കരട് മാർഗരേഖയുമായി പേഴ്സൺ മന്ത്രാലയം
ന്യൂഡൽഹി: വിവിധ മന്ത്രിലായങ്ങളടക്കം കേന്ദ്ര സർക്കാർ ഓഫീസുകളിൽ ലോക്ക് ഡൗൺ കാലത്ത് തുടങ്ങിവച്ച വർക്ക് ഫ്രം ഹോം സംവിധാനം ലോക്ക് ഡൗണിനു ശേഷവും തുടരാമെന്ന നിർദേശവുമായി പേഴ്സണൽ മന്ത്രാലയം.
ഇ- ഓഫീസ് സമ്പ്രദായം വിപുലീകരിക്കുന്നതിൻ്റെ ഭാഗമായാണ് വർഷത്തിൽ 15 ദിവസം നിർബന്ധമായും വീട്ടിലിരുന്ന് ജോലി ചെയ്യുന്ന സംവിധാനം നടപ്പിലാക്കുന്നതിന് കരട് മാർഗരേഖ തയാറാക്കുന്നത്. 21ന് അകം വിവിധ മന്ത്രാലയങ്ങളോട് അഭിപ്രായം തേടിയിട്ടുണ്ട്.നിലവിൽ 75 ശതമാനം മന്ത്രാലയങ്ങളിലും ഇ - ഓഫീസ് സമ്പ്രദായമുണ്ട്. അതിൽ തന്നെ 57 ഓഫീസുകളിൽ 80 ശതമാനത്തിലേറെ ജോലികളും ഇ - പ്ലാറ്റ്ഫോമിലൂടെയാണ്
ലാപ്ടോപ് നൽകും
വീട്ടിലിരുന്ന് കാര്യക്ഷമമായി ജോലിചെയ്യുന്നതിനാവശ്യമായ സാങ്കേതിക സഹായങ്ങൾ നൽകുമെന്നും കരട് മാർഗരേഖയിൽ പറയുന്നു. രാജ്യത്ത് 48.34 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാരാനുള്ളത്. വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ദിവസത്തേക്ക് ലാപ്ടോപ്പുകൾ അതത് ഓഫീസുകളിൽ നിന്ന് ജോലി കഴിഞ്ഞാൽ അടുത്ത ദിവസം തിരികെ എത്തിക്കണമെന്ന വ്യവസ്ഥയിൽ നൽകും. ഇൻ്റർനെറ്റിനായി ചെലവാകുന്ന തുകയും നൽകും. സ്വന്തം കമ്പ്യൂട്ടറിലാണ് ജോലി ചെയ്യുന്നതെങ്കിൽ വൈറസ് ഇല്ലെന്ന് ഉറപ്പ് വരുത്തണം.വീഡിയോ കോൺഫയറൻസിംഗ് വഴി ഓഫീസുമായി ബന്ധപ്പെടാം.
ഒരു വിഭാഗത്തിൽ നിന്ന് അടുത്ത വിഭാഗത്തിലേക്ക് ഫയലുകൾ കൈമാറുമ്പോൾ മേലുദ്യോഗസ്ഥനെ എസ്.എം.എസിലൂടെ അറിയിക്കണം. എന്നാൽ, അതീവ രഹസ്യ സ്വഭാവത്തോടെ കൈകാര്യം ചെയ്യേണ്ട ഫയലുകളുമായി ബന്ധപ്പെട്ട ജോലികൾ വീട്ടിലിരുന്ന് ചെയ്യാൻ അനുവദിക്കില്ല. വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ എപ്പോഴും ഫോണിൽ ലഭ്യമായിരിക്കണം.