SignIn
Kerala Kaumudi Online
Friday, 10 July 2020 5.18 PM IST

ഇത് മനഃപൂർവം കൊല്ലാൻവേണ്ടി ആസൂത്രണം ചെയ്‌തു നടപ്പിലാക്കിയ പ്രവർത്തിയാണ്: പ്രശസ്‌ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ബിജു കാരക്കോണം എഴുതുന്നു

biju-karakonam

വീണ്ടുമൊരു ലോക പരിസ്ഥിതി ദിനം കൂടി എത്തിച്ചേർന്നിരിക്കുന്നു. വളരെ തിരക്കുള്ള മനുഷ്യർ വർഷത്തിൽ 365 ദിവസമുള്ളതിൽ ഒരു ദിവസം പരിസ്ഥിതിക്കുവേണ്ടി മാറ്റിവക്കുന്നതുതന്നെ അഭിനന്ദനം അർഹിക്കുന്ന പ്രവർത്തിയാണ്. ബാക്കിയുള്ള ദിവസം എല്ലാവരും തിരക്കിലാണ് ഇവയെല്ലാം നശിപ്പിക്കുന്ന പ്രക്രിയകൾക്ക്. എന്തെങ്കിലുമൊക്കെ നശിച്ചു കഴിഞ്ഞാൽ മാത്രമല്ലെ പിന്നീട് അവയെ സംരക്ഷിക്കണം എന്നുള്ള ആഗ്രഹം നമുക്ക് സാധരണയായി ഉണ്ടാകുകയുള്ളു.


നമ്മുടെ വനംവകുപ്പും ഈ വർഷവും പതിവുപോലെ ഒരുകോടിയോളം വൃക്ഷ തൈകൾ വിതരണം ചെയ്യുന്നുണ്ട്. കഴിഞ്ഞകാലങ്ങളിൽ വിതരണം ചെയ്ത വൃക്ഷ തൈകളെല്ലാം വളർന്നിരുന്നെങ്കിൽ പഴയ ആമസോൺ കാടുകളെക്കാളും കൂടുതൽ വൃക്ഷങ്ങൾ നാട്ടിൽ വളർന്നു കഴിയുമായിരുന്നു. മരങ്ങൾ നട്ടു പിടിപ്പിക്കുന്നതിനോളം പ്രാധാന്യം ഇനിയെങ്കിലും ഇവ പരിപാലിക്കുന്നതിനായി കൊടുക്കേണ്ട സമയമായിരിക്കുന്നു. എങ്കിലും പഠനങ്ങളിൽ മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു നമ്മുടെ രാജ്യത്തു കുറച്ചു വര്ഷങ്ങളായി ഹരിതമേഖല കൂടിവരുന്നതായി വരുന്ന വാർത്തകൾ ഈ മേഖലയിൽ പരിശ്രമിക്കുന്ന ഓരോരുത്തർക്കും അഭിമാനകരമാണ്.

biju-karakonam-1

ആനകളും മനുഷ്യരും തമ്മിലുള്ള ബന്ധത്തിന് ആയിരകണക്കിന് വര്ഷങ്ങളുടെ പഴക്കമുണ്ട്. ഭാരതീയ സംസ്കാരത്തിലും ജീവിതത്തിലും ആനകൾ വളരെയധികം സ്വാധീനം ചെലുത്തിയിട്ടുണ്ട്. കുറച്ചു കാലമായി ആനകളും മനുഷ്യരും തമ്മിലുള്ള ബന്ധത്തിന് വളരെയധികം മാറ്റങ്ങൾ ഉണ്ടായിത്തുടങ്ങി. നാട്ടാനകളെ വെറുമൊരു ഉപഭോഗവസ്തുക്കളായിട്ടാണ് ഇപ്പോൾ മനുഷ്യർ ഇപ്പോൾ കാണുന്നത്. പണ്ടൊക്കെ ആനകൾക്ക് ലഭിച്ചിരുന്ന ജീവിത ചുറ്റുപാടുകളല്ല ഇന്നവക്ക് മിക്കവാറും സ്ഥലങ്ങളിൽ ലഭിക്കുന്നത് . ചുട്ടുപൊള്ളുന്ന ടാറിട്ട റോഡുകളും, സിമെന്റ് പ്രതലങ്ങളും, വെയിലിന്റെ കാഠിന്യവും നാട്ടാനകളെ വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഉത്സവങ്ങൾക്കും മറ്റാഘോഷങ്ങൾക്കും ഇവയെ കൊണ്ടുപോകുമ്പോൾ അവ അനുഭവിക്കുന്ന മാനസിക ശാരീരിക സംഘർഷങ്ങൾ മനുഷ്യർക്ക് പലപ്പോഴുണ് മനസിലാക്കാൻ സാധിക്കുകയില്ല. ആനകൾ പൊതുവെ കുടുംബമായിട്ടും കൂട്ടമായിട്ടും ജീവിക്കാൻ ഇഷ്ടപെടുന്ന ജീവജാലമാണ്. തീറ്റതേടി ദിവസവും പത്തിരുപതു കിലോമീറ്ററുകൾ അവ സഞ്ചരിക്കാറുണ്ട്. ജനിതകപരമായ ഇത്തരം സ്വഭാവങ്ങൾ നാട്ടിൽ വളരുന്ന ആനകളിലും കാണപ്പെടുന്നു. ഇത്തരം സ്വഭാവമുള്ള ഒരു ജീവിയെ ആണ് മനുഷ്യർ ഒറ്റയ്ക്ക് ഒരുസ്ഥലത്തു തളച്ചിട്ടു വളർത്തുന്നത്. കാട്ടിൽ വസിക്കുന്ന ആനകളെപോലെ ജീവശാസ്ത്രപരമായ വികാരങ്ങളും ആവശ്യകതകളും നാട്ടിലെ ആനകൾക്കും വർഷാവർഷം ഉണ്ടാകാറുണ്ട് അതിന്റെ ഫലമാണ് ആനകൾക്ക് മദപ്പാടുണ്ടാകുന്നത്. കാടുകളിൽ ഒറ്റയാന്മാർക്കും ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. അവയുടെ ആക്രമങ്ങൾ കാടിനുളിലും പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്. ഇത്തരം അവസരങ്ങളിൽ നാട്ടാനകളുടെ പരിചരണം വളരെയധികം ശ്രദ്ധിക്കേണ്ട കാര്യമാണ്. ലക്ഷങ്ങൾ മുതൽമുടക്കി ആനകളെ സംരക്ഷിക്കുന്നവർ അവയെ ലാഭമുണ്ടാക്കാൻ വിശ്രമമില്ലാതെ ഉപയോഗിക്കുന്നതാണ് നാട്ടിലെ ആനകളുടെ ആക്രമണങ്ങൾക്കു കാരണമാകുന്നത്.

biju-karakonam-2

ആനകളും കടുവകളും കാട്ടുപോത്തുകളും മനുഷ്യരുമെല്ലാം ഒരുമിച്ചു പ്രകൃതി സൗഹൃദമായി കഴിഞ്ഞിരുന്ന കാടുകളിൽ ഒരിക്കലും ആദിവാസികൾക്കു ഇവയെകൊണ്ട് വലിയ ഉപദ്രവങ്ങൾ ഉണ്ടായിരുന്നില്ല. പ്രകൃതിക്കനുയോജ്യമല്ലാത്ത നിർമ്മാണ പ്രവർത്തികൾ കാട്ടിനുള്ളിൽ ഉണ്ടാക്കി തുടങ്ങിയതുമുതലാണ് ആനകൾ അവയെ നശിപ്പിക്കാൻ തുടങ്ങിയത്. കാട്ടിനകത്തു മനുഷ്യരുടെ സാനിധ്യം അനുഭവപ്പെടുന്ന വസ്തുക്കളൊന്നും ആനകൾ നിലനിർത്താറില്ല. നാട്ടുവാസികൾ കാടുകൾ കയ്യേറി വന്യമൃഗങ്ങളുടെ വാസസ്ഥലങ്ങളെയും അവയുടെ സഞ്ചാര പാതയേയും നശിപ്പിച്ചു കുടിയേറ്റ മേഖലകളാക്കി കൃഷി തുടങ്ങിയതോടുകൂടി വന്യമൃഗങ്ങളും മനുഷ്യരും പരസ്പരം പ്രതിരോധിച്ചുതുടങ്ങി. പട്ടയങ്ങൾ മനുഷ്യരുടെ ഭൂമിയെ കൈപിടിയിലൊതുക്കാനുള്ള അധികാര രേഖയാക്കിയപ്പോൾ മനുഷ്യർ അഹങ്കരിക്കാൻ തുടങ്ങി. ഭൂമിയിലുള്ള എല്ലാ സമ്പത്തിനും അവകാശികൾ തങ്ങൾ മാത്രമാണെന്ന ചിന്തയിൽനിന്നുമാണ് ഒരിക്കലും മതിയാകാത്ത ആർത്തി മനുഷ്യരിൽ നിറഞ്ഞതും.


കോടാനുകോടി ജീവജാലങ്ങൾ അധിവസിക്കുന്ന ഭൂമിയിൽ അവർക്കുള്ള അവകാശം മാത്രമേ നമുക്കും പ്രകൃതി നല്കിയിട്ടുള്ളു എന്ന സത്യം മനുഷ്യൻ മനഃപൂർവം വിസ്മരിക്കുന്നു. കുറച്ചു ദിവസങ്ങളായി മനുഷ്യരുടെ മൃഗങ്ങളോടുള്ള ക്രൂരതകളുടെ കഥകളാണ് കേൾക്കുന്നത്. കഴിഞ്ഞ ദിവസം മണ്ണാർക്കാട് തിരുവിഴാംകുന്ന് വനമേഖലയിൽ അമ്പലപ്പാറ വെള്ളിയാറിൽ 15 വയസ്സുള്ള പിടിയാനയുടെയും ഉദരത്തിലെ കുട്ടിയുടെയും മരണം രാജ്യത്തിന്റെ തന്നെ വേദനയും കളങ്കവും ആയി മാറി. സൈലന്റ് വാലി വനമേഖലയോട് ചേർന്ന പ്രദേശത്തു കൈതച്ചക്കയിൽ ഒളിപ്പിച്ചുവച്ച സ്ഫോടകവസ്തു പൊട്ടിത്തെറിച്ചു വായ്ക്കുള്ളിൽ പരുക്കേറ്റു ദിവസങ്ങളോളം ഭക്ഷണം കഴിക്കാൻ കഴിയാതെ വായ്ക്കുള്ളിലെ വൃണങ്ങളിൽ പുഴുവരിച്ചു വീധാനത്തിന്നു മരണമടഞ്ഞ പതിനഞ്ചു വയസുള്ള പിടിയാനയുടെ ദൃശ്യം മനഃസാക്ഷിയുള്ള ഒരു ജീവിക്കും സഹിക്കാവുന്നതിനും അപ്പുറമായിരുന്നു. വേദനകാരണം കൂട്ടത്തിൽ കൂടാനാവാത്ത ഒറ്റയ്ക്ക് പുഴയിൽ ഇറങ്ങിനിന്ന ആനയെ രക്ഷിക്കാൻ വനംവകുപ്പ് ശ്രമിച്ചപ്പോൾ പിന്നയും പേടിച്ചു ആനക്കൂട്ടത്തിന്റെ കൂടെ പോയി. അടുത്തദിവസവും തിരികെ പുഴയിലിറങ്ങിനിന്ന ആനയെ രക്ഷിക്കാന്‍ രണ്ട് കുങ്കിയാനകളെ എത്തിച്ച് പരിശ്രമിച്ചെങ്കിലും വിജയിച്ചില്ല.

biju-karakonam-3

ശ്വാസകോശത്തില്‍ വെള്ളം വെള്ളം കയറിയതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. പോസ്റ്റ്‌മോര്‍ട്ടത്തിലാണ് 15 വയസ്സോളം പ്രായമുള്ള ആന ഗര്‍ഭിണിയാണെന്ന് മനസ്സിലായത്. ആനയുടെ പരിക്ക് ആരുടെയും മനസ്സലിയിക്കുന്നതായിരുന്നെന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് നേതൃത്വം നല്‍കിയ ഡോ. ഡേവിഡ് എബ്രഹാം അറിയിച്ചു. ഗർഭിണിയായ കാട്ടാന അനുഭവിച്ച വേദന പുറത്തറിയുന്നത് സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ കെ. മോഹൻ കൃഷ്ണന്റെ സമൂഹമാദ്ധ്യമ കുറിപ്പിലൂടെയാണ്. മനുഷ്യരുടെ ക്രൂരതയിൽ മുഖം കുനിച്ചു വേദന പങ്കുവച്ചവരുടെ കൂട്ടത്തിൽ മുൻ കേന്ദ്രമന്ത്രിമാരായ ശശി തരൂരും മേനക ഗാന്ധിയും ചലച്ചിത്ര താരങ്ങളായ അനുഷ്ക ശർമ, ശ്രദ്ധ കപൂർ, ജോൺ ഏബ്രഹാം, രൺദീപ് ഹൂഡ, പൃഥ്വിരാജ്, വ്യവസായി രത്തൻ ടാറ്റ, ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോലി തുടങ്ങിയവരും ഉൾപ്പെടുന്നു. ഇതിനിടയിലും ചിലർ യാഥാർഥ്യത്തെ മനസിലാക്കാതെ പ്രദേശത്തെ വർഗീയമായി പരാമർശം നടത്തിയ കാഴ്ചയും അപലപനീയമാണ്.


കേരളത്തിലെ വനത്തിനോട് ചേർന്ന് കിടക്കുന്ന പ്രദേശങ്ങളിൽ കുറച്ചുകാലമായി ഇത്തരത്തിലുള്ള അപകടങ്ങൾ കൂടുന്നതായി പഠനങ്ങൾ തെളിയിക്കുന്നു. കുറച്ചു ദിവസങ്ങൾക്കു മുൻപായിരുന്നു ഇതുപോലൊരു ദാരുണ മരണം കൊല്ലം ജില്ലയിലെ പുനലൂർ ഡിവിഷന് കീഴിലുള്ള പത്തനാപുരം വനമേഖലയിൽ നടന്നത്. വനത്തിനുള്ളിൽ ചില സ്ഥലങ്ങളിൽ ഇപ്പോഴും വ്യാജ മദ്യനിർമാണവും, കഞ്ചാവ് കൃഷിയും നടക്കുന്നതായി പല ആദിവാസികളും സാക്ഷ്യ പെടുത്തിയിട്ടുണ്ട്. കൈതച്ചക്കയിൽ സ്ഫോടകവസ്തു വച്ചാണ് ഈ ആനയുടെ മരണം സംഭവിച്ചതെങ്കിൽ വ്യാജ ചാരായ ലോബികളുടെ പങ്കും അന്വേഷണ വിധേയമാക്കേണ്ടത് അത്യാവശ്യമാണ്. സാധാരണ കൃഷിക്കാർ മൃഗങ്ങളെ പേടിപ്പിക്കാൻ ഉപയോഗിക്കുന്ന പടക്കങ്ങൾ ഇത്രയും മാരക പ്രഹരശേഷി ഉള്ളവയല്ല. ഇത് മനഃപൂർവം കൊല്ലൻവേണ്ടി ആസൂത്രണം ചെയ്തു നടപ്പിലാക്കിയ പ്രവർത്തിയാണ്. ചാരായം വാറ്റുന്നത്തിനു ഉപയോഗിക്കുന്ന കോടയുടെ മണം പലപ്പോഴുണ് ആനകൾ തിരിച്ചറിയാറുണ്ട്. അവസൂക്ഷിക്കുന്ന സ്ഥലങ്ങളിൽ ആനകൾ കൂട്ടത്തോടെ എത്തി അത് കുടിച്ചു നശിപ്പിക്കുന്നത് പതിവാണ്. അത്തരം സംഭവങ്ങൾ ആരും പരാതിപ്പെടാറില്ല, ഇത്തരം സ്ഥലങ്ങളിൽ ആനകളെ തുരത്താൻ വ്യാജവാറ്റുകാർ പല കടുംകൈ പ്രയോഗങ്ങളും നടത്താറുണ്ടന്നാണ് കാടുമായി ബന്ധമുള്ളവരുടെ അഭിപ്രായം. പലപ്പോഴും ഇത്തരത്തിലുള്ള വാർത്തകൾ പുറംലോകം അറിയാറില്ല.

biju-5

ആനയിറങ്ങുന്ന സ്ഥലമോക്കെ വെട്ടിപിടിച്ചു വ്യാജ പട്ടയമോക്കെ സംഘടിപ്പിച്ചു ജീവിക്കുന്നവർക്ക് ഇതൊക്കെ നിസാര സംഭവങ്ങളാണ് . പടക്കം കടിച്ചു പൊട്ടിച്ചപ്പോൾ ഉണ്ടായ സന്തോഷവും ആനന്ദവും ആ മൃഗമെന്ന് നമ്മളെ പോലുള്ളവർ വിശേഷിപ്പിക്കുന്ന ജീവി അവിടത്തെ കൃഷിയിടത്തിലോ, വീടുകൾക്ക് നേരെയോ പ്രകടിപ്പിച്ചില്ല ഒരു മനുഷ്യനെന്ന അഭിമാനിക്കുന്ന ജീവിയുടെ നേരെയോ പ്രകടിപ്പിച്ചില്ല. സ്വന്തം കുഞ്ഞിനെ രക്ഷിക്കാനോ, വേദന കുറയ്ക്കാൻ വേണ്ടിയോ ആയിരിക്കാം പുഴയുടെ നടുവിൽ ഇറങ്ങി നിന്നതും. വനം വകുപ്പിന്റെ ഭാഗത്തുമുണ് തിരുത്താൻ കഴിയാത്ത തെറ്റ്. നമ്മുടെ സംവിധാനത്തിൽ മനുഷ്യരെ അല്ലാതെ മറ്റുജീവജാലങ്ങളെ ഒരാപത്തിൽനിന്നും രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ് ആലോചിക്കാറുള്ളൂ. നമ്മൾ പരമാവധി നമ്മുടെ പരിധിയിൽനിന്ന് ഒഴിവാക്കിവിടാനേ ശ്രെമിക്കു. തീരെ നിവർത്തിയില്ലെങ്കിലേ രക്ഷാപ്രവർത്തനം എന്ന പ്രയത്നങ്ങൾക്കു മുതിരൂ.


സ്വന്തം അമ്മയെ വരെ കഴുത്തറുത്ത് കൊള്ളുന്ന ഈ so-called civilized creatures നെ ന്യായീകരിക്കാൻ ഇവിടെ ധാരാളം ആളുകൾ ഉണ്ടാകും. കാരണം നമ്മൾ സംസ്കാര സമ്പന്നരായ മനുഷ്യ വർഗ്ഗം ആണല്ലോ. ആനക്ക് ഭക്ഷണം കൊടുത്തു കൊന്നു , പൂച്ചയെ കെട്ടിത്തൂക്കി കൊന്നു , ഗർഭിണിയായ പശുവിനെ ക്രൂരമായി മർദ്ധിക്കുന്നു, ഭാര്യയെ പാമ്പിനെകൊണ്ട് കൊല്ലിപ്പിച്ചു , ഭർത്താവിന് സൈനേഡ് കൊടുക്കുന്നു , അമ്മയുടെ കഴുത്തറക്കുന്നു, കുഞ്ഞിനെ കല്ലിൽ എറിഞ്ഞു കൊല്ലുന്നു വിശന്നവനെ തല്ലിക്കൊന്നു. ഈ പ്രപഞ്ചത്തിൽ നൂറുകണക്കിന് അതി നിഷ്ടൂരമായ സംഭവങ്ങൾ ദിവസവും നടത്തുന്ന ഒരേ ഒരു ജീവി മനുഷ്യൻ മാത്രമാണ്. എന്നിട്ടും മനുഷ്യൻ ഇപ്പോഴും വിവരവും വിവേകവുമുള്ള ജീവിയാണെന്നാണ് സ്വയം അഹങ്കരിക്കുന്നത്‌. ഈ ഭൂമിയിലുള്ള എല്ലാ ജീവജാലങ്ങൾക്കും ഇവിടെ ജീവിക്കുവാനുള്ള അവകാശമുണ്ട് പക്ഷേ അവയെ എല്ലാം നിഷേധിക്കുവാനുള്ള അവകാശം മനുഷ്യൻ ഏറ്റെടുതിരിക്കുന്നു. ലോകമാകെ വെട്ടിപിടിച്ച് മറ്റുജീവജലങ്ങളെ തന്റെ അടിമകളാക്കി മാറ്റുന്ന ഈ ഒരു ജീവിക്ക് മാത്രമാണ് യഥാർത്ഥത്തിൽ ഈ ഭൂമിയിൽ ജീവിക്കാൻ അർഹത ഇല്ലാത്തത്.

ചിത്രങ്ങൾ കടപ്പാട്: ബിജു കാരക്കോണം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: BIJU KARAKKONAM, WILD LIFE PHOTOGRAPHER, ELEPHANT DEATH KERALA
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.