഡൗൺ നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കാൻ നീൽ കാട്ടിയിരുന്ന ശുഷ്കാന്തി മൂലം പ്രൊഫസർ ലോക്ഡൗൺ എന്നാണ് അദ്ദേഹത്തെ ലണ്ടൻ സമൂഹം വിശേഷിപ്പിച്ചിരുന്നത്.
വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ തൻ്റെ പ്രിയ കാമുകി അൻ്റോണിയ സ്റ്റാറ്റ്സിനോട് തൻ്റെ വീട്ടിലെത്താൻ നീൽ ആവശ്യപ്പെട്ടു. രണ്ട് തവണയെങ്കിലും അൻ്റോണിയോ നീലിനെ കാണാൻ എത്തിയിട്ടുണ്ടെന്നാണ് വിവരം. സംഭവം പുറത്തറിഞ്ഞ് വിവാദമായതോടെ രാജി സന്നദ്ധത അറിയിച്ചു കൊണ്ട് നീൽ രംഗത്തെത്തുകയായിരുന്നു. കൊവിഡ് ബാധിച്ച് രണ്ടാഴ്ചയോളം ഞാൻ ക്വാറൻ്റീനിൽ കഴിഞ്ഞിരുന്നു. എൻ്റെ ശരീരം പ്രതിരോധ ശക്തി നേടിയെന്ന് കരുതിയാണ് ഇങ്ങനെ ചെയ്തത്. ചെയ്തത് ന്യായീകരിക്കാനാവാത്ത പ്രവർത്തിയാണ്. അതു കൊണ്ട് തന്നെ എൻ്റെ ഔദ്യോഗിക പദവികൾ ഞാൻ ഉപേക്ഷിക്കുകയാണ് - നീൽ രാജി കത്തിലെഴുതി.
ലോക്ഡൗൺ നിയന്ത്രണങ്ങൾ രാജ്യത്ത് നടപ്പാക്കുന്നതിൽ മുഖ്യപങ്ക് വഹിച്ച നീൽ അവ പാലിക്കണമെന്ന് ജനങ്ങളോട് ദിനപ്രതി ആഹ്വാനം ചെയ്തിരുന്നു.
പ്രധാനമന്ത്രി ബോറിസ് ജോൺസനടക്കം ബ്രിട്ടീഷ് പാർലമെൻ്റിലെ പല ഉന്നത ഉദ്യോഗസ്ഥർക്കും കൊവിഡ് പിടിപ്പെട്ടത് നീലിൽ നിന്നാണെന്ന് അന്തർദ്ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.