ഹൈദരാബാദ് : കഴിഞ്ഞ ദിവസങ്ങളിൽ ടിക് ടോക്കിൽ വൈറലായ ഒരു മലയാളം വീഡിയോ ട്വിറ്ററിൽ ഷെയർ ചെയ്തിരിക്കുകയാണ് ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസ. കോഴിക്കോട് സ്വദേശികളായ എം.കെ. ബിനീഷും സഹോദരൻ ജോബിനുമാണ് ഈ വിഡിയോയിലെ പ്രധാന കഥാപാത്രങ്ങൾ. ഒപ്പം കൗതുകമുള്ള ഒരു പേരായി സാനിയ മിർസയും ഈ കൊറോണക്കാലത്തെ ‘സൂപ്പർതാര’മായ സാനിറ്റൈസറുമുണ്ട്.
സാനിറ്റൈസർ എന്ന് പറയുന്നതിന് സാധാരണ മലയാളി നേരിടുന്ന ബുദ്ധിമുട്ടുകളാണ് ഈ വിഡിയോയുടെ കാതൽ. കടയിൽ സാധനം വാങ്ങാനെത്തുന്ന ഒരാൾ സാനിറ്റൈസർ എന്നതിനു പകരം ‘സാനിയ മിർസയുടെ ട്രൗസർ’ എന്ന് എഴുതിക്കൊണ്ടുവന്നതും കടക്കാരൻ അതു തിരുത്തുന്നതുമാണ് വിഡിയോ.
ഏതാനും ദിവസങ്ങൾക്കു മുൻപാണ് ഇരുവരും ഈ വിഡിയോ ടിക് ടോക്കിൽ പങ്കുവച്ചത്. ഈ വിഡിയോ കണ്ട അനിൽ തോമസ് എന്നയാൾ അതെടുത്ത് ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. കൂട്ടത്തിൽ സാനിയ മിർസയെ ടാഗും ചെയ്തു. എന്തായാലും വിഡിയോ കണ്ട സാനിയ ചിരിക്കുന്ന ഇമോജി സഹിതം വിഡിയോ തന്റെ ഔദ്യോഗിക അക്കൗണ്ടിലും പങ്കുവയ്ക്കുകയായിരുന്നു.