ന്യൂഡൽഹി: ഉംപുൻ ചുഴലിക്കാറ്റ് സംഹാരതാണ്ഡവമാടിയ പശ്ചിമ ബംഗാളും ഒഡീഷയും പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളിയാഴ്ച സന്ദർശിക്കും. സംസ്ഥാനങ്ങളിലെ ദുരന്തബാധിത പ്രദേശങ്ങളിലൂടെ ഹെലികോപ്റ്ററിൽ സഞ്ചരിച്ചായിരിക്കും പ്രധാനമന്ത്രി നാശനഷ്ടങ്ങൾ മനസിലാക്കുകയും വിലയിരുത്തുകയും ചെയ്യുക. ബംഗാളിനൊപ്പം രാജ്യം മുഴുവനുണ്ടെന്നും ദുരിതബാധിതരെ സഹായിക്കുമെന്നും മോദി ട്വീറ്റിലൂടെ വ്യക്തമാക്കിയിരുന്നു.
ഉംപുൻ ചുഴലിക്കാറ്റിൽ ഉണ്ടായ നാശം സംബന്ധിച്ച പശ്ചിമ ബംഗാളിൽ നിന്നുള്ള ദൃശ്യങ്ങൾ കണ്ടു. ഈ വെല്ലുവിളി നിറഞ്ഞ മണിക്കൂറിൽ, രാജ്യം മുഴുവൻ പശ്ചിമ ബംഗാളുമായി ഐക്യദാർഡ്യം പ്രകടിപ്പിക്കുന്നു. സംസ്ഥാനത്തെ ജനങ്ങളുടെ ക്ഷേമത്തിനായി പ്രാർത്ഥിക്കുകയാണ്. സാധാരണ നില ഉറപ്പാക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്നും മോദി ട്വിറ്ററിലൂടെ വ്യക്തമാക്കി.
ചുഴലിക്കാറ്റ് മൂലമുണ്ടായ നാശനഷ്ടങ്ങൾ നേരിൽ കണ്ട് മനസിലാക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗാൾ സന്ദർശിക്കണമെന്ന് മുഖ്യമന്ത്രി മമത ബാനർജി ആവശ്യപ്പെട്ടിരുന്നു. ഉംപുൻചുഴലിക്കൊടുങ്കാറ്റുമായി ബന്ധപ്പെട്ട അവലോകന യോഗത്തിനു ശേഷമാണ് മമത ഇന്ന് ഇക്കാര്യം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്. ഉംപുൻ ചുഴലിക്കാറ്റിൽ 72 പേർ സംസ്ഥാനത്ത് മരണപ്പെട്ടതായും മമത ബാനർജി പ്രധാനമന്ത്രി അറിയിച്ചിരുന്നു.