SignIn
Kerala Kaumudi Online
Sunday, 09 August 2020 7.59 AM IST

ഭീതിയ്ക്കിടെ അരുംകൊലയും....

chinnakkada
സമ്പൂർണ ലോക്ക് ഡൗണിൽ വിജനമായ കൊല്ലം നഗരഹൃദയമായ ചിന്നക്കട

ലോക്ക് ഡൗൺ നിയന്ത്രണങ്ങൾക്കിടയിലും ജില്ലയെ നടുക്കിയ ഒരു അരുംകൊലയുടെ ചുരുളഴിഞ്ഞതാണ് പോയവാരം കൊല്ലത്തെ പ്രധാന സംഭവം. ഒന്നരമാസം മുമ്പ് കൊല്ലത്ത് നിന്ന് കാണാതായ കൊട്ടിയം മുഖത്തല നടുവിലക്കര ശ്രീവിഹാറിൽ ബ്യൂട്ടിഷ്യൻ പരിശീലകയായ സുചിത്ര (42) യെ സ്നേഹം നടിച്ച് കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത് കോഴിക്കോട് സ്വദേശിയും സംഗീതാദ്ധ്യാപകനുമായ പ്രശാന്ത് (32) ആണ്. ക്രൈംബ്രാഞ്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രശാന്ത് സുചിത്രയെ പാലക്കാട്ടെ വാടകവീട്ടിൽ കൊണ്ടുപോയി കൊലപ്പെടുത്തി മൃതദേഹം വീട്ടുവളപ്പിൽ കുഴിച്ചിട്ടതായി കണ്ടെത്തി. വിവാഹമോചിതയായി കഴിഞ്ഞ സുചിത്ര പ്രശാന്തിന്റെ ഭാര്യയുടെ സുഹൃത്തായിരുന്നു. പ്രശാന്ത് അവരെ പരിചയപ്പെടുന്നത് കൊല്ലത്തെ ഭാര്യവീട്ടിൽ വച്ചാണ്. ആ ബന്ധം ഭാര്യ അറിയാതെ വളർന്നു. ഭാര്യ കൊല്ലത്തെ വീട്ടിലായിരുന്ന ദിവസം പ്രശാന്ത് സുചിത്രയുമായി കാറിൽ പാലക്കാട്ടേക്ക് പോയി. സുചിത്രയ്ക്ക് മറ്റൊരാളുമായി അടുപ്പം ഉണ്ടെന്ന സംശയവും ചില സാമ്പത്തിക ഇടപാടുകളുമാണ് പ്രശാന്തിൽ സംശയവും പകയും വളർത്തിയതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. പാലക്കാട്ടെ വാടക വീട്ടിൽ വച്ച് സുചിത്രയെ നീചമായി കൊലപ്പെടുത്തിയ ശേഷം കാലുകൾ മുറിച്ചുമാറ്റുകയും ചെയ്തു. സുചിത്രയെ കാണാതായതായി മാതാവ് പൊലീസിൽ പരാതി നൽകിയെങ്കിലും ആദ്യം പൊലീസ് അതത്ര കാര്യമാക്കിയില്ല. തുടർന്ന് മാതാവ് ഹൈക്കോടതിയിൽ നൽകിയ ഹേബിയസ് കോർപ്പസ് ഹർജിയെ തുടർന്നാണ് ക്രൈബ്രാഞ്ച് അന്വേഷണം ഊർജ്ജിതമാക്കിയതും പ്രശാന്തിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതും അരും കൊലയുടെ ചുരുളഴിഞ്ഞതും. പാലക്കാട്ടെ വാടകവീട്ടിൽ പ്രശാന്തിനെ എത്തിച്ചാണ് മൃതദേഹം മറവ് ചെയ്ത സ്ഥലം കണ്ടെത്തിയത്. കൊല്ലം ക്രൈംബ്രാഞ്ച് എ.സി.പി ബി.ഗോപകുമാറിന്റെ നേതൃത്വത്തിൽ കേസന്വേഷണം പുരോഗമിക്കുകയാണ്.

കൊവിഡ് ഭീതി ഒഴിയുന്നില്ല

ലോകമാകെ ഗ്രസിച്ച കൊവിഡ് 19 ഭീതിയിൽ നിന്ന് ജില്ല ഇനിയും മുക്തമായിട്ടില്ല. മറ്റു ജില്ലകളെ അപേക്ഷിച്ച് പോസിറ്റീവ് രോഗികളുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും 3 പേർ ഇപ്പോഴും പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുകയാണ്. ഇവരിൽ നിലമേൽ സ്വദേശികളായ ദമ്പതികൾ നിസാമുദ്ദീനിലെ തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് മുംബെയിലും പോയശേഷം നാട്ടിലെത്തി കൊവിഡ് സ്ഥിരീകരിച്ചവരാണ്. പ്രാക്കുളം സ്വദേശിനിയായ വീട്ടമ്മയാണ് മൂന്നാമത്തെയാൾ. ഇവർ മൂവരും 40 ദിവസത്തിലേറെയായി ആശുപത്രിയിൽ കഴിയുന്നവരാണ്. ഇവരുടെ കൊവിഡ് പരിശോധനാ ഫലം തുടർച്ചയായി നെഗറ്റീവാകുന്നത് ഡോക്ടർമാരെയും ആശങ്കയിലാഴ്തുന്നതാണ്. ജില്ലയിൽ ആകെ 20 പേ‌ർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 17 പേരും രോഗമുക്തി നേടി.

വരാൻ അരലക്ഷം

ജില്ലയിൽ ഒരാഴ്ചയിലേറെയായി പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നില്ലെങ്കിലും ഗൾഫ് അടക്കമുള്ള വിദേശരാജ്യങ്ങളിൽ നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നുമായി ജില്ലയിലേക്ക് വരാൻ കാത്തിരിക്കുന്നത് അരലക്ഷത്തോളം പേരാണ്. ഇവർ എത്തിക്കഴിഞ്ഞാൽ സ്ഥിതി എന്താകുമെന്ന ആശങ്ക ബന്ധപ്പെട്ട അധികൃതർ പങ്ക് വയ്ക്കുന്നുണ്ട്. 28000 പേർ വിദേശത്ത് നിന്നും 8000 പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും ഉടനെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദേശത്ത് നിന്ന് 100 പേരും അയൽ സംസ്ഥാനങ്ങളിൽ നിന്ന് 1500 പേരും ഇതിനകം എത്തിക്കഴിഞ്ഞു. അന്യ സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് യാത്രാ പാസ് നൽകാൻ നോർക്കയും സർക്കാരിന്റെ 'കൊവിഡ് ജാഗ്രത" എന്ന വെബ്സൈറ്റും വഴി രജിസ്ട്രേഷൻ ഏർപ്പെടുത്തിയിട്ടുണ്ട്. നോർക്കയിൽ രജിസ്റ്റർ ചെയ്യുമ്പോൾ കിട്ടുന്ന നമ്പർ ഉപയോഗിച്ച് കൊവിഡ് ജാഗ്രതാ സൈറ്റിലും രജിസ്റ്റർ ചെയ്യുന്നവർക്ക് പാസനുവദിക്കും. എന്നാൽ പലരും ഒരുസൈറ്റിൽ മാത്രം രജിസ്റ്റർ ചെയ്യുന്നതിനാൽ രജിസ്റ്റർ ചെയ്യാതെയും വരുന്നവർ അധികൃതർക്ക് തലവേദന സൃഷ്ടിക്കുകയാണ്. മടങ്ങിവരുന്ന പ്രവാസികൾക്ക് നിരീക്ഷണ സൗകര്യത്തിനായി 360 കേന്ദ്രങ്ങളിലായി 11000 കിടക്കകളും സജ്ജമാക്കിയിട്ടുണ്ട്. ലോക്ക് ഡൗണിന്റെ കർശന നിയന്ത്രണങ്ങളിൽ നിന്ന് ജനജീവിതം സാധാരണ നിലയിലേക്ക് എത്തുന്ന വിധം അയവുകൾ വരുത്തിയിട്ടുണ്ട്.

അഴിമതിക്കഥ

കൊവിഡ് വാർത്തകൾക്കിടെ കൊല്ലം കോർപ്പറേഷനിലെ എൽ.ഇ.ഡി ലൈറ്റുമായി ബന്ധപ്പെട്ട് അഴിമതി ആരോപണം ഉയർന്നത് ഭരണകക്ഷിയായ സി.പി.എം- സി.പി.ഐ ഭിന്നതയിലേക്ക് നയിക്കുന്ന സ്ഥിതിയിലെത്തി. കോർപ്പറേഷൻ പരിധിയിലെ തെരുവ് വിളക്കുകൾ പൂർണമായും എൽ.ഇ.ഡി ആക്കാൻ മുംബെയിലെ ഒരു സ്വകാര്യ കമ്പനിക്ക് വഴിവിട്ട് കരാർ നൽകിയതിലൂടെ കോർപ്പറേഷന് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടാക്കുമെന്നാണ് ആരോപണം ഉയർന്നത്. കൗൺസിൽ യോഗത്തിൽ ചർച്ച ചെയ്യാതെയും സർക്കാർ ഉത്തരവിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായും ഒപ്പിട്ട കരാർ കോർപ്പറേഷന് ഭാവിയിൽ വൻ ബാദ്ധ്യത വരുത്തുമെന്നും ഇടപാടിന് പിന്നിൽ വൻ അഴിമതി ഉണ്ടെന്നുമുള്ള ആരോപണം ഉയർന്ന സാഹചര്യത്തിൽ കരാറിൽ നിന്ന് പിന്മാറണമെന്നാണ് സി.പി.ഐ നിലപാട്. സി.പി.ഐ പ്രതിനിധിയായ ഹണി ബഞ്ചമിനാണ് ഇപ്പോൾ മേയറെങ്കിലും ഇടപാട് നടന്നത് മുൻ മേയറായിരുന്ന സി.പി.എമ്മിലെ വി.രാജേന്ദ്രബാബുവിന്റെ കാലത്താണ്.

പിന്നാലെ ഡെങ്കിപ്പനി

ജില്ലയുടെ കിഴക്കൻ മലയോര മേഖലയാകെ ഇപ്പോൾ ഡെങ്കിപ്പനിയുടെയും ഭീതിയിലാണ്. കുളത്തൂപ്പുഴയിലും പുനലൂരിലും കൊവിഡ് ബാധിതരുണ്ടായതിനാൽ റെഡ്സ്പോട്ടുകളായി കടുത്ത നിയന്തണങ്ങളിലായിരുന്നു. അതിനൊരു അയവ് വന്നതോടെയാണ് ഇപ്പോൾ ഡെങ്കിപ്പനിയുടെ ഭീതി ഉയർന്നിരിക്കുന്നത്. ദിവസേന നിരവധി പേരാണ് പുനലൂർ താലൂക്കാശുപത്രിയിൽ ഡെങ്കിപ്പനി ബാധിച്ച് ചികിത്സ തേടിയെത്തുന്നത്. പുനലൂർ, പത്തനാപുരം, തെന്മല, ആര്യങ്കാവ് തുടങ്ങിയ പ്രദേശങ്ങളാണ് ഡെങ്കിപ്പനി ബാധിത മേഖലകളായി പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലാകളക്ടർ ബി.അബ്ദുൽ നാസറും ആരോഗ്യവകുപ്പധികൃതരും മലയോരവാസികൾക്ക് മുന്നറിയിപ്പ് നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

കാറ്റും മഴയും

കഴിഞ്ഞ ഏതാനും ദിവസങ്ങളായി ജില്ലയെമ്പാടും വേനൽമഴയുടെ ഭാഗമായുള്ള ശക്തമായ കാറ്റ് വ്യാപക നാശം വിതയ്ക്കുകയാണ്. മരങ്ങൾ ഒടിഞ്ഞുവീണ് നിരവധി വീടുകൾക്കും വൈദ്യുതി പോസ്റ്റുകൾക്കും ട്രാൻസ്‌ഫോർമറുകൾക്കും പ്രസരണശൃുംഖലകൾക്കും വൻ നാശനഷ്ടമുണ്ടായി. വാഴ അടക്കമുള്ള കാർഷിക വിളകൾക്കും നാശനഷ്ടം നേരിട്ടു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KOLLAM DIARY
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.