ശ്രീനഗർ: ജമ്മുകാശ്മീർ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ തടങ്കൽ മൂന്നുമാസത്തേക്ക് കൂടി നീട്ടിയത് അവിശ്വസനീയമാംവിധം ക്രൂരമാണെന്ന് നാഷണൽ കോൺഫറൻസ് (എൻ.സി) വൈസ് പ്രസിഡന്റ് ഒമർ അബ്ദുള്ള. മെഹബൂബ മുഫ്തിയുടെ നിലവിലുള്ള തടങ്കൽ കാലാവധി ഇന്നലെ പൂർത്തിയായതിന് പിന്നാലെയാണ് പുതിയ ഉത്തരവെത്തിയത്.
പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (പി.ഡി.പി) പ്രസിഡന്റ് കൂടിയായ മെഹബൂബ മുഫ്തി, ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെ തുടർന്ന് 2019 ആഗസ്റ്റ് അഞ്ചു മുതൽ തടങ്കലിലാണ്. മൂന്നു മാസം കൂടി നീട്ടിയതോടെ തടവ് ഒരു വർഷമാകും.
“കേന്ദ്ര സർക്കാർ തീരുമാനം അംഗീകരിക്കാനാവില്ല. അതിന്റെ യുക്തി എന്താണെന്ന് മനസിലാകുന്നില്ല. ജമ്മു കാശ്മീരിൽ സുഹൃദ്വലയങ്ങൾ ഉണ്ടാക്കുന്നതിന് പകരം ശത്രുക്കളെ സൃഷ്ടിക്കുകയാണ് അവർ ചെയ്യുന്നത്. മറ്റ് രണ്ട് നേതാക്കളെ കൂടി തടങ്കലിൽ വയ്ക്കാനുള്ള തീരുമാനത്തിലൂടെ കേന്ദ്രം എതിർ ശബ്ദങ്ങളെ ഇല്ലായ്മ ചെയ്യുകയാണ്’’ -മുൻ മുഖ്യമന്ത്രി കൂടിയായ ഒമർ അബ്ദുള്ള പറഞ്ഞു. പുതിയ ഉത്തരവ് പ്രകാരം സബ് ജയിലായി നിശ്ചയിച്ച ശ്രീനഗറിലെ ഔദ്യോഗിക വസതിയിൽ തടവിലാക്കുമെന്നാണ് സൂചന.