തിരുവനന്തപുരം: സാമൂഹ്യഅകലവും ലോക്ക് ഡൗൺ ചട്ടങ്ങളും പാലിച്ച് മദ്യം വില്ക്കുന്നതിന് പുതിയ സോഫ്റ്റ്വെയറും മൊബൈൽ ആപ്പും തയ്യാറാക്കാൻ ബെവ്കോ ശ്രമം തുടങ്ങി. ശബരിമലയിലെ വെർച്വൽക്യു മാതൃകയാണ് പ്രചോദനം. ഇതേ മാതൃകയിൽ ഒരെണ്ണം ഒരുക്കാനാണ് സ്റ്റാർട്ടപ്പ് മിഷനും ബെവ്കോയുടെ സാങ്കേതിക പങ്കാളികളായ കമ്പനിക്കും നിർദ്ദേശം നൽകിയത്. ഇനി തീരുമാനമെടുക്കേണ്ടത് സർക്കാരാണ്. മദ്യം ഒാൺലൈനിലും വില്ക്കാമെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്. അത് നടപ്പാക്കാൻ തീരുമാനിച്ചാൽ തങ്ങൾ റെഡിയെന്ന മട്ടിലാണ് ബെവ്കോയുടെ ഒരുക്കങ്ങൾ. എന്നാൽ, ഇതിന്റെ സാദ്ധ്യതാപഠനം നടത്തിയിട്ടില്ല. 17ന് ലോക്ക് ഡൗൺ തീരുന്നതോടെ ബെവ്കോ ഒൗട്ട്ലെറ്റുകൾ തുറക്കാനാകുമെന്നാണ് പ്രതീക്ഷ. അപ്പോൾ ഉണ്ടായേക്കാവുന്ന അനിയന്ത്രിതമായ തിരക്ക് ഒഴിവാക്കുകയാണ് മൊബൈൽ ആപ്പിന്റെ മുഖ്യ ലക്ഷ്യം. 30 സ്റ്റാർട്ടപ്പ് കമ്പനികൾ താത്പര്യമറിയിച്ച് വന്നിട്ടുണ്ട്. കൊച്ചി, ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിൽ നിന്നുള്ള മൂന്ന് കമ്പനികൾക്കാണ് ബെവ്കോ പ്രഥമ പരിഗണന നൽകുന്നത്. ഇതിൽ തീരുമാനമെടുക്കുന്നതിന് ഒരു സാങ്കേതിക സമിതി രൂപീകരിച്ചിട്ടുണ്ട്. സാമൂഹിക അകലം പാലിച്ച് വ്യത്യസ്ത സമയത്ത് മദ്യം വാങ്ങുന്നതിനുള്ള ടോക്കൺ വിതരണം ചെയ്യാനുള്ള സംവിധാനമാണ് ആലോചിക്കുന്നത്. ഇതിനായി മൊബൈൽ ആപ്പ് ഉപയോഗിക്കും. ടോക്കണിലെ ക്യൂ ആർ കോഡ് ബിവറേജസ് ഷോപ്പിൽ സ്കാൻ ചെയ്തശേഷം മദ്യം നൽകാമെന്നാണ് ധാരണ. സ്മാർട്ട് ഫോൺ ഇല്ലാത്തവർക്ക് എസ്.എം.എസ് വഴി മദ്യം നൽകാനുള്ള സാദ്ധ്യതയും പരിശോധിക്കുന്നുണ്ട്. എന്നാൽ, മദ്യമേഖലയിൽ വെർച്വൽ ക്യൂ സംവിധാനം ഇതുവരെ നടപ്പാക്കിയിട്ടില്ലാത്തതിനാൽ ഇതിന്റെ പ്രായോഗികത സംബന്ധിച്ച് ബെവ്കോയ്ക്ക് അവ്യക്തതയുണ്ട്.