അതിർത്തികൾ ഇന്ന് തുറക്കും
ന്യൂഡൽഹി: ഡൽഹി സർക്കാരിന്റെ കീഴിലുള്ള എല്ലാ ആശുപത്രികളിലും ചില സ്വകാര്യ ആശുപത്രികളിലും ഡൽഹിയിൽ താമസിക്കുന്നവർക്ക് മാത്രമേ ചികിത്സ നൽകൂ എന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ. ഡോക്ടർമാരടങ്ങുന്ന അഞ്ചംഗ പ്രത്യേക സമിതിയുടെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. എന്നാൽ കേന്ദ്ര സർക്കാറിന് കീഴിലെ ആശുപത്രികളിൽ എല്ലാവർക്കും ചികിത്സ ലഭിക്കും. ഒരാഴ്ച മുമ്പ് ഈ വിഷയത്തിൽ പൊതുജനാഭിപ്രായം തേടിയിരുന്നു. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ള രോഗികളാൽ ഞങ്ങളുടെ ആശുപത്രികൾ നിറഞ്ഞു കഴിഞ്ഞുവെന്ന് കെജ്രിവാൾ പറഞ്ഞു. ഇന്ന് (8ന്) മുതൽ ഡൽഹിയുടെ അതിർത്തികൾ തുറക്കുമെന്നും അദ്ദേഹം അറിയിച്ചു.
ആശുപത്രികളിൽ 10,000 കിടക്കകളാണ് ഡൽഹിക്കാർക്കായി നീക്കിവയ്ക്കുന്നത്. ജൂണിൽ 15,000 കട്ടിലുകൾ ആവശ്യമാണ്. 9,000 മാത്രമാണ് നിലവിലുള്ളത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ പ്രവേശിപ്പിച്ചാൽ മൂന്നു ദിവസം കൊണ്ട് ഇവ തീരും. ഡൽഹിയിൽ പല ആശുപത്രികളും ഇതിനകം തന്നെ നിറഞ്ഞുവെന്നും കെജ്രിവാൾ പറയുന്നു.
ഒരാഴ്ചയായി ദിവസവും ആയിരത്തിലധികം കേസുകളാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്യുന്നത്. ആകെ രോഗികളുടെ എണ്ണം മുപ്പതിനായിരത്തോട് അടുക്കുകയാണ്.
വിമർശിച്ച് മുഖ്താർ അബ്ബാസ് നഖ്വി
ഡൽഹി ആശുപത്രികളിൽ ഡൽഹിക്കാർക്ക് മാത്രം ചികിത്സയെന്ന തീരുമാനത്തിനെതിരെ വിമർശനവുമായി കേന്ദ്ര മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി രംഗത്തെത്തി. ആശുപത്രികളിലെ കിടക്കകൾ എങ്ങനെ ഡൽഹിയിലെ ആളുകൾക്ക് മാത്രമായി നീക്കിവയ്ക്കുമെന്ന് അദ്ദേഹം ചോദിച്ചു. മുംബയിലെ കിടക്കകൾ മുംബയ് നിവാസികൾക്കും കൊൽക്കത്തയിലെ കിടക്കകൾ കൊൽക്കത്താ നിവാസികൾക്കും മാത്രമാണോ? ഡൽഹിയിലേക്ക് വരാൻ പാസ്പോർട്ടിന്റെയും വിസയുടെയും ആവശ്യമില്ല. വിവിധ നാടുകളിൽനിന്നുള്ളവർ രാജ്യ തലസ്ഥാനത്ത് ചികിത്സക്കായി എത്തുന്നതാണ്. ഇതിൽ ഒരു രാഷ്ട്രീയവും ഉണ്ടാകരുത്. വിവേകമാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.