പത്തനംതിട്ട: പുതിയ ബാഗും കുടയും ഉടുപ്പുമൊന്നും ഇത്തവണ വിദ്യാർത്ഥികൾക്ക് ആവശ്യമില്ല. പകരം ടി.വി, ഫോൺ, കമ്പ്യൂട്ടർ, ലാപ്ടോപ്പ് എന്നിവയാണ്. സർക്കാർ ഓൺലൈൻ ക്ലാസുകൾക്ക് നേതൃത്വം നൽകുമ്പോൾ ഇതൊന്നുമില്ലാത്ത വിദ്യാർത്ഥികളും ജില്ലയിലുണ്ട്.
4819 കുട്ടികൾക്ക് പഠന സൗകര്യമായിട്ടില്ല.
കഴിഞ്ഞ അദ്ധ്യയനവർഷത്തെ കണക്കുകളുടെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ വകുപ്പ് തയാറാക്കിയ പട്ടികയിൽ ജില്ലയിൽ രണ്ടു മുതൽ 12 വരെയുള്ള ക്ലാസുകളിൽ 1,02,341 കുട്ടികളാണുള്ളത്. ഇവരിൽ നിന്നു ശേഖരിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഓൺലൈൻ പഠനത്തിനാവശ്യമായ സൗകര്യങ്ങൾ ഇല്ലാത്ത കുട്ടികളുടെ കണക്കെടുത്തത്. സംസ്ഥാന ശരാശരിയേക്കാൾ ഇത്തരം കുട്ടികളുടെ എണ്ണം ജില്ലയിൽ കുറവാണെന്നതിനാൽ ബദൽ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ എസ്.എസ്.കെയും വിദ്യാഭ്യാസ വകുപ്പും ശ്രമിക്കുകയാണ്.
ഒന്നാംക്ലാസിൽ പുതുതായി ചേരുന്ന കുട്ടികളുടെ കണക്ക് പട്ടികയിൽ വന്നിട്ടില്ല. നിലവിൽ പ്ലസ്ടു കഴിഞ്ഞവർ പട്ടികയ്ക്കു പുറത്തായി. പത്താംക്ലാസിൽ പരീക്ഷ എഴുതിയ കുട്ടികളെ പ്ലസ് വൺ ക്ലാസിൽ ഉൾപ്പെടുത്തിയാണ് പട്ടിക തയാറാക്കിയത്.
പഠനം വിക്ടേഴ്സിലൂടെ
ഇന്നു രാവിലെയാണ് ഓൺലൈൻ പഠനം ആരംഭിക്കുന്നത്. പ്ലസ്ടു കുട്ടികൾക്കാണ് ആദ്യ ക്ലാസ്. വിക്ടേഴ്സ് ചാനലിലൂടെ ഇന്നു രാവിലെ 8.30 മുതൽ സംപ്രേക്ഷണം ആരംഭിക്കും. രാത്രിയിൽ പുനഃസംപ്രേഷണവും ഉണ്ട്. ഒന്നു മുതൽ പത്തുവരെയുള്ളവർക്ക് വ്യത്യസ്ത സമയത്തും ദിവസങ്ങളിലുമായാണ് ക്ലാസുകൾ. ഹയർ സെക്കൻഡറി ഒന്നാംവർഷക്കാർക്ക് ആദ്യഘട്ട ടൈംടേബിളിൽ ക്ലാസുകളില്ല.
വിക്ടേഴ്സ് ചാനൽ ഓൺലൈനായി കുട്ടികൾക്ക് ലാപ്ടോപ്പിലോ കമ്പ്യൂട്ടറിലോ സ്മാർട്ട്ഫോണിലോ ഇന്റർനെറ്റ് സഹായത്തോടെ ലഭിക്കും. കേബിൾ ടിവി, ഡിഷ് ചാനലുകളിൽ പ്രോഗ്രാം നേരിട്ട് ലഭിക്കും. യു ട്യൂബിലും സാമൂഹിക മാദ്ധ്യമ സംവിധാനങ്ങളിലും ഇതു ലഭ്യമാക്കാൻ ക്രമീകരണം ചെയ്തിട്ടുള്ളതിനാൽ നിശ്ചിതസമയത്ത് ക്ലാസിൽ പങ്കെടുക്കാനാകാതെ പോയവർക്കും കാണാനാകും.
"എല്ലാ കുട്ടികൾക്കും പഠനസൗകര്യങ്ങൾ ഉറപ്പാക്കുന്നതിനു നടപടികളുണ്ടാകും.കാര്യങ്ങൾ ഡി.ഡി.ഇ തലത്തിൽ പ്രത്യേക യോഗം ചേർന്ന് വിലയിരുത്തിയിരുന്നു."
രാജേഷ് എസ്. വള്ളിക്കോട്
(പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ജില്ലാ കോ ഓർഡിനേറ്റർ)
ഓൺലൈൻ സൗകര്യങ്ങൾ ഇല്ലാത്ത
കുട്ടികൾക്ക് ബദൽ സംവിധാനങ്ങൾ
സ്കൂൾ, വായനശാലകൾ, അങ്കണവാടികൾ, ലൈബ്രറികൾ, പ്രതിഭാ കേന്ദ്രങ്ങൾ എന്നിങ്ങനെയുള്ള പൊതുഇടങ്ങളിൽ സൗകര്യം ഒരുക്കും.
സഹായത്തിന് അദ്ധ്യാപകരുമുണ്ടാകും.
എസ്.പി.സി, എൻ.എസ്.എസ് വോളണ്ടിയർമാരുടെ സഹകരണം ആവശ്യപ്പെടും.
ലാപ്ടോപ്പും പ്രോജക്ടറും ക്രമീകരിച്ച് പൊതുവായി ക്ലാസുകൾ കുട്ടികൾക്കായി ക്രമീകരിക്കും.
ആഴ്ചയിൽ ഓന്നോ രണ്ടോ ദിവസം സാമൂഹിക അകലം പാലിച്ച് പ്രദർശനം ക്രമീകരിക്കാം.
ക്ലാസുകൾ ആരംഭിക്കുന്നതോടെ പ്രഥമാദ്ധ്യാപകരും ക്ലാസ് അദ്ധ്യാപികയും ഉൾപ്പെടുന്ന വാട്സ് ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച് കുട്ടികൾക്ക് മാർഗനിർദേശം നൽകും. കുട്ടികൾ ക്ലാസിൽ പങ്കെടുക്കുന്നുവെന്ന് ഉറപ്പുവരുത്തും.