SignIn
Kerala Kaumudi Online
Sunday, 31 May 2020 4.15 AM IST

അഭിമാന നേട്ടങ്ങളുമായി അഞ്ചാം വർഷത്തിലേക്ക്

cm

ഇടിത്തീപോലെ ആഘാതമേല്പിച്ച കൊവിഡ് മഹാമാരിക്കെതിരെ യുദ്ധസമാനമായ പോരാട്ടം തുടരുന്നതിനിടയിലാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ അതിന്റെ അവസാന വർഷത്തിലേക്കു പ്രവേശിക്കുന്നത്. ആഘോഷമായി നടക്കേണ്ട അഞ്ചാം വാർഷികം കൊവിഡ് പശ്ചാത്തലത്തിൽ ഉപേക്ഷിച്ചിരിക്കുകയാണ്. ആഘോഷങ്ങളുടെ വർണ്ണപ്പകിട്ടോ അവകാശ പ്രഖ്യാപനങ്ങളോ ഒന്നുമില്ലെങ്കിലും സർക്കാരിന്റെ നാലുവർഷത്തെ പ്രവർത്തനങ്ങൾ വസ്തുനിഷ്ഠമായി വിലയിരുത്തുമ്പോൾ തികഞ്ഞ അഭിമാനത്തോടെയാണ് പിണറായി സർക്കാർ അവസാന പാദത്തിലേക്കു പ്രവേശിക്കുന്നതെന്ന് ആരും തലകുലുക്കി സമ്മതിക്കും. ശ്വാസം മുട്ടിക്കുന്ന പ്രതിസന്ധികൾ ഒന്നിനു പിറകെ ഒന്നായി നേരിടേണ്ടിവന്നിട്ടും അതെല്ലാം നിശ്ചയദാർഢ്യത്തോടെയും കരുത്തോടെയും നേരിടാൻ കഴിഞ്ഞുവെന്നത് നിസാര കാര്യമല്ല. എല്ലാ അർത്ഥത്തിലും പ്രവർത്തിക്കുന്ന ഒരു സർക്കാർ എന്ന സദ് പേര് ഉടനീളം നിലനിറുത്താനായി എന്നത് എടുത്തു പറയേണ്ട നേട്ടം തന്നെയാണ്. തിരഞ്ഞെടുപ്പിനു മുമ്പ് ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങൾ നിറവേറ്റുന്നതിലും രാഷ്ട്രീയത്തിനതീതമായി ജനങ്ങളെ ഒന്നായി കണ്ട് ഒട്ടേറെ ക്ഷേമ പരിപാടികൾ ഏറ്റെടുത്തു നടപ്പാക്കിയതിലും പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതു മുന്നണി സർക്കാർ പ്രശംസനീയമായ വിജയം വരിച്ചിട്ടുണ്ട്. രാഷ്ട്രീയവും രാഷ്ട്രീയേതരവുമായ ചില ഗുരുതര പ്രതിസന്ധികളിൽ ഇടയ്ക്കിടെ അറിഞ്ഞോ അറിയാതെയോ ചെന്നു ചാടിയ സന്ദർഭങ്ങൾ മറന്നുകൊണ്ടല്ല ഇത്തരമൊരു വിലയിരുത്തൽ. സംസ്ഥാനത്തിനും സർക്കാരിനും കരുത്തനായ ഒരു നാഥനുണ്ടെന്നും ഏതു പ്രതിസന്ധിയിലും ജനങ്ങൾക്കൊപ്പമെത്തുന്ന ഭരണകൂടമാണുള്ളതെന്നുമുള്ള തോന്നലുണ്ടാകുന്നതുതന്നെ ഇന്നത്തെ കാലത്ത് വലിയ ഭാഗ്യമാണ്.

ഏതൊരു സർക്കാരിന്റെയും അഞ്ചാം വർഷം പുതുമയാർന്ന പദ്ധതികൾ കൊണ്ടും ഉദാര സമീപനം കൊണ്ടും ശ്രദ്ധേയമാകാറുണ്ട്. സംസ്ഥാനത്തിന്റെ നടപ്പു സാമ്പത്തിക വർഷത്തെ ബഡ്ജറ്റിലും അതിനുതകുന്ന ധാരാളം നിർദ്ദേശങ്ങൾ ഉൾപ്പെടുത്തിയിരുന്നു. നിർഭാഗ്യവശാൽ അപ്രതീക്ഷിതമായെത്തിയ മഹാമാരി സർക്കാരിന്റെ മാത്രമല്ല ജനങ്ങളുടെയും പ്രതീക്ഷകളെയാകെ തകർത്തിരിക്കുകയാണ്. എന്നിരുന്നാലും മഹാമാരിക്കെതിരായ പോരാട്ടത്തിൽ രാജ്യത്തിനാകമാനം മാത്രമല്ല ലോകത്തിനു തന്നെ മാതൃകയാകാൻ സംസ്ഥാനത്തിനു കഴിഞ്ഞു എന്നത് ചില്ലറ കാര്യമല്ല. അടുത്ത വർഷം മേയിൽ കാലാവധി അവസാനിക്കുന്ന ഇടതു സർക്കാരിന്റെ ഏറ്റവും വലിയ നേട്ടമായി വിലയിരുത്താൻ പോകുന്നതും ഇതായിരിക്കും. കൊവിഡിനെതിരായ മഹായുദ്ധത്തിൽ മാത്രമല്ല രണ്ടുവർഷങ്ങൾക്കു മുൻപ് ജനങ്ങളെ ഭീതിയുടെ മുൾമുനയിൽ നിറുത്തിയ 'നിപ്പ" വൈറസി​നെ നേരി​ട്ടതി​ലും അത്യപൂർവമായ വി​ജയം കാഴ്ചവയ്ക്കാൻ സംസ്ഥാനത്തി​നു കഴി​ഞ്ഞു.

ആരോഗ്യ മേഖലയിൽ വർഷങ്ങൾ കൊണ്ടു സംസ്ഥാനം പടുത്തുയർത്തിയ മികച്ച സൗകര്യങ്ങൾ പ്രതിസന്ധി നേരിട്ടപ്പോഴൊക്കെ എത്രമാത്രം ഉപകരിച്ചുവെന്നു കാട്ടിത്തരുന്നതാണ് ഓരോ സന്ദർഭവും. പ്രാഥമികാരോഗ്യകേന്ദ്രം മുതൽ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ വരെ നീളുന്ന ചികിത്സാ കേന്ദ്രങ്ങൾ സുസജ്ജമാക്കിയതിനു പിന്നിൽ വർഷങ്ങൾ നീണ്ട പരിശ്രമങ്ങളും മുതൽമുടക്കും അത്യദ്ധ്വാനവും ഉണ്ട്. കൊവിഡ് അതിന്റെ രൗദ്രമുഖം കാട്ടാൻ തുനിഞ്ഞപ്പോഴും ഒട്ടും പകച്ചുനിൽക്കാതെ അതിസമർത്ഥമായി ഈ രാക്ഷസീയ വൈറസിനെ വരുതിയിൽ നിറുത്താൻ ഇതുവരെ നമുക്ക് സാധിച്ചു. കൊവിഡ് കേസുകളിൽ ഇത്ര കുറഞ്ഞ രോഗ നിരക്കും മരണ നിരക്കും നമ്മുടെ ഈ കൊച്ചു സംസ്ഥാനത്താണെന്നത് അഭിമാനപൂർവം തന്നെ പറയാവുന്നതാണ്.

ഏതൊരു സർക്കാരിന്റെയും ജനങ്ങളോടുള്ള പ്രതിബദ്ധത മാറ്റുരയ്ക്കപ്പെടുന്നത് അവിചാരിതമായുണ്ടാകുന്ന പ്രതിസന്ധി ഘട്ടം എങ്ങനെ നേരിടുന്നു എന്നതിനെ ആധാരമാക്കിയാണ്. നോട്ട് നിരോധനവും തുടർന്ന് രാജ്യം നേരിടേണ്ടിവന്ന സാമ്പത്തിക മാന്ദ്യത്തിനും നടുവിൽ നിന്നുകൊണ്ടാണ് പിണറായി സർക്കാർ ഭരണം ആരംഭിച്ചത്. കടുത്ത വെല്ലുവിളികൾക്കിടയിലും ഒട്ടേറെ ക്ഷേമ പരിപാടികൾ ആവിഷ്കരിച്ചു നടപ്പാക്കാൻ സർക്കാർ താത്‌പര്യം കാണിച്ചു. ഹരിത കേരളം മിഷൻ, ആർദ്രം മിഷൻ, വിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ലൈഫ് മിഷൻ എന്നീ നാലു പരിപാടികൾ ഇടതു സർക്കാരിന്റെ അടിസ്ഥാന വികസന പരിപാടികളാണ്. സംസ്ഥാനത്തിന്റെ വികസനവും വളർച്ചയും ലക്ഷ്യമാക്കി സ്ഥാപിതമായ 'കിഫ്‌ബി" വിമർശനങ്ങൾ ഏറ്റുവാങ്ങിക്കൊണ്ടുതന്നെ അടിസ്ഥാന വികസന മേഖലകൾക്ക് വലിയ സംഭാവന നൽകിക്കൊണ്ടിരിക്കുകയാണ്. സ്തുത്യർഹമായ പ്രവർത്തനങ്ങൾ കാഴ്ചവയ്ക്കുന്നതിന്റെ പേരിൽ പ്രശംസ പിടിച്ചുപറ്റുന്ന വകുപ്പുകളും മന്ത്രിമാരും ഉണ്ട്. ആരോഗ്യ വകുപ്പ്, മരാമത്തു വകുപ്പ്, വിദ്യാഭ്യാസ വകുപ്പ്, തദ്ദേശ വകുപ്പ് തുടങ്ങിയവ ഇതിൽപ്പെടുന്നു. ബഡ്ജറ്റ് വിഹിതം ഉപയോഗിക്കുന്നതിൽ മരാമത്ത്, ആരോഗ്യ വകുപ്പുകളുടെ കാര്യക്ഷമത പ്രത്യേകം എടുത്തു പറയേണ്ടതാണ്.

ഏറെക്കാലത്തിനുശേഷം മരാമത്തു വകുപ്പിനു 'ശുദ്ധി" കൈവരുന്നതും ജി. സുധാകരൻ ആ വകുപ്പിന്റെ ചുമതല ഏറ്റെടുത്തതോടെയാണെന്ന് അഭിമാനപൂർവം പറയാനാവും. കടുത്ത സാമ്പത്തിക ഞെരുക്കം ആദ്യം തൊട്ടേ വിടാതെ കൂടെയുള്ളപ്പോഴും മെയ്‌വഴക്കമുള്ള അഭ്യാസിയെപ്പോലെ ധനവകുപ്പിനെ വിദഗ്ദ്ധമായി മുന്നോട്ടുകൊണ്ടുപോകുന്നതിൽ ഡോ. തോമസ് ഐസക്കിനും വിജയം അവകാശപ്പെടാം.

വ്യവസായ രംഗത്തെ മുന്നേറ്റം കൊണ്ടേ സംസ്ഥാനത്തിന് നിലനില്പുള്ളൂ. സർക്കാർ ഇതു പൂർണമായും ഉൾക്കൊള്ളുന്നുവെന്നതിന്റെ തെളിവാണ് പുതിയ നിക്ഷേപങ്ങൾ എത്തിക്കാൻ നയസമീപനങ്ങളിൽ വരുത്തിയ വലിയ മാറ്റങ്ങൾ. സംരംഭകർക്കു മാർഗതടസമുണ്ടാക്കുന്ന നടപടികളെല്ലാം ഓരോന്നായി മാറ്റിക്കൊണ്ടിരിക്കുകയാണ്. അടിസ്ഥാന സൗകര്യ വികസനത്തിൽ നാഴികക്കല്ലുകളാകുന്ന സുപ്രധാന പദ്ധതികൾക്കും ഈ സർക്കാർ തുടക്കം കുറിച്ചതായി കാണാം. മുടങ്ങിക്കിടന്ന ഗ്യാസ് പൈപ്പ് ലൈൻ പണി പൂർത്തീകരിച്ചതും ഐ.ഒ.സിയുടെ എൽ.പി.ജി സംഭരണിയുടെ പ്രവർത്തനം പുനരാരംഭിച്ചതും ദേശീയ പാത വികസനത്തിന്റെ ഒന്നാം ഘട്ടം പണിക്ക് ഹൈവേ അതോറിട്ടിയുടെ അനുമതി സമ്പാദിച്ചതുമൊക്കെ നല്ല കാൽവയ്പുകളാണ്. സംസ്ഥാന പാതകളിൽ പലതും വികസിപ്പിക്കാനുള്ള പദ്ധതികളും പല ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്.

കൊവിഡ് ഭീഷണി തുടരുന്ന സാഹചര്യത്തിൽ സർക്കാരിന്റെ അവശേഷിക്കുന്ന കാലത്തിന്റെ വലിയ ഭാഗവും രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കായി നീക്കിവയ്ക്കേണ്ടിവരുമെന്നു തീർച്ചയാണ്. രോഗനില വീണ്ടും ഉയർന്നുയർന്നു പോകുന്നതാണ് ഈ ദിവസങ്ങളിൽ കാണുന്നത്. മഹാമാരിയെ നിയന്ത്രിക്കാൻ സർക്കാർ കൈക്കൊള്ളുന്ന നടപടികളോട് പരമാവധി സഹകരിക്കാൻ എല്ലാ വിഭാഗം ജനങ്ങളും തയ്യാറായാൽ മാത്രമേ രോഗത്തെ തടഞ്ഞുനിറുത്താനാവൂ. നിയന്ത്രണങ്ങൾക്കൊപ്പം പുതിയ സാഹചര്യങ്ങൾക്കനുസരിച്ച് നിത്യജീവിതം മുന്നോട്ടുകൊണ്ടുപോകാനും കഴിയണം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: EDITORIAL
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.