പെരിന്തൽമണ്ണ: സ്വർണാഭരണങ്ങളാണെന്ന് വിശ്വസിപ്പിച്ച് സുഹൃത്തിനെ കൊണ്ട് ബാങ്കിൽ മുക്കുപണ്ടം പണയംവെപ്പിച്ച് പണം തട്ടിയ കേസിൽ ഒരു യുവാവിനെ കൂടി പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. കൂട്ടിലങ്ങാടി പടിഞ്ഞാറ്റുംമുറി പടിഞ്ഞാറെകുണ്ടിലെ പടിക്കൽ മുനീർ (39) ആണ് അറസ്റ്റിലായത്. ബാങ്കിൽ അക്കൗണ്ട് ഇല്ലാത്തതിനാലാണെന്നും പത്ത് ദിവസത്തിനകം തിരിച്ചെടുക്കാമെന്നും വിശ്വസിപ്പിച്ച് പരിയാപുരം സ്വദേശി മുഖേനെ അങ്ങാടിപ്പുറത്തെ ബാങ്കിൽ നിന്ന് 1.18 ലക്ഷം രൂപ കൈപ്പറ്റിയിരുന്നു. എന്നാൽ കാലാവധി കഴിഞ്ഞിട്ടും ആഭരണം തിരിച്ചെടുത്ത് നൽകുകയോ പണം നൽകുകയോ ചെയ്തില്ല. സ്വർണ്ണം തിരിച്ചെടുക്കാത്തതിനാൽ ബാങ്ക് അധികൃതരുടെ പരിശോധനയിലാണ് മുക്കുപണ്ടമാണെന്ന് അറിഞ്ഞത്. ഇതേതുടർന്ന് 1,19,610 രൂപ നൽകി പണയം വെച്ചയാൾ ആഭരണം തിരിച്ചെടുക്കുകയും പൊലീസിൽ പരാതി നൽകുകയുമായിരുന്നു. മറ്റൊരു പ്രതിയായ എടപ്പറ്റ പാതിരിക്കോട് സ്വദേശി ചെന്നേൻകുന്നൻ സിറാജുദ്ദീനെ കഴിഞ്ഞ ദിവസം പൊലീസ് പിടികൂടിയിരുന്നു.