SignIn
Kerala Kaumudi Online
Friday, 14 August 2020 11.51 AM IST

നൂ​റ്റാണ്ടു പിന്നിട്ട സംഘശക്തി

sndp

കേരളനവോത്ഥാനചരിത്രത്തിലെ നാഴികക്കല്ലായ ശ്രീനാരായണധർമ്മപരിപാലനയോഗം രൂപീകൃതമായിട്ട് 117 വർഷം പൂർത്തിയായിരിക്കുന്നു.ചാതുർവർണ്യവ്യവസ്ഥിതിയാൽ മനുഷ്യത്വം നിഷേധിക്കപ്പെട്ട ഭൂരിപക്ഷജനവിഭാഗങ്ങൾക്ക് ആദ്ധ്യാത്മികവും ഭൗതികവുമായ കരുത്തുനൽകി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കാനാണ് 1903 മേയ് 15ന് കമ്പനിനിയമപ്രകാരം എസ്.എൻ.ഡി.പി യോഗം സ്ഥാപിതമായത്. ആധുനിക കേരളത്തിന്റെ അടിസ്ഥാനശിലയെന്ന് വിശേഷിപ്പിക്കാവുന്ന 1888ലെ അരുവിപ്പുറം ശിവലിംഗ പ്രതിഷ്ഠയോടനുബന്ധിച്ച് ശ്രീനാരായണഗുരുദേവൻ പുറപ്പെടുവിച്ച 'ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സർവരും സോദരത്വേനവാഴുന്ന മാതൃകാസ്ഥാന'മെന്ന നയപഖ്യാപനത്തിന്റെ സത്യസാക്ഷാത്കാരം കൂടിയാണ് എസ്.എൻ.ഡി.പി യോഗം.


ശ്രീനാരായണഗുരുവിനുവേണ്ടി കുമാരനാശാൻ പേരുവെച്ചയച്ച ഒരു ക്ഷണക്കത്തിന്റെ അടിസ്ഥാനത്തിൽ ഏതാനും ഈഴവ പ്രമാണിമാർ 1902 ഡിസംബറിൽ തിരുവനന്തപുരത്തെ കമലാലയം ബംഗ്ലാവിലും പിന്നീട് 1903 ജനുവരി 7ന് അരുവിപ്പുറത്തും യോഗംചേർന്ന് അരുവിപ്പുറം ''വാവൂട്ട് യോഗം'' കേരളത്തിലാകെ പ്രവർത്തനമേഖലയുള്ള ശീനാരായണ ധർമ്മ പരിപാലന യോഗമാക്കി വളർത്താൻ തീരുമാനിക്കുകയായിരുന്നു.
ഗുരുദേവദർശനം പ്രചരിപ്പിക്കുക, ഈഴവ സമുദായത്തിൽ ലൗകീകവും വൈദീകവുമായുള്ള വിദ്യാഭ്യാസവും വ്യവസായശീലവും പ്രോത്സാഹിപ്പിക്കുക , സന്യാസ മഠങ്ങളും വിദ്യാഭാസ സ്ഥാപനങ്ങളും സ്ഥാപിക്കുക തുടങ്ങിയവയായിരുന്നു മുഖ്യലക്ഷ്യങ്ങൾ. ശ്രീനാരായണഗുരുദേവൻ സ്ഥിരാദ്ധ്യക്ഷനും മഹാകവി കുമാരനാശാൻ ജനറൽ സെക്രട്ടറിയും ഡോ.പൽപ്പു ഉപാദ്ധ്യക്ഷനുമായാണ് സംഘടനപ്രവർത്തനം ആരംഭിച്ചത്. പിന്നീട് ടി.കെ. മാധവൻ,സി.കേശവൻ,സഹോദരൻ അയ്യപ്പൻ,ആർ.ശങ്കർ തുടങ്ങി പല മഹാത്മാക്കളും യോഗനേതൃത്വം ഏ​റ്റെടുത്തു.


117 വർഷത്തിനുള്ളിൽ യോഗത്തിന്റെ പ്രഖ്യാപിതലക്ഷ്യങ്ങളിൽ ഏറെയും കൈവരിക്കാനായി എന്ന് അഭിമാനിക്കാമെങ്കിലും വർത്തമാനകാലത്തിൽ ഏറെ മുന്നേറാനുമുണ്ട്. അധകൃതരുടെ ഉന്നമനത്തിന് ശ്രീനാരായണഗുരുവഹിച്ച പങ്ക് ഗാന്ധിജിയുടെ പ്രവർത്തനങ്ങളോളം പ്രാധാന്യമുള്ളതാണെന്ന് റൊമയിൻ റോളണ്ട് എന്ന ചരിത്രകാരൻ രേഖപ്പെടുത്തിയിട്ടുണ്ട്.യോഗം സ്ഥാപിതമാകുന്നതിന് മുമ്പേ ഈഴവസമുദായത്തിന്റെ വിദ്യാലയപ്രവേശനത്തിനും സർക്കാർ സർവീസിലെ പങ്കാളിത്വത്തിനുമായി ഡോ.പൽപ്പുവാണ് പോരാട്ടം തുടങ്ങിയത്.


സമുദായത്തിന്റെ അവശതകളും കാലാകാലങ്ങളിലെ ആവശ്യങ്ങളും അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിൽ ജനറൽ സെക്രട്ടറി കുമാരനാശാനും ശ്രദ്ധിച്ചു.1915 ൽ ദേശാഭിമാനി പത്രം സ്ഥാപിച്ചുകൊണ്ടാണ് സമുദായകാര്യങ്ങളിലും രാഷ്ട്രീയകാര്യങ്ങളിലുംശക്തമായി ഇടപെട്ട് ടി.കെ.മാധവന്റെ വരവ്. യോഗം ഡയറക്ടർ ബോർഡ് അംഗം, അസി. സെക്രട്ടറി, സംഘടനാസെക്രട്ടറി പദവികളിൽ അദ്ദേഹം തിളങ്ങി.ടി.കെ.യുടെ കാലഘട്ടത്തെ സംഘടനാകാലഘട്ടം എന്നാണ് അറിയപ്പെടുന്നത്.


നിയമനിർമാണ സഭകളിൽ ഈഴവർക്ക് ജനസംഖ്യാനുപാതികമായപ്രാതിനിധ്യം ,പബ്ലിക് സർവീസിലെപ്രാതിനിത്യം, അവർണഹിന്ദുക്കൾക്കും അഹിന്ദുക്കൾക്കും പട്ടാളനിയമനത്തിൽ ഏർപ്പെടുത്തിയിരുന്ന വിലക്ക് തുടങ്ങിയ ജനകീയപ്രശ്‌നങ്ങൾ ഏ​റ്റെടുത്ത് രംഗപ്രവേശം ചെയ്ത സി.കേശവനാണ് പിന്നീട് എസ്.എൻ.ഡി.പി യോഗത്തെ നയിച്ചത്. സ്​റ്റേ​റ്റ് കോൺഗ്രസ് രൂപീകരിച്ച് തുടങ്ങിയ പ്രക്ഷോഭങ്ങൾ സി.കേശവനെ തിരുവിതാംകൂറിലെ ആദ്യത്തെ ജനകീയ മന്ത്റിസഭയിൽ അംഗമായും 1951 ൽ തിരുക്കൊച്ചി സംസ്ഥാനത്തെ മുഖ്യമന്ത്റിയായും അവരോധിച്ചു.എസ്.എൻ.ഡി.പി യോഗത്തിന്റെ പേരിൽ ആദ്യത്തെ അവകാശപ്രഖ്യാപനസമ്മേളനം സംഘടിപ്പിച്ചാണ് സഹോദരൻ അയ്യപ്പൻ സംഘടാകശേഷി തെളിയിച്ചത്. സർ.സി.പിക്ക് എതിരായിരുന്ന പ്രക്ഷോഭത്തിൽനിന്ന് ക്രിസ്തീയ, മുസ്ലീം സംഘടനകൾ പിന്മാറിയപ്പോൾ യോഗം ധീരമായി മുന്നോട്ടുപോയി. 1944 ആയപ്പോഴേക്കും യോഗത്തിന്റെ ഭരണനേതൃത്വം മഹനായ ആർ.ശങ്കറിന്റെ കരങ്ങളിലെത്തിച്ചേർന്നു.യോഗത്തിന്റെ ശക്തിയും ശ്രദ്ധയും വിദ്യാഭ്യാസവിഷയത്തിലേക്ക് കേന്ദ്രീകരിക്കാൻ അദ്ദേഹം ശ്രമിച്ചു. ഈഴവ സമുദായത്തിന് വിദ്യാദേവതയുടെ ശ്രീകോവിലുകൾ തുറന്നുകൊടുക്കാൻ ഒരുദിവസം കൊണ്ട് ഒരുലക്ഷംരൂപയിലധികം സമാഹരിച്ച് കൊല്ലത്ത് 1948 ൽ പ്രവർത്തനം തുടങ്ങിയ ശ്രീനാരായണ കോളേജ് ഈഴവസമുദായത്തിന്റെ ആദ്യത്തെ ഉന്നതവിദ്യാഭ്യാസകേന്ദ്രമായി. യോഗത്തിന്റെ വിദ്യാഭ്യാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് 1952 ൽ എസ്.എൻ.ട്രസ്​റ്റ് രൂപീകരിച്ചു.


1973 ൽ എൻ.ശ്രീനിവാസൻ പ്രസിഡന്റും,പി.എസ്.വേലായുധൻ ജനറൽ സെക്രട്ടറിയുമായി തിരഞ്ഞെടുക്കപ്പെട്ടതോടെ സാമ്പത്തിക സംവരണത്തിനെതിരെയടക്കം ജനകീയസമരങ്ങൾ പുനരാരംഭിച്ചു.


1996ൽ നിലവിൽവന്ന ഇപ്പോഴത്തെ നേതൃത്വം രാഷ്ട്രീയത്തിൽ എല്ലാവരും സമുദായത്തോട് ആത്മബന്ധം പുലർത്തുവാൻ ആവശ്യമായ ക്രിയാത്മകപരിപാടികൾ ആസൂത്രണം ചെയ്തു. മ​റ്റ് മതവിഭാഗങ്ങൾ സംഘടിതരായി പ്രവർത്തിക്കുന്നതുകൊണ്ട് സാമൂഹ്യമായും സാമ്പത്തികമായും ബൗദ്ധികമായും അവർകൈവരിച്ച നേട്ടങ്ങളുടെ കൃത്യമായ കണക്കുകൾ പ്രസിദ്ധീകരിച്ച് ഈഴവരെ ബോധവത്കരിക്കാനായി. ഊർജസ്വലരായ സമുദായഅംഗങ്ങളെ ആവേശഭരിതമാക്കുന്ന ധാരാളം കർമ്മപരിപാടികാളാണ് പിന്നീട് കേരളംകണ്ടത്. തികഞ്ഞ ആസൂത്രണപാടവത്തിലൂടെ ലക്ഷ്യബോധവും, കെട്ടുറപ്പുമുള്ള സംഘടനയായി യോഗത്തെ വാർത്തെടുത്തു.വിദ്യാഭ്യാസ സ്ഥാപനങ്ങൾ, താഴെത്തട്ടിലെ അംഗങ്ങളുടെ പ്രത്യേകിച്ച് സ്ത്രികളുടെ സാമ്പത്തിക അടിത്തറ വികസിപ്പിക്കുന്നതിനുള്ള പുതിയ പദ്ധതികൾ, വ്യാപാരവ്യവസായ സ്ഥാപനങ്ങൾ എന്നിങ്ങനെ പലതും എസ്.എൻ.ഡി.പി യോഗത്തിന്റെ അധീനതയിൽ ചേർക്കപ്പെട്ടു.പുതിയ നിരവധി പോഷകസംഘടനകളുടെ രൂപീകരണവും നിലവിലുള്ളവയുടെ ശാക്തികരണവും ഈ കാലഘട്ടത്തിലെ വലിയമുന്നേ​റ്റങ്ങളായി.10 ലക്ഷത്തിൽനിന്ന് 30 ലക്ഷത്തിലധികമായി അംഗസംഖ്യ വർദ്ധിച്ചു.സംസ്ഥാനത്തിന്റെ അതിർത്തി കടന്നാൽ താൻ ഈഴവനാണെന്ന് പറയാൻ മടിച്ചിരുന്നവർ ഇന്ന് ആത്മാഭിമാനികളും സ്വത്വബോധമുള്ളവരുമായി.നെഞ്ചത്ത് കൈവച്ച് ഞാൻ ചേകവരക്തധാരിയായ ഈഴവൻ എന്ന് അഭിമാനത്തോടെ പറയാൻ ആർക്കും മടിയില്ല.അതിനുള്ള ആത്മവിശ്വാസം സൃഷ്ടിച്ചുനല്കി എന്നതാണ് ഇന്നത്തെ നേതൃത്വത്തിന്റെ ഏ​റ്റവും വലിയനേട്ടം.

എസ്.എൻ.ഡി.പി യോഗത്തിന് ലോകത്താകമാനം ഒരു മേൽവിലാസവും സ്വാധീനശക്തിയും സൃഷ്ടിച്ചു എന്നതു മാത്രമല്ല, പലരും ബാലികേറാമലയായി കരുതപ്പെട്ടിരുന്ന പാർട്ടി ഗ്രാമങ്ങളിലും, പാർട്ടി വേരോട്ടമുള്ള സ്ഥലങ്ങളിലും സംഘടയ്ക്ക് ശക്തമായ സ്വാധീനമുണ്ടായി.ശ്രീനാരായണധർമ്മം സൃഷ്ടിച്ച സാമൂഹ്യചലനങ്ങളിലൂടെ രൂപപ്പെട്ട കേരളത്തിലെ മതേതര മാനവസംസ്‌കാരം മതതീവ്രവാദത്താൽ വെല്ലുവിളി നേരിടുന്ന സാഹചര്യത്തിൽ ഗുരുധർമ്മത്തിന്റെ മഹത്വവും ശക്തിയും മനുഷ്യമനസുകളിലെത്തിക്കാൻ ഇനിയുമേറെ യാത്ര ചെയ്യേണ്ടതുണ്ട്.


മുകളിൽ പ്രത്യേകം പരമാർശിച്ച ചിലനേതാക്കൾമാത്രല്ല,പിന്നിട്ടവഴിയിൽ അവിസ്മരണീയമായ ഒട്ടനവധി മഹാത്മാക്കളുടെ പേരുകൾ എഴുതിച്ചേർക്കപ്പെട്ടിട്ടുള്ള സമരസംഘടനയാണ് എസ്.എൻ.ഡി.പി യോഗം. സി.വി. കുഞ്ഞുരാമൻ,പത്രാധിപർ കെ.സുകുമാരൻ,വി.കെ.വേലായുധൻ,എം.ഗോവിന്ദൻ,എൻ.കുമാരൻ,സി.കൃഷ്ണൻ അങ്ങനെ നീണ്ടനിരതന്നെയുണ്ട്.യോഗത്തിന്റെ ചരിത്രത്തിൽ ഈ മഹത്തുക്കളുടെ സേവനങ്ങളൊന്നും ഒരുകാലഘട്ടത്തിലൊതുങ്ങിനിന്നതല്ല.ഓരോ കാലത്തും ഓരോരുത്തരുടേയും സംഭാവനകൾ മികച്ചതായിരുന്നു. അതത് ഘട്ടങ്ങളിൽ അവരുടെ നിരുപമമായ സേവനങ്ങൾ ഉണ്ടായില്ലായിരുന്നുവെങ്കിൽ ഇന്നത്തെപ്പോലൊരു സുവർണകാലഘട്ടം ഉണ്ടാകുമായിരുന്നില്ലെന്നോർക്കണം.

ഇത് സോഷ്യൽ മീഡിയയുടെ കാലമാണ്. സമുദായത്തെ ഉദ്ധരിക്കാൻ എന്ന മട്ടിൽ വളരെയധികം ഗ്രൂപ്പുകളും, അവയുടെ പ്രവർത്തനങ്ങളും സോഷ്യൽ മീഡിയകളിൽ കാണാൻ സാധിയ്ക്കുന്നുണ്ട്. സ്വാഭാവികമായും ഓരോരുത്തരും അവർ ശരി എന്നു ചിന്തിയ്ക്കുന്ന പ്രത്യയശാസ്ത്രങ്ങളിലൂടെ, അതിന്റെ പ്രവർത്തന രീതിയിലൂടെയും സാമുദായത്തെ ഉദ്ധരിക്കാനാണ് ലക്ഷ്യമിടുന്നത്.സമുദായ ഐക്യത്തിനും, ഉന്നമനത്തിനും വേണ്ടി സമുദായാചാര്യന്റെ പേരിൽ ഒരു സംഘടനയുണ്ട്, അതിനൊരു തിരഞ്ഞെടുക്കപ്പെട്ട നേതൃത്വവുമുണ്ട്. നിലവിൽ അവർ തീരുമാനിയ്ക്കുന്നതാണ് സമുദായത്തിന്റെ അഭിപ്രായമായി പുറത്തറിയേണ്ടത്. യോഗം പ്രവർത്തകരിൽ കമ്മ്യൂണിസ്​റ്റുകളും, കോൺഗ്രസുകാരും, ബി.ജെ.പി ക്കാരും, ആർ.എസ്.എസ് കാരുമൊക്കെയുണ്ട്. എന്നാൽ നമ്മൾ സംഘടിത രഷ്ട്രീയവിലപേശൽ ശക്തിയായി,സമുദായത്തിന്റെ ന്യായവും, നിയമപരവുമായ അവകാശങ്ങൾക്ക് വേണ്ടി മാത്രമാണുപൊരുതാൻ ആഗ്രഹിക്കുന്നത്. രാഷ്ട്രീയത്തിൽ നിതാന്തമായ ശത്രുവോ, മിത്രമോ ഇല്ലാത്തതിനാലും, എല്ലാവരെയും സ്വാഗതം ചെയ്യുന്നതാണ് സമുദായതാൽപ്പര്യത്തിന് ഉത്തമം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SNDP
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.