തിരുവനന്തപുരം: പ്രവാസികളിൽ നിന്ന് ക്വാറന്റൈൻ ഫീസ് ഈടാക്കാനുള്ള സർക്കാർ തീരുമാനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫിന്റെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 10ന് കളക്ടറേറ്റുകൾക്ക് മുന്നിൽ ധർണ നടത്തും. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്ന പ്രതിഷേധ ധർണ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി എന്നിവർ പങ്കെടുക്കും. എം.പിമാർ, എം.എൽ.എമാർ യു.ഡി.എഫ് നേതാക്കൾ എന്നിവർ സംബന്ധിക്കും.
ക്വാറന്റൈൻ ചെലവ്: ഹൈക്കോടതിയിൽ ഹർജി
കൊച്ചി : പ്രവാസികൾ സർക്കാർ ക്വാറന്റൈനിൽ കഴിയുന്നതിന്റെ ചെലവ് വഹിക്കണമെന്ന നിർദ്ദേശത്തെ ചോദ്യം ചെയ്ത് കേരള മുസ്ളിം കൾച്ചറൽ സെന്റർ അംഗം ഇബ്രാഹീം എളേറ്റിൽ, ഒാവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് മുൻ വൈസ് പ്രസിഡന്റ് റെജി താഴമൺ എന്നിവർ ഹൈക്കോടതിയിൽ ഹർജി നൽകി. ലോക്ക് ഡൗണിനെത്തുടർന്ന് വിദേശങ്ങളിൽ കുടുങ്ങിയ പ്രവാസികളിലേറെയും തൊഴിൽ നഷ്ടപ്പെട്ട് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് നാട്ടിലേക്ക് മടങ്ങുന്നത്. ക്വാറന്റൈൻ ചെലവ് ഇൗടാക്കരുതെന്നാണ് ഹർജിക്കാരുടെ ആവശ്യം.