SignIn
Kerala Kaumudi Online
Saturday, 31 July 2021 5.00 AM IST

ദ്രോഹാചാര്യന്മാർ വാഴും കാലം

dronacharya-award-nominat

ദ്രോണാചാര്യ ശുപാർശ വിവാദത്തിൽ

തിരുവനന്തപുരം : കായിക പരിശീലകർക്ക് രാജ്യം നൽകുന്ന പരമോന്നത പുരസ്കാരമായ ദ്രോണാചാര്യയ്ക്ക് അത്‌ലറ്റിക് ഫെഡറേഷൻ ഒഫ് ഇന്ത്യ കേന്ദ്ര സർക്കാരിന് നൽകിയ നോമിനേഷൻ തന്നെ വിവാദത്തിലായി.

ഇന്ത്യൻ അത്‌ലറ്റിക്സ് ടീമിന്റെ ഡെപ്യൂട്ടി ചീഫ് കോച്ചും മലയാളിയുമായ രാധാകൃഷ്ണൻ നായരെയാണ് എ.എഫ്.ഐ പുരസ്കാരത്തിനായി നാമനിർദ്ദേശം ചെയ്തത്. എന്നാൽ ഇദ്ദേഹത്തെക്കാൾ കൂടുതൽ അർഹതയുള്ളവരെ തഴഞ്ഞതാണ് വിവാദമായത്. തുടർന്ന് എ.എഫ്.ഐ പ്രസിഡന്റ് ആദിൽ സുമരിഗല ഒരു ദേശീയ മാദ്ധ്യമത്തിന് അനുവദിച്ച അഭിമുഖത്തിൽ തങ്ങളുടെ നോമിനിയുടെ ശിഷ്യരായി ഉയർത്തിക്കാട്ടിയവർ യഥാർത്ഥത്തിൽ മറ്റു പല പരിശീലകർക്കും കീഴിലാണ് മികവ് തെളിയിച്ചത് എന്നതും സംസാരവിഷയമായി.

ഇതിനൊപ്പം വർഷങ്ങളായിതന്നെ തഴയുന്നതിനെതിരെ മുൻ ഇന്ത്യൻ ജംപിംഗ് കോച്ചും മലയാളിയുമായ ടി.പി. ഒൗസേഫ് പരസ്യമായി രംഗത്ത് വരികയും ചെയ്തു. ഇപ്പോഴും ദേശീയ ചാമ്പ്യൻമാരെ പരിശീലിപ്പിക്കുന്ന ഒൗസേഫ് സർക്കാരിന് സ്വന്തം നിലയിൽ അപേക്ഷ നൽകാനുള്ള തീരുമാനത്തിലാണ്. അസോസിയേഷനുകളുടെ ശുപാർശ കൂടാതെ കായിക താരങ്ങൾക്കും പരിശീലകർക്കും സ്വന്തമായി അർജുന ദ്രോണാചാര്യ പുരസ്കാരങ്ങൾക്ക് അപേക്ഷ നൽകാമെന്ന് കഴിഞ്ഞദിവസം കായിക മന്ത്രാലയം അറിയിച്ചിരുന്നു.

അത്‌ലറ്റിക് ഫെഡറേഷന്റെ ആഞ്ജാനുവർത്തികളായി നിന്ന് മറ്റുള്ളവരുടെ ശിഷ്യരെ തന്റേതാക്കി മാറ്റി ദ്രോണാചാര്യ നേടുന്ന ദ്രോഹാചാര്യന്മാർ മുമ്പും ഇന്ത്യൻ അത്‌ലറ്റിക്സിൽ ഉണ്ടായിട്ടുണ്ട്.

സുമരിവാലയുടെ ന്യായീകരണങ്ങളും

യാഥാർത്ഥ്യവും

1. രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയുടെ കോഴ്സ് പാസായ ഇന്ത്യയിലെ ഏക പരിശീലകൻ

. കോഴ്സ് വിജയമല്ല മികച്ച പരിശീലകന്റെ അളവുകോൽ . വിജയിച്ച കോഴ്സുകളിലെ പാഠങ്ങൾ ശിഷ്യരിലേക്ക് എത്തിക്കുകയും അത് ഫലപ്രദമാക്കുകയും ചെയ്യുക എന്നതാണ്. ടെക്‌നിക്കൽ കോഴ്സുകൾക്ക് സെലക്ട് ചെയ്യുന്നതും അതിന് ധനസഹായം ചെയ്യുന്നതും എ.എഫ്.ഐ ആണ്. ആ സ്ഥിതിക്ക് തങ്ങൾ അയച്ച കോഴ്സിന് പോയതിന്റെ പേരിൽ ഒരാൾക്ക് അവാർഡ് നൽകണമെന്നത് പരിഹാസ്യമാണ്.

2. ഹിമദാസ്, വി.കെ. വിസ്മയ, നീരജ് ചോപ്ര എന്നിവരെ കണ്ടെത്തി മികച്ച പരിശീലനം നൽകി അന്താരാഷ്ട്ര മെഡലുകൾ നേടാൻ പ്രാപ്തനാക്കി

. നീരജ് ചോപ്രയെ ഇന്ത്യൻ ക്യാമ്പിൽ ആദ്യം പരിശീലിപ്പിച്ചത് കാശിനാഥാണ്. വിദേശ പരിശീലകൻ ഗാരി കാൽവർട്ടിന് കീഴിലാണ് ലോക ജൂനിയർ ചാമ്പ്യൻഷിപ്പിൽ റെക്കാഡിട്ട് നീരജ് വിസ്മയം കുറിച്ചത്. ഡെൻമാർക്കുകാരനായ ഉവൈ ഗോൻ ആണ് നീരജിന്റെ ഇപ്പോഴത്തെ പരിശീലകൻ.

ആസാമിലെ ഉൾനാടൻ ഗ്രാമത്തിൽനിന്ന് ഹിമദാസിലെ ഒാട്ടക്കാരിയെ കണ്ടെത്തിയത് നിപ്പോൺ ദാസാണ്. ഇന്ത്യൻ ക്യാമ്പിൽ ഹിമയ്ക്ക് പരിശീലനം നൽകിയത് വിദേശിയായ ഗാലിന ബുഖാറിനയും.

വി.കെ. വിസ്മയ സ്കൂൾ കായിക മേളയിലെ പ്രതിഭയായിരുന്നു. രാജുപോൾ, പി.പി. പോൾ, വിനയചന്ദ്രൻ എന്നിവർക്ക് കീഴിൽ ചിന്തേരിട്ട് വിളക്കിയെടുത്ത ശേഷമാണ് ഇന്ത്യൻ ക്യാമ്പിലെത്തിച്ചത്. ക്യാമ്പിൽ പരിശീലനം നൽകിയത് ഗലീന.

3. വിദേശകോച്ചുമാർക്ക് ഉയർന്ന പ്രതിഫലം നൽകുന്നതിനാൽ അംഗീകാരം നൽകേണ്ടത് ഇന്ത്യൻ പരിശീലർക്കാണ്.

ഇന്ത്യൻ ക്യാമ്പിൽ വിദേശ താരങ്ങളാണ് പരിശീലനത്തിന്റെ 'തിയറിയും പ്രാക്ടിക്കലും' ഒക്കെ നടത്തുന്നത്.തങ്ങളുടെ പരിശീലന രീതിയിൽ കൈകടത്താൻ വിദേശികൾ ഇന്ത്യക്കാരെ അനുവദിക്കില്ല. ഭാഷയറിയാത്ത അത്‌ലറ്റുകൾക്കും വിദേശ കോച്ചുമാർക്കും അസോസിയേഷൻ ഭാരവാഹികൾക്കും തമ്മിലുള്ള ഇടനിലക്കാരായി നിൽക്കുകയാണ് പലപ്പോഴും ഇന്ത്യക്കാരായ പരിശീലകരുടെ റോൾ.

ഒഴിവാക്കപ്പെടാൻ

ഒൗസേഫ്

അഞ്ജു ബോബി ജോർജ്, ബോബി അലോഷ്യസ്, എസ്. മുരളി, ലേഖ തോമസ്, ജിൻസി തോമസ് തുടങ്ങി നിരവധി അന്താരാഷ്ട്ര താരങ്ങളെ വളർത്തിയെടുത്ത പരിശീലകനാണ് ടി.പി. ഒൗസേഫ്. എന്നാൽ ദ്രോണാചാര്യ അവാർഡിന്റെ കാര്യം വരുമ്പോൾ ഇവർക്ക് പുതിയ അവകാശികളെത്തും. അവർ പുരസ്കാരം കൊണ്ടുപോവുകയും ചെയ്യും. ഇന്ത്യൻ ടീമിൽ ഒരു സുപ്രഭാതത്തിൽ എത്തി മെഡൽ നേടുന്ന അത്ഭുത പ്രതിഭകളല്ല കായിക താരങ്ങൾ. തീർത്തും അസംസ്കൃത വസ്തുക്കൾ പോലെയുള്ള കായിക താരങ്ങളെ കണ്ടെത്തുകയും പരിപോഷിപ്പിക്കുകയും ചെയ്ത പരിശീലകരുടെ കുട്ടികൾ ഇന്ത്യൻ താരങ്ങളായി കഴിഞ്ഞാൽ അവിടത്തെ കോച്ചുമാരുടെ സ്വകാര്യ സ്വത്തായി മാറുന്നത് പുതിയ കഥയല്ല. മുമ്പും മലയാളിതാരങ്ങളുടെ പേരിൽ പലരും ദ്രോണാചാര്യ പുരസ്കാരം അണിഞ്ഞ് പുളകം കൊണ്ടിട്ടുണ്ട്.

ടി.പി. ഒൗസേഫ് ഇപ്പോഴും പരിശീലന രംഗത്ത് സജീവമാണ്. വനിതാ ലോംഗ്ജമ്പിലും ട്രിപ്പിൾ ജമ്പിലും ദേശീയ ചാമ്പ്യനായ സാന്ദ്രയുടെ പരിശീലകനാണ് ഇപ്പോൾ ഒൗസേഫ്.

'അർഹതയുള്ളവരെ നിരന്തരം അവഗണിക്കുകയാണ് അത്‌ലറ്റിക് ഫെഡറേഷൻ ചെയ്യുന്നത്. ഞാൻ സ്വന്തമായി അപേക്ഷ നൽകുകയാണ്. സർക്കാർ കമ്മിറ്റി അപേക്ഷ പരിഗണിച്ച് തീരുമാനിക്കട്ടെ.

ടി.പി. ഒൗസേഫ്

ഇന്ത്യൻ പരിശീലകൻ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, SPORTS, DRONACHARYA AWARD NOMINATION
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.