വാഷിംഗ്ടൺ ഡിസി։ കൊവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള അമേരിക്കൻ ഭരണകൂടം പരാജയപ്പെട്ടെന്ന് മുൻ പ്രസിഡന്റ് ബറാക്ക് ഒബാമ. ഒരു ഔദ്യോഗിക കോൺഫറൻസ് കോളിനിടെയാണ് ഒബാമ തന്റെ നിലപാട് വ്യക്തമാക്കിയത്. നൂറ്റാണ്ടിലെ ഏറ്റവും മോശം പ്രതിസന്ധിയ്ക്കിടെ രാജ്യത്തെ നന്നായി നയിക്കുന്നതിൽ ഭരണകൂടം പരാജയപ്പെട്ടു. മഹാമാരിയെ നിയന്ത്രിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം വിട്ടുകൊടുക്കുകയായിരുന്നു ട്രംപ് ചെയ്തത്. ഇപ്പോൾ ഒരു മികച്ച ഭരണകൂടത്തിന്റെ അഭാവമാണ് രാജ്യം നേരിടുന്നത് - ഒബാമ പറഞ്ഞു.
കൊവിഡ് പ്രതിരോധത്തിനായി ട്രംപ് ഭരണകൂടം അവലംബിച്ച രീതികളെ സമ്പൂർണ ദുരന്തമെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. മറ്റുള്ളവർക്ക് എന്ത് സംഭവിച്ചാലും പ്രശ്നമില്ല തനിയ്ക്ക് വ്യക്തിപരമായി എന്ത് നേട്ടമാണ് ഉണ്ടാകുക എന്നാണ് ട്രംപ് ആലോചിക്കുന്നതെന്ന് ഒബാമ കുറ്റപ്പെടുത്തി.
നവംബറിൽ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കൊവിഡ് പ്രതിരോധത്തിലുണ്ടായ വീഴ്ച വിലയിരുത്തപ്പെടാൻ സാദ്ധ്യതയുണ്ട്. ഇത് ട്രംപിന് പ്രതികൂലമാകും. തിരഞ്ഞെടുപ്പിൽ ട്രംപിനെതിരെ മത്സരിക്കുന്ന ഡെമോക്രാറ്റ് സ്ഥാനാർത്ഥി ജോ ബൈഡന്റെ പ്രചാരണത്തിന് എല്ലാവരുടേയും സഹകരണം ഉറപ്പാക്കണമെന്നും ഒബാമ ആവശ്യപ്പെട്ടു.