ന്യൂഡൽഹി: കൊവിഡ് രോഗവ്യാപനം രൂക്ഷമായ പത്തു സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം വിദഗ്ദ്ധ സംഘത്തെ അയയ്ക്കും. ഗുജറാത്ത്, തമിഴ്നാട്, ഉത്തർപ്രദേശ്, ഡൽഹി, രാജസ്ഥാൻ, മദ്ധ്യപ്രദേശ്, പഞ്ചാബ്, പശ്ചിമബംഗാൾ, ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലേക്കാണ് കേന്ദ്ര സംഘമെത്തുക. ആരോഗ്യമന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥർ, ജൂനിയർ സെക്രട്ടറി തലത്തിലുള്ള നോഡൽ ഓഫീസർ, പൊതുജനാരോഗ്യവിദഗ്ദ്ധൻ എന്നിവരാണ് സംഘത്തിലുണ്ടാകുക
സംസ്ഥാനങ്ങളിലെ രോഗവ്യാപനം തടയാനുള്ള പ്രവർത്തനങ്ങൾക്ക് ആവശ്യമായ സഹായം കേന്ദ്ര സംഘം നൽകും. നേരത്തെ ഈ സംസ്ഥാനങ്ങളിലെ കൊവിഡ് ഹോട്ട് സ്പോട്ടുകളായ 20 ജില്ലകളിലേക്ക് 20 അംഗ സംഘത്തെ കേന്ദ്ര ആരോഗ്യമന്ത്രാലയം അയച്ചിരുന്നു.
ഗുജറാത്തിലെയും മഹാരാഷ്ട്രയിലെയും ഉയർന്ന മരണനിരക്കിൽ കേന്ദ്രം ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.