SignIn
Kerala Kaumudi Online
Thursday, 09 July 2020 9.01 PM IST

സ്‌ഫോടനത്തിനുള്ള ശ്രമം പരാജയപ്പെടുത്തി സുരക്ഷാസേന

kaumudy-news-headlines

1. ജമ്മുകശ്മീരിലെ പുല്‍വാമയില്‍ കാര്‍ സ്‌ഫോടനം നടത്താനുള്ള ശ്രമം സുരക്ഷാസേന പരാജയപ്പെടുത്തി. ഒരു വന്‍ ആക്രമണം നടത്താന്‍ പര്യാപ്തമായ 20 കിലോയില്‍ അധികം സ്‌ഫോടക വസ്തു വഹിച്ചുള്ള കാര്‍ സുരക്ഷാസേന തടഞ്ഞു നിറുത്തി. ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ഇന്ന് രാവിലെയായിരുന്നു സംഭവം. വ്യാജ രജിസ്‌ട്രേഷനിലുള്ള ഒരു കാര്‍ ചെക്ക്‌പോയിന്റില്‍ നിര്‍ത്താന്‍ സിഗ്നല്‍ നല്‍കിയെങ്കിലും ബാരിക്കേഡുകള്‍ മറികടന്ന് പോകാന്‍ ശ്രമിച്ചുവെന്ന് കശ്മീര്‍ പൊലീസ് പറഞ്ഞു. കാര്‍ നിര്‍ത്താതെ ഇരുന്നതിനെ തുടര്‍ന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ വെടി ഉതിര്‍ക്കുക ആയിരുന്നു. ആക്രമണ സാധ്യത ഉണ്ടെന്ന് രഹസ്യന്വേഷണ വിവരം ലഭിച്ചിരുന്നതായും ഇന്നലെ മുതല്‍ ഐ.ഇ.ഡി അടങ്ങിയ വാഹനത്തിനായി തിരച്ചില്‍ നടത്തി വന്നിരുന്നതായും ഐ.ജി.വിജയ് കുമാര്‍ പറഞ്ഞു. കാറില്‍ നിന്ന് വളരെ ശ്രദ്ധാപൂര്‍വ്വം നീക്കം ചെയ്ത ഐ.ഇ.ഡി ബോംബ് സ്‌ക്വാഡ് നിര്‍വീര്യമാക്കി. സൈന്യവും പൊലീസും അര്‍ധ സൈന്യവും ചേര്‍ന്ന് നടത്തിയ സംയുക്ത നീക്കത്തിലൂടെ ആണ് ആക്രമണം തടയാന്‍ ആയതെന്നും വിജയ് കുമാര്‍ അറിയിച്ചു.


2. ജൂണ്‍ ഒന്നിന് ട്രെയിന്‍ സര്‍വ്വീസ് തുടങ്ങുന്നതിന് എതിരെ അഞ്ച് സംസ്ഥാനങ്ങള്‍ കേന്ദ്രത്തിന് കത്തയച്ചു. രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ബംഗാള്‍, ഒഡീഷ, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ ആണ് കത്ത് നല്‍കിയത്. ശ്രമിക് ട്രെയിന്‍ സര്‍വ്വീസ് പൂര്‍ത്തിയാക്കിയിട്ട് സാധാരണ സര്‍വ്വീസുകള്‍ തുടങ്ങുന്നതിനെ കുറിച്ച് ആലോചിക്കാം എന്നാണ് സംസ്ഥാനങ്ങളുടെ നിലപാട്. ഇന്ന് സംസ്ഥാനങ്ങളും ആയി കേന്ദ്രത്തിന്റെ വിലയിരുത്തല്‍ നടക്കും. ക്യാബിനറ്റ് സെക്രട്ടറി ചീഫ് സെക്രട്ടറിമാരുടെ യോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ട്. കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന നഗരങ്ങളിലെ സ്ഥിതി വിലയിരുത്തും.
3. കൊവിഡ് ആശങ്ക തുടരുമ്പോഴും കര്‍ണാടകയും ഡല്‍ഹിയും ഗോവയും കൂടുതല്‍ ഇളവുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. മാളുകള്‍ തുറക്കാന്‍ അനുവദിക്കണം എന്ന് കര്‍ണ്ണാടകയും ഡല്‍ഹിയും റസ്റ്റോറന്റുകള്‍ തുറക്കണമെന്ന് ഗോവയും ആവശ്യപ്പെട്ടു. അതേസമയം കര്‍ണാടകത്തില്‍ നിന്നുളള പതിനാറ് ശ്രമിക് ട്രെയിനുകള്‍ റദ്ദാക്കി. യാത്രക്കാര്‍ കുറവായത് കൊണ്ടെന്നാണ് വിശദീകരണം. കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടതു കൊണ്ടാണ് ട്രെയിന്‍ റദ്ദാക്കിയത് എന്ന് റെയില്‍വേ വ്യക്തമാക്കി. ബിഹാര്‍, ഉത്തര്‍പ്രദേശ്, നാഗാലാന്‍ഡ് സംസ്ഥാനങ്ങളിലേക്ക് ഉളള ട്രെയിനുകളാണ് റദ്ദാക്കിയത്.
4. ഓണ്‍ലൈന്‍ ആപ്പിനെ ചൊല്ലിയുള്ള ആശയക്കുഴപ്പം തുടരുന്നതിനിടെ സംസ്ഥാനത്ത് മദ്യവില്‍പന ആരംഭിച്ചു. ബെവ്‌കോ കണ്‍സ്യൂമര്‍ ഫെഡ് മദ്യവില്‍പന ശാലകളെല്ലാം രാവിലെ 9 മണിക്ക് തുറന്നു. എന്നാല്‍ പലയിടത്തും ടോക്കണ്‍ പരിശോധനയ്ക്ക് വേണ്ടിയുള്ള യൂസര്‍ നെയിമും പാസ് വേര്‍ഡും ലഭിക്കാത്തത് പ്രതിസന്ധി സൃഷ്ടിച്ചു. ഒടുവില്‍ മദ്യം വാങ്ങാന്‍ എത്തുന്നവരുടെ ടോക്കണിലെ സമയം പരിശോധിച്ചും ടോക്കണ്‍ നമ്പര്‍ രേഖപ്പെടുത്തിയും ആണ് മദ്യവില്‍പന ഇപ്പോള്‍ തുടരുന്നത്. ബാറുടമകളില്‍ പലര്‍ക്കും ആപ്പിലേക്ക് ലോഗിന്‍ ചെയ്യാനും ബുക്ക് ചെയ്തവരുടെ വിവരങ്ങളെടുക്കാനും സാധിച്ചിട്ടില്ല. ആപ്പില്‍ ലോഗിന്‍ ചെയ്യാനുള്ള പാസ് വേര്‍ഡും യൂസര്‍ നെയിമും ഇതുവരെ ലഭിച്ചില്ലെന്നാണ് പരാതി. അതിനാല്‍ തന്നെ ബാറുകളില്‍ ഇതുവരെ മദ്യവില്‍പന തുടങ്ങിയിട്ടില്ല.
5. അതേസമയം, ഇന്നത്തേക്കുള്ള ടോക്കണുകള്‍ കൊടുത്തു കഴിഞ്ഞതായി ബെവ്‌കോ അധികൃതര്‍ അറിയിച്ചു. രാവിലെ ഒന്‍പത് മണി വരെയാണ് ഇന്നത്തെ ടോക്കണ്‍ നല്‍കിയത്. നാളെ മദ്യം വാങ്ങാനുള്ള ടോക്കണ്‍ ഉച്ചയ്ക്ക് ശേഷം കൊടുത്തു തുടങ്ങുമെന്നും ബെവ്‌കോ അധികൃതര്‍ അറിയിച്ചു. ഇന്ന് രാവിലെ വരെ 2.82 ലക്ഷം ടോക്കണുകള്‍ കൊടുത്തു കഴിഞ്ഞതായി ആപ്പിന്റെ നിര്‍മ്മാതാക്കളായ ഫെയര്‍കോഡ് ടെക്‌നോളജീസ് അറിയിച്ചു.
6. യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തില്‍ പ്രതി സൂരജിന് എതിരെ കൂടുതല്‍ തെളിവുകള്‍. കേസില്‍ അറസ്റ്റില്‍ ആകുന്നതിന് തൊട്ടുമുമ്പ് സൂരജിന് നിയമോപദേശം ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം. സ്വര്‍ണം സൂക്ഷിച്ചിരിക്കുന്ന ബാങ്ക് ലോക്കര്‍ ഉടന്‍ തുറന്ന് പരിശോധിക്കും. ഉത്രയ്ക്ക് പാമ്പ് കടിയേറ്റ മാര്‍ച്ച് 2 ന് ബാങ്കിലെത്തി സൂരജ് ലോക്കര്‍ തുറന്നിരുന്നു. ഉത്ര കൊലപാതക കേസില്‍ 24 നാണ് അന്വേഷണ സംഘം സൂരജിനെ അറസ്റ്റ് ചെയ്തത്. എന്നാല്‍, ദിവസങ്ങള്‍ക്ക് മുമ്പേ തന്നെ താന്‍ പിടിയിലാകുമെന്ന് സൂരജിന് ബോധ്യം ഉണ്ടായിരുന്നു. അറസ്റ്റിന് മണിക്കൂറുകള്‍ക്ക് മുമ്പ് അടൂര്‍ പറക്കോട്ടെ സ്വന്തം വീടിന് സമീപത്തുള്ള അഭിഭാഷകനുമായി സൂരജ് കൂടികാഴ്ച നടത്തിയിരുന്നു. അഭിഭാഷകന്റെ വീട്ടില്‍ സൂരജ് വാഹനത്തില്‍ വന്ന് മടങ്ങുന്ന ദൃശ്യങ്ങള്‍ ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ചു
7. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെയുള്ള സൂരജിന്റെ ഫോണ്‍ കോള്‍ വിവരങ്ങളും ക്രൈംബ്രാഞ്ച് സംഘം പരിശോധിച്ചു. സ്വര്‍ണാഭരണങ്ങള്‍ സൂക്ഷിച്ചിട്ടുള്ള അടൂരിലെ ദേശസാല്‍കൃത ബാങ്കിന്റെ ലോക്കറില്‍ അന്വേഷണസംഘം വരും ദിവസം പരിശോധന നടത്തും. കഴിഞ്ഞ ദിവസം സൂരജുമായി അന്വേഷണ സംഘം എത്തിയെങ്കിലും ലോക്കര്‍ തുറന്ന് പരിശോധിക്കാന്‍ ബാങ്ക് അധികൃതര്‍ അനുവാദം നല്‍കിയില്ല. നടപടി ക്രമങ്ങള്‍ പാലിക്കാത്തതിനാല്‍ ആണ് അനുമതി നല്‍കാതിരുന്നത്. പാമ്പ് കടിയേറ്റ മാര്‍ച്ച് 2 ന് സൂരജ് ബാങ്കില്‍ എത്തിയിരുന്നുവെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ ആ ദിവസത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ബാങ്കില്‍ നിന്ന് അടുത്ത ദിവസം ശേഖരിക്കും. ദൃക്സാക്ഷികള്‍ ഇല്ലാത്ത കേസില്‍ പരമാവധി തെളിവുകള്‍ ശേഖരിക്കാന്‍ ആണ് അന്വേഷണ സംഘത്തിന്റെ ശ്രമം. 29 വരെയാണ് സൂരജിനെ പൊലീസ് കസ്റ്റഡില്‍ വിട്ടു കൊടുത്ത് ഇരിക്കുന്നത്.
8. അമേരിക്കന്‍ സ്വകാര്യ ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ്‌പേസ് എക്സ് റോക്കറ്റിലേറി നാസ ഗവേഷകര്‍ ബഹിരാകാശത്തേക്ക് പറക്കാനുള്ള ദൗത്യം മാറ്റിവച്ചു. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് തീരുമാനം. ഫ്‌ളോറിഡയിലെ കെന്നഡി ബഹിരാകാശ കേന്ദ്രത്തില്‍ നിന്ന് റോക്കറ്റ് ഉയര്‍ന്നു പൊങ്ങുന്നതിന് 20 മിനിറ്റുകള്‍ക്ക് മുമ്പാണ് വിക്ഷേപണം നിറുത്തിവച്ചത്. വിക്ഷേപണം ശനി ആഴ്ചത്തേക്ക് ആണ് മാറ്റിവച്ചത് എന്നും നാസാ വൃത്തങ്ങള്‍ അറിയിച്ചു. ഡ്രാഗണ്‍ ക്രൂ കാപ്സ്യൂള്‍ എന്ന പര്യവേഷണ വാഹനത്തിലാണ് ബെങ്കെന്‍, ഡഗ്ഗ് ഹര്‍ലി എന്നീ നാസ ഗവേഷകര്‍ ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെടാനിരുന്നത്. സ്‌പേസ് എക്സിന്റെ തന്നെ ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് വിക്ഷേപണം നടത്തുക. കഴിഞ്ഞ ഒമ്പത് വര്‍ഷക്കാലമായി റഷ്യന്‍ ബഹിരാകാശ പേടകത്തില്‍ ആയിരുന്നു അമേരിക്കന്‍ ഗവേഷകരെ ബഹിരാകാശ നിലയത്തില്‍ എത്തിച്ചിരുന്നത്. ഇത്തവണ അമേരിക്കന്‍ മണ്ണില്‍ നടക്കുന്ന വിക്ഷേപണം എന്നതിലുപരി ഒരു സ്വകാര്യ വാഹനത്തിലെ ആദ്യ ബഹിരാകാശ സഞ്ചാരം എന്ന പ്രാധാന്യവും ഈ വിക്ഷേപണത്തിനുണ്ട്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KERALA NEWS, INDIA NEWS, HEADLINES, KAUMUDY HEADLINES, JAMMU KASHMIR, POLICE, ARMY
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.