SignIn
Kerala Kaumudi Online
Monday, 01 June 2020 8.16 AM IST

ദുർഘടപാതകൾ, ആവേശഗാഥകൾ

ff

നാലു വർഷം. അഞ്ച് ദുരന്തങ്ങൾ. സമീപകാലത്തൊന്നും കേരളത്തിലെ ഒരു ഭരണകൂടവും നേരിടേണ്ടി വന്നിട്ടില്ല, ഇത്രയും വലിയ വെല്ലുവിളികൾ. ഒടുവിലെത്തിയ കൊവിഡ് മഹാമാരിയെയും കേരളം വലിയൊരളവ് നിയന്ത്രിച്ചു നിറുത്തിയിരിക്കുന്നു.

ദുരന്തമുഖത്ത് നിന്നുകൊണ്ട് കേരളത്തിലെ ഇടതു സർക്കാർ അവസാന വർഷത്തിലേക്കു കടക്കുകയാണ്.

അടുത്തത് തിരഞ്ഞെടുപ്പു വർഷമാണ്. നാല് മിഷനുകളിലൂടെ സർക്കാർ വികസനസങ്കല്പത്തിന് വിത്തുപാകിയിട്ടുണ്ട്. ആരോഗ്യരംഗത്തെ ഫലപ്രദമായ ഇടപെടലിന് കളമൊരുക്കിയ ആർദ്രം മിഷൻ മഹാമാരിയുടെ കാലത്ത് ചർച്ചയാവുന്നു. സാമ്പത്തിക ഞെരുക്കവും ദുരന്തങ്ങൾ സൃഷ്ടിച്ച ആഘാതവും തുറിച്ചുനോക്കുന്ന കേരളത്തിൽ വികസനസ്വപ്നങ്ങൾ മോറട്ടോറിയത്തിലേക്കു നീങ്ങാതിരിക്കാൻ സർക്കാർ കിഫ്ബിയിലൂടെ സമാന്തര സംവിധാനം തുറന്നു. പൊതുവിദ്യാലയ സംരക്ഷണവും ലൈഫ് ഭവനപദ്ധതിയും ഹരിതകേരളം മിഷനും സർക്കാരിന്റെ വികസന കാഴ്ചപ്പാടിനെ അർത്ഥവത്താക്കുന്നുണ്ട്. അതേസമയം, രാഷ്ട്രീയ വിവാദങ്ങൾ ഒഴിഞ്ഞുനിന്നില്ല. ചിലതിലെല്ലാം കൈ പൊള്ളിയിട്ടുമുണ്ട്.

 മന്ത്രിമാരുടെ രാജികൾ

സർക്കാർ അധികാരമേറ്റ് നാലു മാസം പിന്നിടുമ്പോഴുണ്ടായ ബന്ധുനിയമന ആരോപണത്തിൽ മന്ത്രിസഭയിൽ രണ്ടാമനായി നിന്ന ഇ.പി. ജയരാജന് രാജി വയ്ക്കേണ്ടിവന്നതാണ് വൻഭൂരിപക്ഷത്തോടെ അധികാരമേറിയ സർക്കാരിനേറ്റ ആദ്യ പ്രഹരം. അവിടെ നിന്ന് അഞ്ചു മാസം പിന്നിടുമ്പോഴേക്കും സ്വകാര്യചാനൽ ഒരുക്കിയ ഹണിട്രാപ്പിൽ കുരുങ്ങി, ഗതാഗതമന്ത്രിയായിരുന്ന എ.കെ. ശശീന്ദ്രന്റെ രാജി രണ്ടാമത്തെ പ്രഹരമായി. ശശീന്ദ്രനു പകരം മന്ത്രിസഭയിലെത്തിയ തോമസ് ചാണ്ടിയെ കായൽ കൈയേറ്റ വിവാദം വിടാതെ പിടികൂടി. പിന്നീട് അത് ചാണ്ടിയുടെ രാജിയിൽ കലാശിച്ചു. ഘടകകക്ഷിയായ സി.പി.ഐ ഉയർത്തിയ കലാപം ഭരണമുന്നണിയുടെ സ്വാസ്ഥ്യം കെടുത്തി. ചാണ്ടിയെ ചൊല്ലി സി.പി.ഐ മന്ത്രിമാർ മന്ത്രിസഭായോഗം ബഹിഷ്കരിക്കുന്ന അപൂർവ ചരിത്രവുമുണ്ടായി.

 ഓഖി, നിപ്പ, മഹാപ്രളയം

2017 നവംബറിൽ കേരളതീരത്ത് വീശിയടിച്ച ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച് കടന്നുപോയി. മത്സ്യത്തൊഴിലാളികളുടെ വിലാപം മുഴങ്ങി. സർക്കാർ പതറിയെന്ന് പ്രതിപക്ഷം വിമർശിച്ചു. പിന്നാലെ ഉണർന്നെണീറ്റ സർക്കാർ വിമർശനത്തെ അതിജീവിച്ചു. 2018 മേയിൽ കോഴിക്കോട് പേരാമ്പ്രയിൽ 18 ജീവൻ അപഹരിച്ച നിപ്പ വൈറസിനെ സർക്കാർ അതിവിദഗ്ദ്ധമായി ചെറുത്തു തോല്പിച്ചത് തിളക്കമായി. പിന്നാലെ ആഗസ്റ്റിൽ മഹാപ്രളയം സംസ്ഥാനത്തെ തകർത്തുകളഞ്ഞു. ഡാം പരിപാലനത്തിലെ വീഴ്ചയെന്ന് പ്രതിപക്ഷം വിമർശിച്ചെങ്കിലും മുഖ്യമന്ത്രി നേരിട്ടു നടത്തിയ ഏകോപനത്തിലൂടെ കാര്യങ്ങൾ നിയന്ത്രിച്ച് പ്രളയത്തെ അതിജീവിച്ചു. 2019 ലും പ്രളയം കേരളത്തിന് ആഘാതമായി.

ശബരിമല വിവാദം

2018 സെപ്റ്റംബർ 28നാണ് ശബരിമലയിൽ യുവതീപ്രവേശനമാകാമെന്ന് സുപ്രീംകോടതി വിധിച്ചത്. പുരോഗമനപരമായ വിധിക്കൊപ്പം നിലകൊള്ളാൻ ഇടതു സർക്കാർ മുന്നിൽ നിന്നപ്പോൾ നാമജപ ഘോഷയാത്രകൾ സർക്കാരിന്റെ ഉറക്കം കെടുത്തി. പ്രതിപക്ഷവും സംഘപരിവാറും ഒരുപോലെ യുദ്ധക്കളത്തിൽ അണിനിരന്നു. ബി.ജെ.പിയുടെ നേതൃത്വത്തിൽ പത്തോളം ഹർത്താലുകളുണ്ടായി.

സമരമുന്നണിക്കെതിരെ പ്രതിരോധം തീർക്കാൻ സർക്കാർ നവോത്ഥാന മൂല്യസംരക്ഷണ സമിതിയുണ്ടാക്കി. 2018 ജനുവരി ഒന്നിന് വനിതാമതിൽ അരങ്ങേറി. തൊട്ടടുത്ത ദിവസം രണ്ടു യുവതികൾ ശബരിമലയിൽ എത്തിയതോടെ സമരത്തിന്റെ സ്വഭാവം മാറി. തീർത്ഥാടനകാലം അവസാനിച്ചതോടെ സമരങ്ങളും കെട്ടടങ്ങിയെങ്കിലും 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അതും ആയുധമായി. ദേശീയ രാഷ്ട്രീയത്തോടൊപ്പം കേരളത്തിലുടനീളം ഇത് ചർച്ചയാക്കാൻ പ്രതിപക്ഷം കിണഞ്ഞുശ്രമിച്ചു. വിശ്വാസസംരക്ഷണ സമരത്തിൽ മുന്നണിയിൽ നിന്ന ബി.ജെ.പിക്കു പക്ഷേ തിരഞ്ഞെടുപ്പിൽ ഇതിന്റെ നേട്ടം കൊയ്യാനായില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിക്കു ശേഷം, ശബരിമല വിഷയത്തിൽ സർക്കാർ തെറ്റിദ്ധരിക്കപ്പെട്ടെന്ന് സി.പി.എം വിലയിരുത്തി. ഗൃഹസന്ദർശന പരിപാടിയിലൂടെ തെറ്റിദ്ധാരണ നീക്കാൻ അവർ ഇറങ്ങി.

ഉപതിരഞ്ഞെടുപ്പുകൾ

ലോക്‌സഭയിലേക്ക് 9 സിറ്റിംഗ് എം.എൽ.എമാരാണ് ഇരുമുന്നണികളിലുമായി മത്സരിച്ചത്. നാലുപേർ വിജയിച്ചു. ലീഗ് അംഗം പി.ബി. അബ്ദുറസാഖിന്റെ നിര്യാണത്തെ തുടർന്നുണ്ടായ ഒഴിവിൽ മഞ്ചേശ്വരത്ത് ഉൾപ്പെടെ അഞ്ചിടത്ത് ഒരുമിച്ച് ഉപതിരഞ്ഞെടുപ്പു നടന്നപ്പോൾ യു.ഡി.എഫിന്റെ രണ്ട് സിറ്റിംഗ് സീറ്റുകൾ എൽ.ഡി.എഫ് പിടിച്ചെടുത്തു- വട്ടിയൂർക്കാവും കോന്നിയും. സി.പി.എമ്മിന്റെ സിറ്റിംഗ് സീറ്റായ അരൂർ യു.ഡി.എഫ് പിടിച്ചു. എറണാകുളവും മഞ്ചേശ്വരവും അവർക്കൊപ്പം നിന്നു. കെ.എം.മാണിയുടെ നിര്യാണത്തോടെ ഒഴിവുവന്ന പാലായിൽ കേരള കോൺഗ്രസിന്റെ അരനൂറ്റാണ്ട് കാലത്തെ കുത്തക തകർത്ത് ഇടതു മുന്നണി വിജയിച്ചു. അതിനു മുമ്പത്തെ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിലും ജയം ഇടതിനൊപ്പമായിരുന്നു. വേങ്ങര യു.ഡി.എഫിനും.

പൗരത്വ ഭേദഗതി

പൗരത്വഭേദഗതി നിയമത്തിനെതിരെ മുന്നിൽ നിന്നു പോരാടാൻ മുഖ്യമന്ത്രി തന്നെയെത്തി. പ്രതിപക്ഷനേതാവിനെ പങ്കെടുപ്പിച്ച് പ്രതിഷേധയോഗം ചേർന്നത് കോൺഗ്രസിനകത്ത് അസ്വാരസ്യമുണ്ടാക്കി. കേന്ദ്രസർക്കാരിനു വേണ്ടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രംഗത്തിറങ്ങിയത് സർക്കാർ- ഗവർണർ പോരെന്ന നില സൃഷ്ടിച്ചു. നിയമസഭയിലെ നയപ്രഖ്യാപനത്തിൽ പൗരത്വവിഷയത്തിൽ തന്റെ വിയോജിപ്പ് ഗവർണർ അറിയിച്ചെങ്കിലും സർക്കാർ നിലപാട് വായിച്ചു. ഗവർണർക്കെതിരായ പ്രതിപക്ഷപ്രമേയം സർക്കാർ തള്ളി.

വിവാദങ്ങളിൽ തട്ടി

2018 ഡിസംബറിൽ ഡിസ്റ്റിലറികൾക്കും ബ്രുവറികൾക്കും അനുമതി നൽകാനെടുത്ത തീരുമാനത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയപ്പോൾ പ്രതിരോധത്തിലേക്കു വലിഞ്ഞ സർക്കാരിന് തീരുമാനം തിരുത്തേണ്ടി വന്നു. ന്യൂനപക്ഷ വികസന കോർപ്പറേഷൻ എം.ഡിയായി ബന്ധുവിനെ നിയമിച്ചെന്ന പഴി മന്ത്രി ജലീലിന് കേൾക്കേണ്ടിവന്നു. ബന്ധു സ്വയം ഒഴിഞ്ഞതോടെ വിവാദവുമൊഴിഞ്ഞു. സർവകലാശാലകളിലെ അദാലത്തുകളെ ചൊല്ലിയും പ്രതിപക്ഷം മന്ത്രി ജലീലിനെതിരെ കൊമ്പുകോർത്തെങ്കിലും സർക്കാർ പ്രതിരോധിച്ചു.

സി.എ.ജി റിപ്പോർട്ടിന്റെ ചുവടുപിടിച്ച് പൊലീസ് തലപ്പത്തെ അഴിമതി പ്രതിപക്ഷം നിയമസഭയിലടക്കം ആയുധമാക്കിയെങ്കിലും ക്രമേണ ആറിത്തണുത്തു. ഏറ്റവും ഒടുവിൽ കൊവിഡ് രോഗികളുടെ വിവരശേഖരണത്തിന് അമേരിക്കൻ കമ്പനിയായ സ്പ്രിൻക്ലറിന് കരാർ നൽകിയത് പ്രതിപക്ഷം രാഷ്ട്രീയാക്രമണത്തിന് ആയുധമാക്കി. സ്പ്രിൻക്ലറിനെ വിവരശേഖരണത്തിൽ നിന്നു മാറ്റി സർക്കാർ സി- ഡിറ്റിന്റെ ചുമതലയിലാക്കി.

പ്രതിപക്ഷവിമർശനം പലപ്പോഴും ക്രിയാത്മകമല്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു. കൊവിഡ് പ്രതിരോധകാര്യത്തിലും അത് സമൂഹമാദ്ധ്യമങ്ങളിൽ വലിയ ചർച്ചയാണ്. ദുരന്തങ്ങളെ അവസരമാക്കുന്നതിലെ ഇച്ഛാശക്തി മുഖ്യമന്ത്രി പിണറായി വിജയന്റെ ഗ്രാഫ് സമീപകാലത്തായി ഉയർത്തിയിട്ടുണ്ട്. പ്രതിപക്ഷത്തിന്റെ ചില ആരോപണങ്ങളിൽ കൈ പൊള്ളിയെന്നു വരുമ്പോഴും നിരന്തരം കൈ പൊള്ളിക്കാൻ പ്രതിപക്ഷത്തിനാവുന്നുണ്ടോയെന്ന ചോദ്യം നാലാംവർഷം പൂർത്തിയാക്കുമ്പോൾ ബാക്കി.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LDF GOVERNMENT, CM PINARAYI VIJAYAN
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.