SignIn
Kerala Kaumudi Online
Friday, 10 July 2020 4.22 PM IST

പ്രതിബന്ധങ്ങളെയെല്ലാം തരണം ചെയ്ത് രാജ്യത്തിനും ലോകത്തിനും കേരളം മാതൃകയായി; നാല് വർഷത്തെ ഭരണനേട്ടം വിശദീകരിച്ച് മുഖ്യമന്ത്രി

cm

തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് വർഷം കൊണ്ട് പൂർത്തിയാക്കാനുദേശിച്ച പദ്ധതികളിൽ ഭൂരിഭാഗവും നാല് വർഷം കൊണ്ട് പൂർത്തിയാക്കാൻ സാധിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തുടരെതുടരെ വന്ന മഹാമാരികളും പ്രകൃതിക്ഷോഭങ്ങളും സാധാരണ നിലയ്ക്ക് വികസ രംഗത്ത് പ്രതികൂലമായി ബാധിക്കേണ്ടതാണ്.എന്നാൽ നമ്മുടെ വികസന രംഗം തകർന്നില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

പ്രളയത്തെയും ഓഖിയേയും നിപ്പയേയും എല്ലാം നമ്മൾ അതിജീവിച്ചു. ലോകത്താകെയുള്ള കേരളീയസമൂഹം ഒറ്റക്കെട്ടായി പ്രതിരോധിക്കാൻ സഹായഹസ്തവുമായി വന്നു. പ്രളയത്തെ അഥിജീവിച്ച് നമ്മൾ മുന്നേറാൻ ശ്രമിക്കുമ്പോഴാണ് രണ്ടാമത്തെ പ്രളയം വന്നത്. അത് ഉണ്ടാക്കിയ ദുരന്തം പരിഹരിക്കാൻ നമ്മൾ ശ്രമിച്ചുകൊണ്ടിരിക്കെയാണ് ചരിത്രത്തിലില്ലാത്ത വെല്ലുവിളി ഉയർത്തി കൊവിഡ് വന്നത്. ഇതിനെയെല്ലാം അതിജീവിക്കുക പ്രയാസമാണ്. എന്നാൽ പ്രതിബന്ധങ്ങളെയെല്ലാം തരണം ചെയ്ത് രാജ്യത്തിനും ലോകത്തിനും വ്യത്യസ്ത മേഖലകളിൽ മുന്നേറ്റം സൃഷ്ടിക്കാൻ കേരളത്തിന് കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങളോട് എന്താണോ പറയുന്നത് അത് നടപ്പാക്കാനുള്ളതെന്നാണ് എൽ.ഡി.എഫ് സമീപനം. അതുകൊണ്ടാണ് എല്ലാ വർഷവും ചെയ്ത കാര്യങ്ങൾ വിശദീകരിച്ച് പ്രോഗ്രസ് റിപ്പോർട്ട് വിശദീകരിക്കാൻ കഴിയുന്നത്.സുതാര്യമായ ഭരണനിർവഹണം ഇടതുമുന്നണിയുടെ സവിശേഷതയാണ്. നവകേരള സൃഷ്ടിയാണ് സർക്കാർ ലക്ഷ്യം. ലൈഫ് മിഷനിലൂടെ രണ്ട് ലക്ഷത്തി പത്തൊമ്പതിനായിരത്തി നൂറ്റി അമ്പത്തിനാല് വീടാണ് ഈ സർക്കാർ നിർമ്മിച്ചതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

മത്സ്യതൊഴിലാളികൾക്ക് പ്രാണഭയമില്ലാതെ അന്തിയുറങ്ങാൻ പുനർഗേഹം പദ്ധതി ആവിഷ്‌കരിക്കാനായത് മികച്ച നേട്ടമാണ്. അഞ്ച് വർഷത്തിനിടെ 1,430000 പട്ടയം സർക്കാർ നൽകി.35,000 പട്ടയം കൂടി ഈ വർഷം സർക്കാരിന് നൽകാൻ കഴിയും. ഹരിതകേരള മിഷൻ നടത്തിയ പ്രവർത്തനങ്ങൾ വഴി ഒട്ടേറെ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിഞ്ഞു.546 പുതിയ പച്ച തുരുത്തുകളാണ് സൃഷ്ടിച്ചത്. പരിസ്ഥിതി സംരക്ഷണം മലയാളിയുടെ ജീവിതചര്യയായി മാറുകയും ഗ്രീൻ പ്രോട്ടോക്കോൾ ജനങ്ങളാകെ ഏറ്റെടുക്കുകയും ചെയ്തു.

കൊവിഡിനെ പ്രതിരോധിക്കാൻ കരുത്ത് നൽകിയ പദ്ധതിയാണ് ആർദ്രം മിഷൻ. പ്രാഥമികാരോഗ്യ കേന്ദ്രം മുതൽ മെഡിക്കൽ കോളേജുകൾ വരെ ലോകനിലവാരത്തിലേക്ക് ഉയർന്നു. അഡ്‌വാൻസ്ഡ് വൈറോളജി ഇൻസ്റ്റിറ്റ‌്യൂട്ട് സ്ഥാപിക്കാൻ സർക്കാരിന് കഴി‌ഞ്ഞു. ഈ സാമ്പത്തികവർഷം 15 ശതമാനം വർദ്ധന ചെലവുകളിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ അതിനൊത്ത് അർഹമായ സഹായം കേന്ദ്രത്തിൽ നിന്ന് കിട്ടുന്നില്ല. അതിനെ മറികടക്കാൻ തനതായ വഴഇ കണ്ടെത്തുകയെ വഴിയുള്ളൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കിഫ്ബി ബഡ്ജറ്റിന് പുറത്ത് അമ്പതിനായിരം കോടിയലധികം രൂപയുടെ പ്രവൃത്തികൾക്ക് അംഗീകാരം നൽകി കഴിഞ്ഞു. കിഫ്ബി മുഖേന സാധാരണ വികസനത്തെക്കാൾ അഞ്ചിരട്ടി മുന്നേറ്റമുണ്ടാക്കാൻ സാധിച്ചു. എല്ലാ വിഭാഗം ജനങ്ങളെയും ക്ഷേമപദ്ധതികളുടെ കുടക്കീഴിൽ ആക്കാൻ കഴിഞ്ഞു. കൊവിഡ് കാലത്ത് ഒരു പെൻഷനും ലഭിക്കാത്ത ആളുകൾക്ക് ആയിരം രൂപ വീതം നൽകാനും സർക്കാർ തീരുമാനിച്ചുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സ്ത്രീകൾക്കും കുട്ടികൾക്കും പട്ടികജാതി വിഭാഗങ്ങൾക്കുമെല്ലാം അർഹിക്കുന്ന പരിഗണന നൽകാൻ സർക്കാരിന് കഴി‌ഞ്ഞു.പൊലീസിൽ വനിത പ്രാതിനിധ്യം ഇരുപത്തിയഞ്ച് ശതമാനം ആക്കണമെന്നാണ് കാണുന്നത്.ഫയർ ആൻഡ് റെസ്ക്യൂ സർവ്വീസിലും സ്ത്രീകൾക്ക് ആദ്യമായി നിയമനം നൽകി.

പൊതുവിദ്യാഭ്യാസം രംഗം മെച്ചപ്പെടുത്തുന്ന സമീപനങ്ങൾ നാല് വർഷം കൊണ്ട് സർക്കാർ സ്വീകരിച്ചു. അഞ്ച് ലക്ഷം വിദ്യാർത്ഥികൾ പൊതുവിദ്യാലയത്തിലേക്ക് പുതുതായി കടന്നുവന്നു. സ്മാർട്ട് ക്ലാസും ബ്രോഡ്ബാൻഡ് കണക്ഷനും ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കിയെന്ന് പറഞ്ഞ മുഖ്യമന്ത്രി പൊതുവിദ്യാഭ്യാസ രംഗത്തെ നേട്ടങ്ങൾ അക്കമിട്ട് നിരത്തി.

കുടുംബശ്രീക്ക് റെക്കോഡ് വളർച്ചയാണ് ഈ ഘട്ടത്തൽ ഉണ്ടായത്. പൊലീസിലും എക്സൈസിലും നൂറ് വീതം പട്ടികവർഗക്കാരെ നിയമിച്ചു. ആദിവാസി ഊരുകളിലേക്ക് സഞ്ചരിക്കുന്ന റേഷൻ കാർഡുകളടക്കം എണ്ണമറ്റ ഇടപെടലുകൾ ഈ മേഖലയിൽ നടന്നതായും മുഖ്യമന്ത്രി പറഞ്ഞു.

എല്ലാ മേഖലകളിലും മിനിമം വേതനം നൽകിയ സർക്കാർ സ്വകാര്യമേഖലയിലും അസംഘടിത തൊഴിലാളികൾക്കും വേതന സുരക്ഷ ഉറപ്പാക്കിയെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. തോട്ടം മേഖലയ്ക്ക് പ്രത്യേക പാക്കേജ് നടപ്പിലാക്കിയ സർക്കാർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വഴി അർഹരായ ആളുകൾക്ക് സാമ്പത്തിക സഹായം എത്തിക്കാനാണ് ഊന്നൽ നൽകിയത്. സർക്കാർ വന്നതിന് ശേഷം ദുരിതാശ്വാസ നിധിയുടെ കാര്യത്തിൽ കാതലായ മാറ്റം ഓൺലൈൻ വഴി അപേക്ഷ നൽകി സഹായം നേടാം എന്നതാണെന്നും അദേഹം പറഞ്ഞു.

ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണത്തിനാണ് സർക്കാർ മുന്നിട്ട് നിന്നത്. സർക്കാർ നടത്തിയ വലിയ സംഭാവനകളിലൊന്ന് കേരളബാങ്ക് രൂപീകരണമാണ്. ഇത് നടപ്പിലാകില്ലെന്നും അസാധ്യമെന്നും പറഞ്ഞുകൊണ്ടേയിരിക്കുന്നവരുണ്ട്. അത്തരക്കാരുടെ മോഹങ്ങളെയെല്ലാം അസ്ഥാനത്താക്കിയാണ് കേരള ബാങ്ക് നിലവിൽ വന്നത്. ഇടപാടുകാർക്ക് കുറഞ്ഞ നിരക്കിൽ സേവനം നൽകാനും ഉയർന്ന നിരക്കിൽ കാർഷിക വായ്പ നൽകാനും കേരള ബാങ്കിന് കഴിയുമെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

സ്റ്റാർട്ടപ്പുകൾക്ക് അവസരം ഒരുക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന സംസ്ഥാനമാണ് കേരളം. 2016ൽ മുന്നൂറ് സ്റ്റാർട്ടപ്പുകളുണ്ടായിരുന്നിടത്ത് ഇപ്പോഴത് രണ്ടായിരത്തി ഇരുന്നൂറായി. സ്റ്റാർട്ടപ്പുകളിലെ നിക്ഷേപം 875 കോടിയായി വർദ്ധിച്ചിട്ടുണ്ട്. സ്റ്റാർട്ടപ്പുകൾക്ക് അനുകൂലമായ സൗകര്യങ്ങൾ സർക്കാർ ഒരുക്കുകയാണെന്നും ഇൻറർനെറ്റ് പൗരാവകാശമായി പ്രഖ്യാപിക്കുന്ന ഇന്ത്യയിലെ ആദ്യസംസ്ഥാനമാണ് കേരളമെന്നും മുഖ്യമന്ത്രി പറഞ്ഞു..

ഐ.ടി മേഖലയിൽ ലോകോത്തര കമ്പനികൾ കേരളത്തിലേക്ക് വന്നുതുടങ്ങി. സംസ്ഥാനത്തെ ഐ.ടി സ്പെയ്സ് ഇരട്ടിയാക്കാനാണ് ഉദേശിക്കുന്നത്.വ്യാവസായിക രംഗം നിക്ഷേപ രംഗത്ത് വലിയ മുന്നേറ്റങ്ങൾ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നത്. പൊതുമേഖലസ്ഥാപനങ്ങളുടെ നഷ്ടം സർക്കാർ അധികാരം ഏൽക്കുന്ന സമയത്ത് 131 കോടി ആയിരുന്നു. ഇപ്പോൾ പൊതുമേഖല സ്ഥാപനങ്ങൾ വഴി 56 കോടിയുടെ പ്രവർത്തനലാഭമുണ്ട്. പൊതുമേഖലസ്ഥാപനങ്ങളോട് കേന്ദ്രം സ്വീകരിക്കുന്ന നിലപാടല്ല സംസ്ഥാനത്തിനുള്ളത്. കേന്ദ്രം വിൽക്കാൻ തീരുമാനിച്ച പൊതുമേഖലസ്ഥാപനങ്ങൾ സർക്കാർ ഏറ്റെടുക്കാൻ ശ്രമിക്കുകയാണ്.

എന്നാൽ കേന്ദ്രത്തിൽ നിന്ന് അതിനുള്ള അനുമതി വൈകുകയാണ്. മെച്ചപ്പെട്ട നിക്ഷേപ സൃഹൃദ സംസ്ഥാനമായി കേരളം മാറുകയാണ്.പുതിയ കാലത്തിനനുസരിച്ചുള്ള വ്യവസായ സംരംഭങ്ങൾ സർക്കാർ ആരംഭിക്കുകയാണ്. കൊവിഡിനെ തുടർന്ന് ലോകത്താകെ വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. എന്നാൽ പ്രതിസന്ധി കഴിയുമ്പോൾ പുതിയ സാധ്യതകളും അവസരങ്ങളും വരും. ലോകത്തെ ഏറ്റവും സുരക്ഷിതമായ ഇടമെന്ന ഖ്യാതിയാണ് കേരളത്തിനിന്ന് രാജ്യത്തും ലോകത്തുമുള്ളത്. വ്യവസായങ്ങൾ കേന്ദ്രീകരിച്ചിട്ടുള്ള പല രാജ്യങ്ങളിൽ നിന്ന് സുരക്ഷിത ഇടങ്ങളിലേക്ക് സ്ഥാപനങ്ങൾ മാറ്റി സ്ഥാപിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് വ്യവസായങ്ങളുടെ കാര്യത്തിൽ സർക്കാർ കർമ്മപദ്ധതി തന്നെ തയ്യാറാക്കിയട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലേക്ക് വ്യവസായങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കാൻ വിവിധ രാജ്യങ്ങളുടെ എംബസികളുമായി ബന്ധപ്പെട്ട് കൊണ്ടിരിക്കുകയാണ്. ഗെയ്ൽ പദ്ധതിയിൽ ചന്ദ്രഗിരി പദ്ധതിക്ക് കുറുകെ പൈപ്പ് സ്ഥാപിക്കുന്നത് മാത്രമാണ് ആകെ ബാക്കിയുള്ള കാര്യം. ഇത് മൂന്നാഴ്ചക്കകം കമ്മിഷൻ ചെയ്യും. സിറ്റി ഗ്യാസ് പ്രോജക്ടും പുരോഗമിക്കുകയാണ്.

വൈദ്യുതി മേഖലയിൽ വിപ്ലവകരമായ മാറ്റമാണ് സംസ്ഥാനത്ത് നടപ്പിലായത്. സമ്പൂർണ വൈദ്യുതീകരണമാണ് ഏറ്റവും വലിയ ഉദാഹരണം. വിഴിഞ്ഞം തുറമുഖം ഉൾപ്പെടെയുള്ള വൻകിട പദ്ധതികൾ പുരോഗമിക്കുകയാണ്. ലോക്ക് ഡൗൺ തീരുന്ന മുറയ്ക്ക് കൊച്ചി മെട്രോയുടെ അവസാന റീച്ചും നാടിന് സമർപ്പിക്കും.

ഏറ്റവും ഭദ്രമായ ക്രമസമാധാനം നിലനിൽക്കുന്ന സംസ്ഥാനമാണ് കേരളം. കൊവിഡ് കാലത്തും മാതൃകപരമായ പ്രവൃത്തിയാണ് കേരളപൊലീസ് ചെയ്യുന്നത്. ജിഷ കൊലപാതക കേസ് മുതൽ ഏറ്റവും ഒടുവിലായി ഉത്രയുടെ കൊലപാതക കേസ് വരെ തെളിയിക്കാൻ സംസ്ഥാന പൊലീസിനായെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: COVID, NIPAH, CORONA, COVID19, KERALA GOVERNMENT
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.