തൃശൂർ: സംസ്ഥാനത്ത് ഒരാൾ കൂടി കൊവിഡ് 19 രോഗബാധ മൂലം മരണപ്പെട്ടു. ചാവക്കാട് കടപ്പുറം അഞ്ചങ്ങാടി സ്വദേശിനി ഖദീജക്കുട്ടിയാണ് മരണത്തിന് കീഴടങ്ങിയത്. മുംബയിൽ നിന്നും നാട്ടിലേക്ക് എത്തിയ ഖദീജക്കുട്ടിക്ക് 73 വയസായിരുന്നു പ്രായം. ഇവർക്ക് വിവിധ ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നു എന്നാണ് വിവരം.
മുംബയിൽ നിന്നും റോഡ് മാർഗം തിങ്കളാഴ്ചയാണ് ഖദീജക്കുട്ടി നാട്ടിലേക്ക് എത്തിയത്. ചാവക്കാട് ആശുപത്രിയിൽ ഇവർ ചികിത്സയിലായിരുന്നു. കൂടുതൽ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റാനായിരിക്കെയാണ് മരണം സംഭവിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം നാലായി.
പാലക്കാട് വഴി പ്രത്യേക വാഹനത്തിൽ പെരിന്തൽമണ്ണവരെ മറ്റ് മൂന്നുപേരോടൊപ്പം യാത്രചെയ്തുവന്ന ഇവർക്ക് ശ്വാസംമുട്ട് അനുഭവപ്പെട്ടതിനാൽ മകൻ പാർട്ടീഷൻ ഉള്ള ആംബുലൻസുമായി ചെല്ലുകയും ഇവരെ ചാവക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.
ഖദീജക്കുട്ടിക്ക് പ്രമേഹം, ശ്വാസതടസം, രക്തസമ്മർദ്ദം എന്നീ രോഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഇവരുടെ മകനും ഇവരെ ആശുപത്രിയിലേക്ക് എത്തിച്ച ആംബുലൻസ് ഡ്രൈവറും ഇപ്പോൾ കൊവിഡ് നിരീക്ഷണത്തിലാണ്. അതേസമയം, ഖദീജക്കുട്ടിക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചത് ഇന്നാണെന്ന് തൃശൂർ കളക്ടർ എസ്. ഷാനവാസ് ഐ.എ.എസ് പറഞ്ഞു.