തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 24 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടുകൂടി രോഗബാധിതരുടെ എണ്ണം 161 ആയി. ഇതോടെ സംസ്ഥാനം ഗുരുതരമായ സ്ഥിതിയിലേക്ക് പോകുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ 666 പേർക്ക് ഇതുവരെ രോഗം ബാധിച്ചതായും സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോക്ക് ഡൗണിൽ ചില ഇളവുകൾ വരുത്തിയിട്ടുണ്ട്. എന്നാൽ തുടർന്നുള്ള നാളുകളിൽ മേഖലകൾ തിരിച്ച് ചിലയിടത്ത് കടുത്ത നിയന്ത്രണം വേണ്ടി വരും. വിദേശത്ത് നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും കൂടുതൽ ആളുകൾ വരാൻ തുടങ്ങിയപ്പോൾ സംസ്ഥാനത്ത് രോഗികളുടെ എണ്ണത്തിൽ കാര്യമായ വർദ്ധനഉണ്ടായിട്ടുണ്ട്. . പുറത്ത് നിന്ന് വരുന്നവരിൽ ചിലർക്ക് രോഗബാധ ഉണ്ടാവാം. ഇത് കണക്കിലെടുത്ത് കരുതൽ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
കണക്കുകൾ പരിശോധിച്ചാൽ മേയ് ഒന്ന്, മൂന്ന്, നാല്, ആറ്, ഏഴ് തീയതികളിൽ പുതിയ കൊവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല. എട്ടാം തീയതി ഒരാൾക്കാണ് രോഗബാധയുണ്ടായത്. അന്ന് ആകെ ചികിത്സയിലുണ്ടായിരുന്നത് 16 പേരായിരുന്നു. മേയ് 13-ന് പുതിയ രോഗികളുടെ എണ്ണം പത്തായി. 14-ന് 26 പുതിയ രോഗികളായി, 15-ന് 16, 16- 11 ,17 -14,18-29 ഇന്നലെ 12 ഇന്ന് 24. ഈ രീതിയിലാണ് പുതിയ പോസീറ്റീവ് കേസുകളുണ്ടാവുന്നത്. 16 പേരുണ്ടായിരുന്ന സ്ഥാനത്ത് ചികിത്സയിലുണ്ടായിരുന്നവരുടെ എണ്ണം ഇപ്പോൾ 161 ആയി എന്നും മുഖ്യമന്ത്രി പറഞ്ഞു. ചില മേഖലകളിൽ പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടത്തേണ്ടി വരുമെന്നും പിണറായി വിജയൻ പറഞ്ഞു.