SignIn
Kerala Kaumudi Online
Saturday, 15 August 2020 11.15 PM IST

വീണ്ടും വിഷം തുപ്പി അഫ്രീദി, തിരിച്ചടിച്ച് ഗംഭീറും ഹർഭജനും

afridi

ഇന്ത്യ വിരുദ്ധ പരാമർശവുമായി മുൻ പാക് ക്യാപ്ടൻ ഷാഹിദ് അഫ്രീദി

ബംഗ്ളാദേശിന്റെ വിധി ഒാർമ്മിപ്പിച്ച് ഗൗതം ഗംഭീർ

അഫ്രീദിയുമായി ഇനി ഒരു ബന്ധവുമില്ലെന്ന് ഹർഭജൻ സിംഗ്

ന്യൂഡൽഹി: ഇന്ത്യാ വിരുദ്ധ പ്രസ്താവനകളുമായി പലതവണ വിവാദങ്ങൾ സൃഷ്ടിച്ചിട്ടുള്ള മുൻ പാകിസ്ഥാൻ ക്രിക്കറ്റ് ടീം ക്യാപ്ടൻ ഷാഹിദ് അഫ്രീദി വീണ്ടും വിഷം തുപ്പിയതോടെ മറുപടിയുമായി മുൻ ഇന്ത്യൻ താരങ്ങളായ ഗൗതം ഗംഭീറും ഹർഭജൻ സിംഗും കളത്തിലിറങ്ങി.

അടുത്തിടെ പാക്ക് അധീന കശ്‌മീർ സന്ദർശിച്ച അവസരത്തിലാണ് ഷാഹിദ് അഫ്രീദി ഇന്ത്യാവിരുദ്ധ പ്രസ്താവന നടത്തി വീണ്ടും വിവാദനായകനായത്. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായി മോശം പരാമർശമാണ് അഫ്രീദി നടത്തിയത്. ഇതിന് മറുപടിയായി എന്തിനാണ് പാകിസ്ഥാൻ കഴിഞ്ഞ 70 വർഷമായി കാശ്മീരിനുവേണ്ടി യാചിക്കുന്നതെന്നും ബംഗ്ളാദേശിന്റെ കാര്യം ഒാർമ്മയില്ലേയെന്നും ഗംഭീർ ചോദിച്ചു. അടുത്തിടെ അഫ്രീദിയുടെ കൊവിഡ് പ്രതിരോധ നിധിയിലേക്ക് സംഭാവന ചെയ്ത് വിവാദത്തിലായ ഹർഭജൻ സിംഗ് ഇനി മേലിൽ അഫ്രീദിയുമായി ഒരു ബന്ധവുമില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.

അഫ്രീദിയുടെ അധിക്ഷേപം

പാക് അധിനിവേശ കാശ്മീരിലെത്തിയ അഫ്രീദി അവിടുത്തെ ജനങ്ങളോട് നടത്തിയ പ്രസംഗത്തിൽ ‘ ഇന്ന് ഈ ലോകം ഒരു വലിയ രോഗത്തിന്റെ പിടിയിലാണ്. പക്ഷേ, അതിലും വലിയ രോഗം മോദിയുടെ മനസിലാണ്. പാക്കിസ്ഥാന്റെ ആകെ സൈനിക ബലമായ ഏഴു ലക്ഷം സൈനികരെയാണ് മോദി കാശ്മീരിൽ വിന്യസിച്ചിരിക്കുന്നത്’ – എന്നാണ് പറഞ്ഞത്. ഏഴു ലക്ഷത്തോളം വരുന്ന പാകിസ്ഥാൻ ആർമിക്ക് പാകിസ്ഥാനിലെ 20 കോടി ജനങ്ങളുടെ പിന്തുണയുണ്ടെന്നും ഇന്ത്യയിലെ കാശ്മീരികളും പാകിസ്ഥാൻ സൈന്യത്തെയാണ് പിന്തുണയ്ക്കുന്നതെന്നും അഫ്രീദി അവകാശപ്പെട്ടിരുന്നു.

ഗംഭീറിന്റെ മറുപടി

ബി.ജെ.പി എം.പി കൂടിയായ ഗംഭീർ രൂക്ഷമായ ഭാഷയിലാണ് ഇതിനോടു പ്രതികരിച്ചത്. ‘20 കോടി ജനങ്ങളുടെ പിന്തുണയുള്ള ഏഴു ലക്ഷം സൈനികർ പാക്കിസ്ഥാനുണ്ടെന്നാണ് 16 വയസ്സുകാരനായ ഷാഹിദ് അഫ്രീദിയുടെ അവകാശവാദം. എന്നിട്ടും കഴിഞ്ഞ 70 വർഷമായി അവർ കാശ്മീരിനുവേണ്ടി യാചിച്ചുകൊണ്ടിരിക്കുകയാണ്. അഫ്രീദി, ഇമ്രാൻ ഖാൻ, ബജ്‌വ തുടങ്ങിയവർ ഇന്ത്യയ്‍‌ക്കും നരേന്ദ്ര മോദിക്കുമെതിരെ വിഷം തുപ്പി പാക്കിസ്ഥാനിലെ ജനങ്ങളെ കബളിപ്പിക്കുമായിരിക്കും. എങ്കിലും വിധി ദിവസം വരെ കാശ്മീർ കിട്ടുമെന്ന് കരുതേണ്ട. ബംഗ്ലാദേശ് ഓർമ്മയുണ്ടല്ലോ അല്ലേ?’ – ഗംഭീർ ട്വിറ്ററിൽ കുറിച്ചു.

എല്ലാം തീർന്നു: ഹർഭജൻ

ഇന്ത്യയെയും പ്രധാനമന്ത്രിയെയും അപമാനിച്ച ഷാഹിദ് അഫ്രീദിയുമായി ഇനിയൊരു ബന്ധവും ഇല്ലെന്ന് ഹർഭജൻ സിംഗ് പറഞ്ഞു. കഴിഞ്ഞ മാസം അഫ്രീദിയുടെ ജീവകാരുണ്യ ഫൗണ്ടേഷൻ കൊവിഡ് പ്രതിരോധത്തിനായി നടത്തിയ ധനശേഖരണത്തിൽ ഹർഭജനും യുവ്‌രാജ് സിംഗും പങ്കാളികളായിരുന്നു. ഇതിനെതിരെ പ്രതിഷേധവും ഉയർന്നിരുന്നു. എന്നാൽ കൊവിഡിനെ പ്രതിരോധിക്കാൻ അതിർത്തികൾ മറികടന്ന് സഹായമെത്തിക്കണമെന്ന പ്രധാനമന്ത്രിയുടെ ആഹ്വാനമനുസരിച്ചാണ് അന്ന് സഹായിച്ചതെന്നും എന്നാൽ ഇൗ രീതിയിൽ സംസാരിക്കുന്ന അഫ്രീദിയുമായി എല്ലാ ബന്ധങ്ങളും ഇതോടെ തീർന്നെന്നും ഹർഭജൻ പറഞ്ഞു.

അഫ്രീദി - ഗംഭീർ പോര് തുടർക്കഥ

കശ്മീർ വിഷയത്തെച്ചൊല്ലി പലതവണ പരസ്യമായി ഇടഞ്ഞവരാണ് ഗംഭീറും അഫ്രീദിയും.

ജമ്മു കശ്മീരിന് പ്രത്യേക ഭരണഘടനാ പദവി നൽകുന്ന ആർട്ടിക്കിൾ 370 കേന്ദ്രസർക്കാർ റദ്ദാക്കിയതിനു പിന്നാലെ ഇരുവരും നേർക്കുനേരെയെത്തിയിരുന്നു.

അന്ന് വാക്‌പോരിനിടെ അഫ്രീദിയെ ‘പ്രായമായിട്ടും ബുദ്ധി ഉറയ്ക്കാത്ത’ ആളായി ചിത്രീകരിച്ച് ഗംഭീർ രംഗത്തെത്തിയത് വിവാദമായി.

‘ഇന്ത്യൻ ടീമിൽ താൻ കണ്ട ഏറ്റവും ദുർബലൻ ഗൗതം ഗംഭീറായിരുന്നു’വെന്ന ഇന്ത്യൻ ടീമിന്റെ മുൻ മെന്റൽ കണ്ടിഷനിങ് പരിശീലകൻ പാഡി അപ്ടന്റെ വാക്കുകൾ ഉദ്ധരിച്ചാണ് ഇതിനെതിരെ അഫ്രീദി തിരിച്ചടിച്ചത്.

കശ്മീരിലെ ജനങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുമെന്ന പാക്ക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പ്രഖ്യാപനത്തെ അഫ്രീദി പിന്തുണച്ചിരുന്നു. ഇതാണ് ഗംഭീറിനെ ചൊടിപ്പിച്ചത്.

പ്രായമിത്രയായിട്ടും അഫ്രീദിയുടെ ബുദ്ധി ഉറയ്ക്കുന്ന ലക്ഷണമില്ലെന്ന പരിഹാസത്തോടെയാണ് ഗംഭീർ ഇതിനോടു പ്രതികരിച്ചത്. അഫ്രീദിയെ സഹായിക്കാൻ പ്രത്യേക കിന്റർഗാർട്ടൻ ട്യൂഷൻ ഏർപ്പെടുത്താമെന്നും ഗംഭീർ പരിഹസിച്ചിരുന്നു

16കാരൻ പ്രയോഗത്തിന് പിന്നിൽ

അഫ്രീദിയ്ക്ക് മറുപ‌ടിയായി പോസ്റ്റ് ചെയ്ത ട്വീറ്റിൽ 16കാരൻ എന്നാണ് ഗംഭീർ വിശേഷിപ്പിച്ചത്. ഷാഹിദ് അഫ്രീദിയുടെ പ്രായവുമായി ബന്ധപ്പെട്ട് നേരത്തെ വിവാദം ഉടലെടുത്തിരുന്നു. എല്ലാവരും കരുതുന്നതുപോലെ 1980ൽ അല്ല തന്റെ ജനനമെന്നും 1975ലാണെന്നും അഫ്രീദി ഗെയിം ചെയ്ഞ്ചർ എന്ന പുസ്തകത്തിൽ വെളിപ്പെടുത്തിയിരുന്നു. 1996ൽ ശ്രീലങ്കയ്ക്കെതിരെ നയ്റോബിയിൽ 37 പന്തിൽനിന്ന് സെഞ്ചുറി നേടുമ്പോൾ തനിക്ക് 16 അല്ല 19 ആയിരുന്നു പ്രായമെന്നും അഫ്രീദി അന്ന് വ്യക്തമാക്കിയിരുന്നു. ഇക്കാര്യം പരോക്ഷമായി പരാമർശിച്ചാണ് പതിനാറുകാരൻ അഫ്രീദി എന്ന ഗംഭീറിന്റെ പ്രയോഗം

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, SPORTS, AFRIDI, GAUTAM GAMBHIR, HARBHAJAN
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.