ന്യൂഡൽഹി: മതവിദ്വേഷ കേസിൽ അറസ്റ്റ് ചെയ്യുന്നതിൽ നിന്ന് റിപ്പബ്ലിക് ടി.വി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്ക് സുപ്രീംകോടതി നൽകിയ ഇടക്കാല സംരക്ഷണം ദീർഘിപ്പിച്ചു. പാൽഘർ ആൾകൂട്ടക്കൊലയെക്കുറിച്ചും ബാന്ദ്രയിലെ പ്രതിഷേധത്തെക്കുറിച്ചും അർണബിനെതിരായ എഫ്.ഐ.ആറിൻമേലുള്ള അന്വേഷണം സി.ബി.ഐക്ക് കൈമാറണമെന്ന ഹർജിയിൽ തീർപ്പാകുന്നത് വരെയാണ് ഇടക്കാല സംരക്ഷണം നീട്ടിയിരിക്കുന്നത്.
ജസ്റ്റിസുമാരായ ഡി.വൈ ചന്ദ്രചൂഡ്, എം.ആർ. ഷാ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് തീരുമാനം. വീഡിയോ കോൺഫറൻസ് വഴിയായിരുന്നു കോടതി നടപടികൾ. അർണബ് ഗോസ്വാമി പൊലീസിനെ വിരട്ടുന്നുവെന്ന് ആരോപിച്ചുള്ള മഹാരാഷ്ട്ര സർക്കാരിന്റെ ഹർജിയും കോടതിയുടെ പരിഗണനയിലാണെന്ന് മറക്കേണ്ടെന്ന് സുപ്രീംകോടതി ബെഞ്ച് പരാമർശിച്ചു.
മാദ്ധ്യമപ്രവർത്തകനെതിരെ ഒരു രാഷ്ട്രീയ പാർട്ടിയുടെ നീക്കമാണിതെന്ന് അർണബിന് വേണ്ടി ഹാജരായ അഭിഭാഷകൻ ഹരീഷ് സാൽവേ വാദിച്ചു. അർണബിനെ ചോദ്യം ചെയ്യലിനുണ്ടായിരുന്ന രണ്ട് പൊലീസുകാരിൽ ഒരാൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചതെന്നും എന്നാൽ അർണബിന്റെ പരിശോധന ഫലം നെഗറ്റീവാണെന്നും സാൽവേ കോടതിയെ അറിയിച്ചു. പാൽഘർ ആൾകൂട്ടക്കൊലയെക്കുറിച്ചും ബാന്ദ്രയിലെ പ്രതിഷേധത്തെക്കുറിച്ചും ടി.വി പരിപാടിയിൽ അർണബ് നടത്തിയ പരാമർശങ്ങളിലാണ് കേസെടുത്തത്.വിദ്വേഷ പ്രചരണം, വർഗീയ പരാമർശം, കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്കെതിരായ അപകീർത്തി പരാമർശം എന്നീ കുറ്റങ്ങൾളാണ് അർണബിന് മേൽ ചുമത്തിയിരിക്കുന്നത്.