SignIn
Kerala Kaumudi Online
Friday, 10 July 2020 7.32 PM IST

പകുതിപ്പേർക്ക് മാത്രം ഡ്യൂട്ടി ; ഡ്യൂട്ടി കഴിഞ്ഞ് ഏഴ് ദിവസം അവധി ; പൊലീസിന്റെ പ്രവർത്തനക്രമത്തിൽ തിങ്കളാഴ്ച മുതൽ മാറ്റം

dgp

തിരുവനന്തപുരം: കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൊലീസിന്റെ പ്രവർത്തന ക്രമങ്ങളിൽ മാറ്റം വരുത്തി. രേഖകളുടെ പരിശോധന, അറസ്റ്റ്, കുറ്റകൃത്യം നടന്ന സ്ഥലം, പരാതിക്കാരോട് സംസാരിക്കല്‍, വിവിധ ഉപകരണങ്ങളുടെ പ്രയോഗം എന്നിവ സംബന്ധിച്ച കാര്യങ്ങളിലാണ് മാറ്റം. സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജറിൽ വരുത്തിയിരിക്കുന്ന മാറ്റങ്ങളിൽ പലതും അന്താരാഷ്ട്ര നിലവാരത്തിലുളളവയാണ്. നിർദ്ദേശങ്ങൾ തിങ്കളാഴ്ച നിലവിൽ വരും.

വിവിധ പൊലീസ് സേനകളിലെ നടപടിക്രമങ്ങൾ പരിശോധിച്ച് ആവശ്യമായ മാറ്റങ്ങളോടെ കേരള പൊലീസ് സ്വീകരിച്ചിട്ടുണ്ട്. ഈ മാറ്റങ്ങൾ ഒരു സാഹചര്യത്തിലും പൊലീസിന്റെ പ്രവർത്തനമികവിനെ ബാധിക്കില്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. പൊലീസ് സേനാംഗങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിന് പരിശീലന വിഭാഗം എ.ഡി.ജി.പി ഡോ.ബി സന്ധ്യ, ബറ്റാലിയൻ വിഭാഗം എ.ഡി.ജി.പി എം.ആർ. അജിത് കുമാർ എന്നിവരെ ചുമതലപ്പെടുത്തി. പൊലീസ് ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടേയും ക്ഷേമം, ആരോഗ്യം എന്നിവ ഉറപ്പ് വരുത്തുന്നതിന് ഇവർ നടപടി സ്വീകരിക്കും. അസുഖബാധിതരാകുന്ന ഉദ്യോഗസ്ഥർ അക്കാര്യം ഉടൻതന്നെ മേലധികാരികളെ അറിയിക്കേണ്ടതാണ്.

സാമൂഹിക അകലം ഉൾപ്പെടെയുള്ള കൊവിഡ് സുരക്ഷാ പ്രോട്ടോകോൾ പാലിക്കുന്നതിൽ പൊലീസ് ഉദ്യോഗസ്ഥർ സമൂഹത്തിന് മാതൃകയായിരിക്കണം. ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കും. ഇവയിൽ മികവ് പുലർത്തുകയും മാനദണ്ഡങ്ങൾ പാലിച്ച് പൊതുജനങ്ങൾക്ക് സേവനം ലഭ്യമാക്കുകയും ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരെ ആദരിക്കുകയും ചെയ്യും.

പ്രധാന നിർദ്ദേശങ്ങൾ

റോൾകാൾ, ഷിഫ്റ്റ് മാറ്റം, പരേഡ്, ക്ലാസുകൾ എന്നിങ്ങനെ പൊലീസ് ഉദ്യോഗസ്ഥർ ഒത്തുകൂടുന്ന അവസരങ്ങൾ പരമാവധി ഒഴിവാക്കണം. സേനയിലെ എല്ലാ യൂണിറ്റുകളിലും ദിനംപ്രതി ഡ്യൂട്ടിക്കായി പകുതി ജീവനക്കാരെ നിയോഗിച്ചശേഷം പകുതിപ്പേർക്ക് റെസ്റ്റ് നല്‍കുന്ന വിധത്തിൽ ജോലി പുനഃക്രമീകരിക്കുന്നതിന് യൂണിറ്റ് മേധാവിമാർ ശ്രമിക്കണം. ബാക്കി പകുതിപ്പേർക്ക് ഡ്യൂട്ടി റെസ്റ്റ് അനുവദിക്കണം. അടിയന്തിര ഘട്ടങ്ങളിൽ ആവശ്യപ്പെട്ടാലുടൻ ജോലിക്കെത്തണം. കഴിയുന്നതും ഏഴ് ദിവസത്തെ ജോലിക്ക് ശേഷം ഏഴ് ദിവസത്തെ റെസ്റ്റ് അനുവദിക്കണം.

ഡ്യൂട്ടി നിശ്ചയിച്ച ശേഷം എല്ലാദിവസവും വൈകുന്നേരം അക്കാര്യം പൊലീസ് ഉദ്യോഗസ്ഥരെ ഫോൺ മുഖേന അറിയിക്കണം. ഡ്യൂട്ടിക്കായി സ്‌റ്റേഷനിൽ റിപ്പോർട്ട് ചെയ്യുന്നതിന് പകരം ഉദ്യോഗസ്ഥർ ഡ്യൂട്ടി സ്ഥലങ്ങളിൽ നേരിട്ട് ഹാജരായശേഷം ഫോൺ വഴി സ്‌റ്റേഷനില്‍ അറിയിച്ചാല്‍ മതിയാകും. ഡ്യൂട്ടി കഴിയുമ്പോൾ വീഡിയോ കോൾ, ഫോൺ, വയർലെസ് മുഖേന മേലുദ്യോഗസ്ഥനെ അക്കാര്യം അറിയിച്ചശേഷം മടങ്ങാം. മേലുദ്യോഗസ്ഥർ ദിനംപ്രതി നിർദ്ദേശങ്ങൾ നൽകാൻ എസ്.എം.എസ്, വാട്‌സ് ആപ്പ്, ഓൺലൈൻ മാർഗങ്ങൾ ഉപയോഗിക്കണം. പൊലീസ് സ്‌റ്റേഷനുകളില്‍ ഒരുമിച്ച് വിശ്രമിക്കുന്നതും കൂട്ടംചേർന്ന് ഇരിക്കുന്നതും ഒഴിവാക്കണം.

ഡ്യൂട്ടി കഴിഞ്ഞ് ഉദ്യോഗസ്ഥർ നേരെ വീടുകളിലേയ്ക്ക് പോകേണ്ടതും സുഹൃത്തുക്കളേയോ ബന്ധുക്കളേയോ സന്ദർശിക്കാൻ പാടില്ലാത്തതുമാണ്. ജോലി ചെയ്യുന്ന സ്ഥലവും സാഹചര്യവുമനുസരിച്ചുളള സുരക്ഷാ ഉപകരണങ്ങൾ എല്ലാ ഉദ്യോഗസ്ഥർക്കും ലഭ്യമാക്കണം. ഭക്ഷണവും വെളളവും കൈയ്യിൽ കരുതുകയും ഇത്തരം ആവശ്യങ്ങൾക്ക് പരമാവധി പൊതു ഇടങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കുകയും വേണം. ആരോഗ്യപരമായ ഭക്ഷണക്രമം പാലിച്ച് മതിയായ വ്യായാമമുറകൾ, യോഗ എന്നിവ ശീലമാക്കണം.

പൊലീസുകാരുടെ ക്ഷേമം ഉറപ്പാക്കാൻ എല്ലാ പൊലീസ് യൂണിറ്റുകളിലും ഒരു വെൽഫെയർ ഓഫീസറെ നിയോഗിക്കും. ഈ ഉദ്യോഗസ്ഥൻ പൊലീസുകാർക്ക് ആവശ്യമുളള സാധനങ്ങളുടെയും സുരക്ഷാ ഉപകരണങ്ങളുടെയും ലഭ്യത ഉറപ്പാക്കും. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനുതകുന്ന ഹോമിയോ, ആയുർവേദ പ്രതിരോധ മരുന്നുകൾ ലഭ്യമാക്കണം. ജീവിതശൈലീരോഗങ്ങളുളള 50 വയസ്സിന് മുകളിൽ പ്രായമുളളവരെ ശ്രമകരമായ ചുമതലകളിൽ നിന്ന് ഒഴിവാക്കും. ഗർഭിണികളായ ഉദ്യോഗസ്ഥകൾക്ക് ഓഫീസ്, കമ്പ്യൂട്ടർ, ഹെല്‍പ് ലൈൻ ചുമതലകൾ നല്‍കണം.

തിരക്കേറിയ ജംഗ്ഷനുകളിൽ മാത്രമേ ട്രാഫിക് ചുമതല നല്‍കാവൂ. റെയിൽവേ സ്‌റ്റേഷൻ, വിമാനത്താവളം, ചെക്ക്‌പോസ്റ്റ് എന്നിവിടങ്ങളിൽ പരമാവധി കുറച്ച് ആൾക്കാരെ നിയോഗിക്കണം. ആവശ്യത്തിലേറെ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നത് നിരുത്സാഹപ്പെടുത്തണം.

ആഭരണങ്ങൾ ഉൾപ്പെടെ വ്യക്തിഗത ഉപയോഗത്തിനുളള വസ്തുക്കൾ മറ്റുളളവരുമായി പങ്ക് വയ്ക്കരുത്. യൂണിഫോം ഉപയോഗിക്കുന്നതിൽ ഇളവ് അനുവദിച്ചിട്ടുണ്ട്. എന്നാൽ എല്ലാ ദിവസവും അലക്കിയ വൃത്തിയുളള യൂണിഫോം തന്നെ ധരിക്കേണ്ടതാണ്. ഫീൽഡ് ജോലിയിൽ ആയിരിക്കുമ്പോൾ റബ്ബർ ഷൂസ്, ഗം ബൂട്ട്, കാൻവാസ് ഷൂ എന്നിവ ഉപയോഗിക്കാം. ഫെയ്‌സ് ഷീൽഡ് ധരിക്കുമ്പോൾ തൊപ്പി നിർബന്ധമില്ല. മൊബൈൽ ഫോണിൽ കഴിയുന്നതും സ്പീക്കർ മോഡിൽ സംസാരിക്കണം. എല്ലാ പൊലീസ് ഉദ്യോാഗസ്ഥർക്കും ഏറ്റവും പുതിയ ആരോഗ്യവിവരങ്ങൾ അറിവുണ്ടായിരിക്കണം.

ഇനിയൊരു അറിയിപ്പുണ്ടാകുംവരെ വെളളിയാഴ്ച പരേഡ് ഒഴിവാക്കിയിട്ടുണ്ട്. പതിവ് വാഹനപരിശോധന, നിസാര കാര്യങ്ങൾ സംബന്ധിച്ച അറസ്റ്റ് എന്നിവ ഒഴിവാക്കും. പൊലീസുമായി നേരിട്ട് ബന്ധമില്ലാത്ത ജോലികൾ, സാംസ്‌കാരിക പരിപാടികൾഎന്നിവ ഒഴിവാക്കും. സി.സി.ടി.വി, ഹെൽപ് ലൈൻ, ക്യാമറ, സാങ്കേതികവിദ്യ എന്നിവ പരമാവധി ഉപയോഗിക്കും. പൊതുജനങ്ങൾ പൊലീസ് സ്‌റ്റേഷൻ സന്ദർശിക്കുന്നത് കഴിയുന്നതും ഒഴിവാക്കണം. പരാതികൾ ഇമെയിൽ, വാട്‌സ് ആപ്പ് എന്നിവ മുഖേനയോ കൺട്രോൾ നമ്പർ 112 മുഖേനയോ നല്‍കണമെന്നും പുതിയ മാർഗ നിർദ്ദേശങ്ങളിൽ വ്യക്തമാക്കിയിട്ടുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALA POLICE, DGP, LOKNATH BEHRA
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.