SignIn
Kerala Kaumudi Online
Monday, 26 July 2021 11.21 PM IST

മണൽക്കൊള്ള: യഥാർത്ഥ വില്ലനാര്?​​

pampa-

കൊവിഡ് ഭീതിയിൽ നാട് വിറങ്ങലിച്ചു നിൽക്കുമ്പോൾ അതൊരു അവസരമാക്കി തുടർച്ചയായി കൊള്ള നടത്താനുള്ള സർക്കാരിന്റെ ശ്രമം അമ്പരപ്പിക്കുന്നതാണ്. രക്ഷകനെപ്പോലെ സംസാരിച്ചു കൊണ്ടുതന്നെ മുഖ്യമന്ത്രി ഇതിനു നേതൃത്വം നൽകുന്നതാണ് അദ്ഭുതം. സ്‌പ്രിംഗ്ളറിനും ബെവ്ക്യു ആപ്പിനും പിന്നാലെ തട്ടിപ്പുശ്രേണിയിലെ അടുത്ത ഇനമാണ് പമ്പയിലെ മണൽക്കടത്ത്.

2018 ലെ മഹാപ്രളയത്തിൽ അടിഞ്ഞുകൂടിയ ഒരു ലക്ഷത്തിലേറെ ഘനമീറ്റർ മണൽ കണ്ണൂരിലെ പൊട്ടിപ്പൊളിഞ്ഞ ഒരു പൊതുമേഖലാ സ്ഥാപനത്തെ മുൻനിറുത്തി സ്വകാര്യ വ്യക്തികൾക്ക് സൗജന്യമായി നൽകാനുള്ള നീക്കമായിരുന്നു അത്.

മൂവർ സംഘത്തിന്റെ നിഗൂഢയാത്ര

വിരമിക്കുന്നതിന് ഒരു ദിവസം മുമ്പ് ചീഫ് സെക്രട്ടറി ടോം ജോസും പുതിയ ചീഫ് സെക്രട്ടറി ബിശ്വാസ് മേത്തയും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയും പമ്പയിലേക്ക് ഹെലികോപ്‌ടറിൽ നടത്തിയ ദുരൂഹയാത്രയാണ് ഈ കൊള്ളയ്ക്ക് വഴി തുറന്നത്. തുടർന്ന് മേയ് 30ന് പത്തനംതിട്ട ജില്ലാ കളക്ടർ കണ്ണൂരിലെ കേരള ക്ളേസ് ആൻഡ് സിറാമിക് പ്രോഡക്ട്സിന് മണൽ സൗജന്യമായി നീക്കംചെയ്യാൻ അനുമതി നൽകി. സ്ഥലവും മണലും വനംവകുപ്പിന്റെ അധീനതയിലും ഉടമസ്ഥതയിലുമായിരുന്നിട്ടും വകുപ്പോ മന്ത്രിയോ അറിയാതെയായിരുന്നു തീരുമാനം.

പമ്പയിൽ അടിഞ്ഞുകൂടിയ മണൽ നീക്കാൻ മന്ത്രിസഭാ തീരുമാനപ്രകാരം വനംവകുപ്പ് കൈക്കൊണ്ട നടപടികൾ നിലനിൽക്കെയാണ് അവരുടെ തലയ്ക്കു മുകളിലൂടെയുള്ള ഗൂഢനീക്കം നടന്നത്. 2.5.2019 ൽ ഐറ്റം നമ്പർ 3625 എന്ന അജണ്ടയിൽ ഈ മണൽ എങ്ങനെ ലേലം ചെയ്തു വില്‍ക്കണമെന്ന് കാബിനറ്റ് തീരുമാനിച്ചിട്ടുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡിന് നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലെ നിർമ്മാണപ്രവർത്തനങ്ങൾക്കായി 20,000 ഘനമീറ്ററും,​ നേരിട്ട് വാങ്ങാനെത്തുന്നവർക്ക് ലേലം വഴി 15,000 ഘനമീറ്ററും,​ ഇ- ടെൻഡർ വഴി വില്പനയ്‌ക്ക് 55,000 ഘനമീറ്ററും വിനിയോഗിക്കാനായിരുന്നു മന്ത്രിസഭാ തീരുമാനം. ഇതിനായി കേന്ദ്ര വനം- പരിസ്ഥിതി മന്ത്രാലയം 2019 ഫെബ്രുവരി 26 ന് ഒറ്റത്തവണ അനുമതി നല്‍കുകയും ചെയ്തിരുന്നു.

വിൽപ്പനയില്ലെങ്കിൽ ഞങ്ങളില്ല!

മണൽ വാരാൻ കരാർ നേടിയ കണ്ണൂരിലെ കേരള ക്ലേസ് ആന്റ് സിറമാമിക് പ്രോഡക്ട്സിന് ഇതിനുള്ള സാങ്കേതിക സജ്ജീകരണങ്ങളോ ശേഷിയോ ഇല്ലെന്ന് അതിന്റെ ചെയർമാനും സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗവുമായ ടി.കെ. ഗോവിന്ദൻ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാരണത്താൽ കോട്ടയത്തെ ഒരു സ്വകാര്യ കമ്പനിക്കാണ് അവർ ഉപകാരർ നൽകിയത്. സർക്കാർ തീരുമാനത്തെ തുടർന്ന് മിന്നൽ വേഗത്തിൽ അവർ പണി തുടങ്ങുകയും ചെയ്തു. ഇതോടെ ഈ നീക്കത്തിന്റെ ലക്ഷ്യവും അഴിമതിയും പൂര്‍ണ്ണമായും വെളിപ്പെട്ടു.

മണൽക്കൊള്ള സംബന്ധിച്ച വിവരം ഞാൻ ഇക്കഴിഞ്ഞ രണ്ടിന് പുറത്തുവിട്ടതോടെയാണ് വനം വകുപ്പപോലും അറിഞ്ഞത്. വനത്തിനു പുറത്തേക്ക് മണൽ കൊണ്ടുപോകുന്നതു തടഞ്ഞ് അന്നുതന്നെ വനം വകുപ്പ് സെക്രട്ടറി ഡോ. ആശാ തോമസ് ഉത്തരവിറക്കി. ഇതോടെ മണലെടുക്കുന്നതിൽ നിന്ന് തങ്ങൾ പിന്മാറുന്നതായി ക്ളേസ് ആൻഡ് സിറാമിക് പ്രോഡ്ര്രക്ട് ചെയർമാൻ ഗോവിന്ദൻ പ്രഖ്യാപിച്ചു. നീക്കം ചെയ്യുന്ന മണ്ണ് തങ്ങൾക്ക് കൈവശം വയ്ക്കാനോ വില്ക്കാനോ കഴിയുന്നില്ലെങ്കിൽ അതിൽ നിന്ന് പിന്മാറുന്നു എന്നാണ് ചെയർമാൻ പറഞ്ഞത്. പമ്പയിലെ മണൽ വില്ക്കുക തന്നെയായിരുന്നു ലക്ഷ്യമെന്ന് ഇതിലൂടെ വ്യക്തമാണല്ലോ.

മന്ത്രിസഭയിലെ രണ്ടാം കക്ഷിയുടെ വകുപ്പിൽ കടന്നുകയറി കൊള്ളയ്ക്ക് വഴി തുറക്കാൻ ഈ മൂവർ സംഘത്തിന് ധൈര്യം നൽകിയത് ആരെന്നാണ് ഇനി അറിയേണ്ടത്. കോടികളുടെ മണൽ മറിച്ചുവിൽക്കാൻ ഇവർ സ്വന്തം നിലയ്‌ക്ക് തീരുമാനിക്കുമെന്നു കരുതേണ്ടതില്ല. ഭരണത്തലപ്പത്തെ പ്രബലരുടെ പിൻബലവും നിർദ്ദേശവും വേണം. അതായത്,​ യഥാ‌ർത്ഥ വില്ലന്റെ മുഖം ഇനിയും പുറത്തു വരാനിരിക്കുന്നതേയുള്ളൂ.

കണ്ണുരുട്ടിയിട്ട് കാര്യമില്ല

മണൽ കടത്താനുള്ള തീരുമാനം വനം വകുപ്പ് സെക്രട്ടറി തടഞ്ഞതിനെപ്പറ്റി വാർത്താ സമ്മേളത്തിൽ മാദ്ധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ അരിശം മറയ്‌ക്കാതെ മുഖ്യമന്ത്രി പറഞ്ഞത്,​ വനത്തിലൂടെ ഒഴുകുന്ന പുഴയാണെങ്കിലും അതിലെ മണലിന്റെ അവകാശം തങ്ങൾക്കാണെന്ന് വനം വകുപ്പ് തെറ്റിദ്ധരിച്ചിരിക്കുകയാണെന്നാണ്. ഒരു സംസ്ഥാന മുഖ്യമന്ത്രിക്ക് എങ്ങനെ ഇതു പറയാൻ കഴിഞ്ഞു? വനത്തിലെ എന്തും (നദിയായാലും തടിയായാലും മണലായാലും)​ വനത്തിന്റെ അധീനതയിലാണ് വരുന്നതെന്ന് 1980 ലെ ഇന്ത്യൻ ഫോറസ്റ്റ് കൺസർവേഷൻ ആക്ടിന്റെ രണ്ടാം വകുപ്പിൽ വ്യക്തമായി പറയുന്നുണ്ട്. ഈ മണൽ നീക്കം ചെയ്യാമെങ്കിലും വനാതിർത്തിക്കു പുറത്തു കൊണ്ടുപോകാനോ, വില്ക്കാനോ പാടില്ല. അതിന് നിയമാനുസൃത നടപടിക്രമം പാലിക്കണം. ഇതനുസരിച്ചാണ് വനം വകുപ്പ് സെക്രട്ടറിയുടെ ഉത്തരവ്. അതിനു നേരെ മുഖ്യമന്ത്രി കണ്ണുരുട്ടിയിട്ട് കാര്യമില്ല.

വനത്തിലെ മണൽ വിൽക്കാൻ മൂന്ന് പ്രധാന നിബന്ധനകൾ പാലിക്കേണ്ടതുണ്ട്. കേന്ദ്ര സർക്കാരിന്റെ അനുവാദവും സാൻഡ് ഓഡിറ്റ് റിപ്പോർട്ടും ഉപദേശസമിതിയുടെ അനുമതിയുമാണ് ഇവ. ഈ നിബന്ധനകൾ പാലിക്കാതെയായിരുന്നു തട്ടിപ്പിനുള്ള ശ്രമം.

പ്രശ്നത്തിൽ ഹരിത ട്രിബ്യൂണൽ അന്വേഷണം പ്രഖ്യാപിക്കുകയും അതിന് സംയുക്ത കമ്മിറ്റി രൂപീകരിക്കുകയും ചെയ്തുവെന്നത് വിഷയം എത്രത്തോളം ഗൗരവമുള്ളതാണെന്ന് വ്യക്തമാക്കുന്നതാണ്.

പറ്റിയ അവസരം വന്നത് ഇപ്പോൾ!

2018 ലെ പ്രളയത്തിൽ അടി‌ഞ്ഞുകൂടിയ മണൽ നീക്കാൻ ഇത്രയും താമസിപ്പിച്ചതു തന്നെ കോടികൾ മതിക്കുന്ന സ്വത്ത് കൊള്ളയടിക്കാൻ പറ്റിയ അവസരം ഒത്തുവരുന്നതിനായല്ലേ?​ കൊവിഡ് ഭീതിയും അടുത്ത പ്രളയത്തിന്റെ ഭീഷണിയും ഒത്തുചേർന്ന സമയം അതിനുള്ള നല്ല സമയമായി സർക്കാർ കാണുകയായിരുന്നു. മൂവർസംഘം ഉന്നതരുടെ നിർദ്ദേശപ്രകാരം നടത്തിയ ഹെലികോപ്‌ടർ യാത്രയുടെ രഹസ്യം ഇതാണ്.

സംസ്ഥാനത്തെ നദികളുടെയും പരിസ്ഥിതിയടേയും നിലനിൽപ്പിനെത്തന്നെ ബാധിക്കുന്ന തരത്തിൽ,​ ദൂരവ്യാപക പ്രത്യാഘാതങ്ങൾക്കു വഴിതെളിക്കുന്ന നീക്കത്തിനു പിന്നിൽ പൊതുഖജനാവിലെത്തേണ്ട കോടികൾ കൊള്ളയടിക്കാനുള്ള ഗൂഢാലോചനയാണ് നടന്നത്. ഇതിനു പിന്നിലുള്ളവരെ നിയമത്തിനു മുന്നിലെത്തിക്കാൻ പ്രതിപക്ഷം ശക്തമായ പോരാട്ടം തുടരും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: PAMPA SAND REMOVAL
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.