ബംഗൂളൂരു: സ്പോർട്സ് അതോറിറ്റി ഒഫ് ഇന്ത്യ(സായ് )ആസ്ഥാനത്ത് കൊവിഡ്. ആസ്ഥാനത്തെ താത്കാലിക പാചകക്കാരൻ കൊവിഡ് ബാധിച്ച് മരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് മരിച്ച ഇദ്ദേഹത്തിന്റെ സ്രവപരിശോധനയിൽ ഇന്നലെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. മൂന്നു ദിവസം മുമ്പ് ഇവിടെ എത്തിയ ഇദ്ദേഹം ജീവനക്കാരുമായി സമ്പർക്കം പുലർത്തിയിരുന്നു. ഇതോടെ സായിയിലെ മലയാളി കായിക താരങ്ങൾ അടക്കമുള്ളവരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവർ വൈറസ് ബാധിതന്റെ മൂന്നാംതല സമ്പർക്കത്തിൽ വന്നവരാണ്.
അതേസമയം കർണാടകയിൽ 149 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 90 പേർ മുംബയിൽ നിന്നും രണ്ടുപേർ കേരളത്തിൽ നിന്നും എത്തിയവരാണ്. ആകെ 40 പേരാണ് കൊവിഡ് മൂലം സംസ്ഥാനത്ത് മരിച്ചത്. 1395 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. ഇതിൽ 246 രോഗികളും ബംഗളൂരുവിലാണ്. സംസ്ഥാനത്ത് റെഡ് സോണിലൊഴികെയുള്ള പ്രദേശങ്ങളിൽ ഇന്നലെമുതൽ പൊതുഗതാഗതം ആരംഭിച്ചിരുന്നു.