ന്യൂഡൽഹി: സുപ്രീംകോടതി ജഡ്ജിക്കെതിരെ അപവാദ പ്രചാരണം നടത്തിയതിന് മുതിർന്ന അഭിഭാഷകരും അഭിഭാഷക സംഘടനാ നേതാക്കളുമായ മൂന്ന് പേർക്ക് സുപ്രീംകോടതി മൂന്നു മാസത്തെ തടവശിക്ഷ വിധിച്ചു
സുപ്രീംകോടതിയിലെ അഭിഭാഷകരായ വിജയ് കുർല (മഹാരാഷ്ട്ര ഗോവാ ബാർ അസോസിയേഷൻ പ്രസിഡന്റ്), റാഷിദ് ഖാൻ (ഹ്യൂമൻ റൈറ്റ്സ് ആൻഡ് സെക്യൂരിറ്റി കൗൺസിൽ ദേശീയ സെക്രട്ടറി), നിലേഷ് ഒജാ (ഇന്ത്യൻ ബാർ അസോസിയേഷൻ പ്രസിഡന്റ് ) എന്നിവരെയാണ് കോടതിയലക്ഷ്യക്കേസിൽ ശിക്ഷിച്ചത്. രണ്ടായിരം രൂപ പിഴയും അടയ്ക്കണം.
ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ 16 ആഴ്ചയ്ക്ക് ശേഷം ശിക്ഷ ഏറ്റുവാങ്ങിയാൽ മതിയാകുമെന്ന് ജസ്റ്റിസ് ദീപക് ഗുപ്ത അദ്ധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. 16 ആഴ്ചയ്ക്ക്ശേഷം അഭിഭാഷകർ ഹാജരായില്ലെങ്കിൽ വാറണ്ട് പുറപ്പെടുവിക്കുമെന്നും കോടതി അറിയിച്ചു.
പ്രശ്ന കാരണം
മുംബയിലെ മലയാളി അഭിഭാഷകൻ മാത്യൂസ് നെടുമ്പാറയ്ക്ക് കഴിഞ്ഞ വർഷം മാർച്ചിൽ റോഹിന്റൻ എഫ്. നരിമാൻ ഉൾപ്പെട്ട ബെഞ്ച് മൂന്ന് മാസം തടവുശിക്ഷ വിധിച്ചിരുന്നു. മുതിർന്ന അഭിഭാഷകരുടെ സ്ഥാനപ്പേരുമായി ബന്ധപ്പെട്ട കേസിൽ ജഡ്ജിമാരെ ഭീഷണിപ്പെടുത്തിയെന്നതായിരുന്നു കുറ്റം.
എന്നാൽ മാത്യൂസിന് തന്റെ ഭാഗം ന്യായീകരിക്കാൻ അവസരം നൽകിയില്ലെന്ന് ആരോപിച്ച് അഡ്വ. വിജയ് കുർല കോടതിയെ സമീപിച്ചെങ്കിലും ഹർജി തള്ളി. ഇതോടെ കോടതി നടപടിയെയും ജഡ്ജിയെയും അപമാനിപ്പിക്കുന്ന തരത്തിൽ അഭിഭാഷകർ പ്രതികരിച്ചു. കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.