SignIn
Kerala Kaumudi Online
Sunday, 31 May 2020 2.20 AM IST

ഒറ്റക്കെട്ടായി മുന്നേറാം, ഒന്നാമതായി നിലകൊള്ളാം

lif-

എൽ.ഡി.എഫ് സർക്കാർ അഞ്ചാം വർഷത്തിലേക്ക് കടക്കുന്നത് ആഘോഷങ്ങളില്ലാതെയാണ്. മനുഷ്യരാശി അതിന്റെ ചരിത്രത്തിലെ വലിയ വെല്ലുവിളികളിലൊന്നായ കൊവിഡ് മഹാമാരിയെ അതിജീവിക്കാനുള്ള പോരാട്ടം തുടരുന്നതിനിടെയാണ് മേയ് 25 കടന്നുവരുന്നത്.

'ഒന്നാണ് നാം; ഒന്നാമതാണ് ' എന്ന് അഭിമാനത്തോടെ നമുക്ക് പറയാൻ കഴിയുന്നത് ഏതു പ്രതിസന്ധിയെയും നേരിട്ട അനുഭവം കൊണ്ടാണ്. കഴിഞ്ഞ നാലു വർഷങ്ങളിൽ വലിയ പരീക്ഷണങ്ങൾ നമ്മെ തേടിയെത്തി. 2018ലെ മഹാപ്രളയം, കഴിഞ്ഞവർഷം വന്ന അതിതീവ്ര മഴ, ഓഖി, നിപ എന്നിവ കഠിനമായി ബാധിച്ചു. അവയുടെ ആഘാതത്തിൽ നിന്ന് കരകയറാൻ കേരള പുനർനിർമാണ പദ്ധതി ആവിഷ്‌കരിച്ച് മുന്നോട്ടുവരുമ്പോഴാണ്‌ കൊവിഡ് എത്തിയത്. ഒരുപക്ഷേ എല്ലാ വികസന പ്രവർത്തനങ്ങളും സ്തംഭിച്ചുപോകുമായിരുന്നു. അത്തരമൊരു ദുരവസ്ഥയിലേക്ക് നാടിനെ തള്ളിവിടാതെ നവകേരള സൃഷ്ടിക്കായുള്ള ഉറച്ച ചുവടുവയ്പിന് നമുക്ക് കഴിഞ്ഞു- അതാണ് ഈ വാർഷികവേളയിൽ അഭിമാനപൂർവം പറയാവുന്ന കാര്യം.
ഓരോ വർഷവും ചെയ്യുന്ന കാര്യങ്ങൾ തിരഞ്ഞെടുപ്പ് പ്രകടനപത്രികയുമായി താരതമ്യം ചെയ്ത്‌ പ്രോഗ്രസ് റിപ്പോർട്ട് ജനങ്ങൾക്കു മുന്നിൽ വയ്ക്കുക എന്നത് മറ്റെവിടെയും പതിവില്ലാത്തതാണ്. അഞ്ചാം വർഷത്തിലേക്ക് കടക്കുമ്പോഴും വാഗ്ദാനങ്ങൾ അക്കമിട്ട് നടപ്പാക്കിയതിന്റെ രേഖയായി പ്രോഗ്രസ് റിപ്പോർട്ട് സർക്കാർ വയ്ക്കുകയാണ്.

നാല് മിഷനുകൾ വിജയകരമായി

അടിസ്ഥാനസൗകര്യ വികസനം, പുതിയ നിക്ഷേപങ്ങൾ, തൊഴിലവസരങ്ങൾ, സാമൂഹ്യസുരക്ഷ, പൊതു-പാരമ്പര്യ-സഹകരണമേഖലകളുടെ ശാക്തീകരണം എന്നിവയാണ് സർക്കാർ മുൻഗണന നൽകി നടപ്പാക്കിയത്. അതിനൊപ്പം ദുരന്തനിവാരണം എന്ന അനിവാര്യമായ ചുമതല കൂടി ഏറ്റെടുത്തു. നാല് മിഷനുകൾ നടപ്പാക്കി.


നവകേരള കർമപദ്ധതിയുടെയും മിഷനുകളുടെയും ഫലപ്രാപ്തിയെ സൂചിപ്പിക്കുന്നതാണ്‌ കൊവിഡ് കാലത്തെ നമ്മുടെ അതിജീവന അനുഭവങ്ങൾ. ലൈഫ് മിഷനു കീഴിൽ 2,19,154 വീടുകളുടെ നിർമ്മാണമാണ് പൂർത്തിയാക്കിയത്. അത്രയും കുടുംബങ്ങളിലെ പത്തു ലക്ഷത്തിലധികം ജനങ്ങൾ അടച്ചുറപ്പുള്ള സ്വന്തം വീടുകളിലാണ് ഇന്ന് അന്തിയുറങ്ങുന്നത്. പൊതുവിദ്യാലയങ്ങളിലെ 45,000 ക്ലാസ്‌ മുറികൾ ഇന്ന് ഹൈടെക്കാണ്. ആയിരം സർക്കാർ സ്‌കൂളുകൾ മികവിന്റെ കേന്ദ്രങ്ങളാകുന്നു. ഇതിന്റെയെല്ലാം ഫലമായി പൊതുവിദ്യാലയങ്ങളിൽ കഴിഞ്ഞവർഷം അഞ്ചു ലക്ഷത്തിലേറെ കുട്ടികളാണ് അധികമായി ചേർന്നത്.
390 കിലോമീറ്റർ നീളത്തിൽ പുഴകളും 36,000 കിലോമീറ്റർ നീർച്ചാലുകളും പുനരുജ്ജീവിച്ചതുൾപ്പെടെ കേരളത്തിന്റെ പച്ചത്തുരുത്തുകൾ തിരിച്ചുപിടിക്കാനുള്ള മുന്നേറ്റമാണ് ഹരിതകേരളം മിഷനിലൂടെ സാദ്ധ്യമായത്. തരിശുരഹിതമായ 26 ഗ്രാമങ്ങളും മൂന്നരലക്ഷം ടൺ പച്ചക്കറിയുടെ അധിക ഉത്പാദനവും ഈ മിഷന്റെ നേട്ടങ്ങളാണ്.


ഇന്ത്യയിൽ ആദ്യ കൊവിഡ് ബാധ ഉണ്ടായത്‌ കേരളത്തിലാണ്. ഉയർന്ന ജനസാന്ദ്രതയും പ്രവാസികേരളീയരുടെ എണ്ണക്കൂടുതലും ഇവിടെ കൂട്ടമായി പാർക്കുന്ന അതിഥി തൊഴിലാളികളും - ഇങ്ങനെ രോഗബാധ പടരുന്നതിനുള്ള എല്ലാ സാഹചര്യവുമുള്ള സംസ്ഥാനമാണ് നമ്മുടേത്. അത്തരമൊരു അപകടത്തിൽനിന്ന് നാടിനെ സംരക്ഷിക്കാൻ നമുക്ക് വലിയൊരളവിൽ സാധിച്ചു. സർക്കാർ സംവിധാനങ്ങളും ജനങ്ങളും ഒന്നിച്ച് ജാഗ്രതയോടെ ഇടപെട്ടു. സെക്രട്ടേറിയറ്റിലെ വാർ റൂം മുതൽ വീടുകളിൽ കഴിയുന്ന വയോജനങ്ങൾക്ക് ഭക്ഷണവും മരുന്നും എത്തിക്കുന്ന ആരോഗ്യ പ്രവർത്തകർ വരെ അവിശ്രമം കൊവിഡിനെതിരെ പോരാടി. അത് തുടരുകയാണ്.
ആർദ്രം മിഷനിലൂടെ പ്രാഥമികാരോഗ്യകേന്ദ്രം മുതൽ മെഡിക്കൽകോളേജ് വരെ ഉന്നത നിലവാരത്തിലെത്തിച്ചു. ആരോഗ്യ സൂചികകളിൽ ആഗോള നിലവാരത്തിലേക്ക്‌ കേരളം ഉയർന്നു. കൊവിഡ് പ്രതിരോധത്തിൽ ലോകം മുഴുവൻ ആദരവോടെ വീക്ഷിക്കുന്ന നിലയിലേക്ക് നമുക്ക് മുന്നേറാൻ കഴിഞ്ഞു. സാമൂഹ്യ സന്നദ്ധസേനയും പൊലീസും ഫയർ ആൻഡ് റെസ്‌ക്യു സേനയും തദ്ദേശ സ്ഥാപനങ്ങളും ആരോഗ്യ സംവിധാനങ്ങളും ഒരേ ചരടിൽ കോർത്തതു പോലെയാണ്‌ കൊവിഡ് പ്രതിരോധത്തിൽ അണിചേർന്നത്.


എല്ലാവരെയും ഉൾച്ചേർക്കുന്ന പ്രതിരോധ നയമാണ് കൊവിഡിനെതിരെ ആവിഷ്‌കരിച്ചത്. കേരളമാണ് ഈ ദുരിതകാലത്തെ അതിജീവിക്കാൻ 20,000 കോടി രൂപയുടെ ഉത്തേജക പാക്കേജ് രാജ്യത്താദ്യമായി പ്രഖ്യാപിച്ചത്. സമൂഹ അടുക്കളകളിലൂടെയുള്ള ഭക്ഷണവിതരണവും സൗജന്യരോഗചികിത്സയും കൊവിഡ് ആശുപത്രികളുടെ അതിവേഗത്തിലുള്ള സജ്ജീകരണവും കേരളത്തിന്റെ സവിശേഷ നേട്ടങ്ങളാണ്.
ഒരു പ്രതിസന്ധിക്കു മുമ്പിലും തളരാൻ നാം തയ്യാറല്ല. പ്രളയം നാശം വിതച്ചപ്പോൾ പുതിയകേരളം കെട്ടിപ്പടുക്കാനുള്ള സമഗ്ര പദ്ധതിക്കാണ് നാം രൂപം നൽകിയത്. സാമ്പത്തിക ഞെരുക്കവും അർഹതപ്പെട്ടതു ലഭിക്കാത്ത സ്ഥിതിയും വികസന സ്തംഭനത്തിലേക്ക് നയിച്ചേക്കും എന്ന സാഹചര്യത്തിലാണ് നമ്മുടേതായ മാർഗങ്ങളിലൂടെ വിഭവങ്ങൾ കണ്ടെത്താൻ മുന്നിട്ടിറങ്ങിയത്.

'കിഫ്ബി'യിലൂടെ വികസനക്കുതിപ്പ്

50,000കോടി രൂപയുടെ പശ്ചാത്തലസൗകര്യ വികസനം ബഡ്ജറ്റിനു പുറത്ത് പണം കണ്ടെത്തി നടപ്പാക്കാൻ ആവിഷ്‌കരിച്ച 'കിഫ്ബി' പുനരുജ്ജീവനത്തിന്റെ തനതുവഴിയാണ്. 40402.84 കോടി രൂപയുടെ നിർമാണ പ്രവൃത്തികൾക്കാണ് കിഫ്ബി വഴി ഇതുവരെ അനുവാദം നൽകിയത്. മസാലബോണ്ടുകൾ വഴി 2150കോടി രൂപ സമാഹരിച്ചു. കിഫ്ബി മുഖേന സാധാരണ വികസനത്തിന്റെ അഞ്ചിരട്ടി മുന്നേറ്റമുണ്ടാക്കാനാണ് സാധിക്കുന്നത്.

വൻകിട പദ്ധതികളുമായി മുന്നോട്ട്

അസാദ്ധ്യമെന്ന് വിധിയെഴുതി തള്ളിക്കളഞ്ഞ വൻകിട പദ്ധതികൾ സാദ്ധ്യമാക്കിയതിന്റെ റെക്കാഡും ഓർമിക്കേണ്ടതുണ്ട്. അതിലൊന്ന് ഗെയിൽ പൈപ്പ്‌ലൈനാണ്. വീടുകളിൽ പൈപ്പ് വഴി പാചകവാതകം എത്തിത്തുടങ്ങി. മുടങ്ങിക്കിടന്ന കൊച്ചി-ഇടമൺ വൈദ്യുതി പ്രസരണ ലൈൻ യാഥാർത്ഥ്യമാക്കിയത് ഊർജരംഗത്തെ ശ്രദ്ധേയ കാൽവയ്പാണ്. പുതിയ മലയോര ഹൈവേ 1251 കിലോമീറ്ററിലും തീരദേശ ഹൈവേ 650 കിലോമീറ്ററിലും പണി നടക്കുന്നു. കാസർകോട്-തിരുവനന്തപുരം സെമി ഹൈസ്പീഡ് റെയിൽവേയുടെ പ്രാരംഭ പ്രവർത്തനം പുരോഗമിക്കുന്നു. ദേശീയപാതാ വികസനവും ദേശീയ ജലപാതയുടെ പ്രവർത്തന പുരോഗതിയും കൊച്ചി മെട്രോ വിപുലീകരണവും ഈ പട്ടികയിലെ ശ്രദ്ധേയമായ ചിലതു മാത്രമാണ്.

നീതി ആയോഗിന്റെ ആരോഗ്യസൂചികയിലും വ്യവസായ വികസന സൂചികയിലും സ്‌കൂൾ വിദ്യാഭ്യാസ ഗുണനിലവാര പട്ടികയിലും കേരളം ഒന്നാമതാണ്. ഇനിയുള്ള നാളുകളിൽ നാം നേരിടുന്ന വെല്ലുവിളി മുന്നിൽ കണ്ടുകൊണ്ടാണ് സുഭിക്ഷകേരളം, വ്യവസായ ഭദ്രത എന്ന രണ്ടു പദ്ധതികൾക്ക് തുടക്കം കുറിച്ചത്.


സുഭിക്ഷകേരളം

ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താനുള്ളതാണ് 'സുഭിക്ഷകേരളം' പദ്ധതി. 3860കോടി രൂപ ചെലവിൽ ഒരു വർഷത്തിനുള്ളിൽ ഇത് നടപ്പാക്കും. കൃഷി, മൃഗസംരക്ഷണ, ക്ഷീര വികസന, മത്സ്യബന്ധന വകുപ്പുകളുടെ ഇതിലെ പങ്കാളിത്തം യഥാക്രമം 1449, 118, 215, 2078കോടി രൂപയുടേതാണ്. 25,000 ഹെക്ടറോളം തരിശുഭൂമിയിൽ കൃഷിയിറക്കും. പുതിയ തൊഴിലുകൾ സൃഷ്ടിക്കുന്നതിനും ചെറുപ്പക്കാരെയും തിരിച്ചുവരുന്ന പ്രവാസികളെയും കൃഷിയിലേക്ക് ആകർഷിക്കുന്നതിനും കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു.

ഭദ്രതാ പദ്ധതി

കൊവിഡ് കാരണം കേരളത്തിന്റെ വ്യവസായമേഖലയ്ക്ക് 15,000 കോടി രൂപ നഷ്ടമുണ്ടാകുമെന്ന് കണക്കാക്കുന്നു. വ്യാപാരമേഖലയുടെ നഷ്ടം 17,000 കോടി രൂപയാണ്. ഐ.ടി മേഖലയിൽ 26,200 തൊഴിലുകൾ നഷ്ടപ്പെട്ടു. പരോക്ഷമായ തൊഴിൽ നഷ്ടം 80,000 വരും. ഈ സാഹചര്യം നേരിടുക എളുപ്പമല്ല. സമഗ്രമായ സമീപനവും പദ്ധതികളും വേണ്ടതുണ്ട്. അതിനായി ആവിഷ്‌കരിച്ചതാണ് ഭദ്രതാ പദ്ധതി. അതിന്റെ ഭാഗമായി 3434കോടി രൂപയുടെ സഹായമാണ് സൂക്ഷ്മ-ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്ക് നൽകുന്നത്.


വ്യവസായ ലൈസൻസ് 7 ദിവസത്തിനകം

കൊവിഡ് പ്രതിരോധത്തിൽ കേരളം ആർജിച്ച നേട്ടങ്ങൾ ലോകശ്രദ്ധ ആകർഷിച്ചിട്ടുണ്ട്. നിക്ഷേപകർ കേരളം സുരക്ഷിതമാണെന്ന് പറഞ്ഞു തുടങ്ങിയിട്ടുണ്ട്. പുതിയ സംരംഭകരെ ആകർഷിക്കാനായി പ്രധാന വ്യവസായ ലൈസൻസുകളും അനുമതികളും അപേക്ഷിച്ചു ഏഴു പ്രവൃത്തി ദിവസങ്ങൾക്കകം നൽകും. മൾട്ടിമോഡൽ ലോജിസ്റ്റിക്‌സ് സെന്ററുകൾ, കാർഷികോത്പന്നങ്ങളുടെ മൂല്യവർദ്ധനയ്ക്കുള്ള സംരംഭങ്ങൾ തുടങ്ങിയവയും ഇതിന്റെ ഘടകങ്ങളാണ്.

പൊരുതി ജയിക്കണം

2018-19 വർഷത്തിൽ രാജ്യം സാമ്പത്തിക മാന്ദ്യത്തിലായപ്പോൾ കേരളം സാമ്പത്തിക വളർച്ച രേഖപ്പെടുത്തി. കേരളത്തിന്റെ വളർച്ചാ നിരക്ക് 7.3 ശതമാനത്തിൽ നിന്നു 7.5 ശതമാനമായി ഉയർന്നു. അത് നമ്മുടെ നേട്ടമാണ്. എന്നാൽ, രാജ്യത്തിന്റെ വളർച്ചാ നിരക്ക് വലിയതോതിൽ താഴോട്ടുപോകും എന്നാണ് വിലയിരുത്തുന്നത്. ഈ ഘട്ടത്തിൽ ഒരേസമയം ജീവനും ജീവനോപാധികളും സംരക്ഷിക്കുന്ന നമ്മുടെ സമീപനം കൂടുതൽ കരുത്തോടെ മുന്നോട്ടു കൊണ്ടുപോകേണ്ടതുണ്ട്. ഉത്പാദനവും തൊഴിലും വളരുന്ന നവകേരള നിർമാണത്തിലൂടെ കൊവിഡാനന്തര കാലത്തെ അതിജീവനത്തിന്റെ പോർമുഖത്ത് നമുക്ക് പൊരുതി ജയിക്കേണ്ടതുണ്ട്.

പ്രവാസി സുരക്ഷ

കൊവിഡ് തീവ്രമായി ബാധിച്ച വിവിധ ഭാഗങ്ങളിൽ പ്രവാസികേരളീയർ ജീവിക്കുന്നുണ്ട്. പ്രവാസി സമൂഹം എല്ലാ പ്രതിസന്ധിഘട്ടത്തിലും നമുക്ക് താങ്ങും തണലുമായി നിന്നവരാണ്. അവർ പലരും സ്വന്തം മണ്ണിലേക്ക് തിരിച്ചെത്തുകയാണ്. അവർക്ക് സുരക്ഷിതത്വം ഒരുക്കാനും തുടർന്നങ്ങോട്ടുള്ള ജീവിതത്തിന് പിന്തുണ നൽകാനുമുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടത്തുന്നത്.

ഒറ്റക്കെട്ടായി മുന്നേറാം

പ്രതിസന്ധികളിൽ കാലിടറാതെ ദുരന്തങ്ങളെ അതിജീവിച്ചാണ് സർക്കാർ നാലുവർഷം പിന്നിട്ടത്. നമ്മുടെ പ്രഖ്യാപിത ലക്ഷ്യങ്ങളിൽ നിന്ന് പിന്നോട്ടടിപ്പിക്കാൻ ഒരു ദുരന്തത്തിനും സാദ്ധ്യമായില്ല. എതിർപ്പിനുവേണ്ടിയുള്ള എതിർപ്പും കുപ്രചാരണങ്ങളും സർക്കാരിന്റെ പ്രയാണത്തെ തളർത്തിയില്ല. ക്ഷേമനിധി ആനുകൂല്യം ലഭ്യമല്ലാത്തവരെയും അതിഥി തൊഴിലാളികളെയും അഗതികളെയുമടക്കം എല്ലാവരെയും ചേർത്തുപിടിച്ചുകൊണ്ടാണ്‌ കൊവിഡ് പ്രതിസന്ധിയെ നാം അഭിമുഖീകരിക്കുന്നത്. സാഹചര്യത്തെ മനസിലാക്കി പുതിയ അതിജീവന പദ്ധതി ആവിഷ്‌കരിക്കുക എന്ന ചുമതലയാണ് നാം ഏറ്റെടുത്തിട്ടുള്ളത്. ആരോഗ്യവും വിദ്യാഭ്യാസവും ആത്മാഭിമാനവുമുള്ള നവകേരളമാണ് നമ്മുടെ ലക്ഷ്യം. ഈ അഞ്ചാം വർഷത്തിലേക്ക് കടക്കുന്ന വേളയിൽ നവകേരള സൃഷ്ടിക്കായുള്ള പ്രതിജ്ഞയും പ്രതിബദ്ധതയും ആവർത്തിച്ചുറപ്പിച്ച് നമുക്ക് ഒറ്റക്കെട്ടായി മുന്നേറാം- ഒന്നാമതായി തന്നെ നിലകൊള്ളാം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LDF GOVERNMENT
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.