SignIn
Kerala Kaumudi Online
Tuesday, 22 September 2020 10.05 AM IST

പടനയിച്ച് വനിതാ നേതാക്കൾ, അടിപതറി കൊറോണ വൈറസ്

women-leaders

 അമേരിക്കയും ബ്രിട്ടനും ഉൾപ്പെടെ പുരുഷൻമാർ നയിക്കുന്ന രാജ്യങ്ങൾ കൊവിഡ് താണ്ഡവത്തിൽ വിറങ്ങലിച്ച് നിൽക്കുമ്പോൾ, വനിതകൾ നേതൃത്വത്തിലുള്ള രാജ്യങ്ങൾ കൊവിഡ് പ്രതിരോധത്തിൽ വളരെയേറെ മുന്നിലാണ്. പെൺകരുത്തിന് മുന്നിൽ വൈറസിന് അടിപതറിയെന്ന് പഠനങ്ങൾ. മഹാമാരിയെ ഫലപ്രദമായി നേരിട്ട ഈ വനിതാ നേതാക്കൾ 'പുരുഷാധിപത്യ ലോകത്തിനെ' നോക്കി പുഞ്ചിരിക്കുന്നു. മാതൃകയാക്കാം ഇവരുടെ കൊവിഡ് പ്രതിരോധ പ്രവൃത്തികൾ...

അതിവേഗം വ്യാപിക്കുന്ന വൈറസ്, അനുനിമിഷം ഉയരുന്ന മരണം... മഹാമാരിക്ക് മുന്നിൽ ഞെട്ടിത്തരിച്ചിരിക്കയാണ് കരുത്തുറ്റ ലോകനേതാക്കളിൽ പലരും. ഈ കടുത്ത പരീക്ഷണത്തെ ഫലപ്രദമായി നേരിടുന്നതെങ്ങനെയെന്ന് അറിയില്ല. ചില രാഷ്ട്രത്തലവൻമാർ പ്രതിരോധ നടപടികളെന്തെന്ന് ആലോചിച്ച് തലപുകയ്ക്കുമ്പോൾ, മറ്റ് ചിലർ രോഗത്തിന്റെ ഗൗരവം തിരിച്ചറിയുന്നു പോലുമില്ല. വൈറസ് ഏറ്റവും നാശം വിതച്ചുകൊണ്ടിരിക്കുന്ന അമേരിക്കയിൽ പ്രസി‍ഡന്റ് ഡോണാൾഡ് ട്രംപ് തുടക്കത്തിൽ രോഗത്തെ നിസാരവത്കരിച്ചു. മാസങ്ങൾക്ക് മുമ്പുതന്നെ ശാസ്‍ത്രജ്ഞർ മുന്നറിയിപ്പ് നൽകിയെങ്കിലും ട്രംപ് അവഗണിച്ചു. യാതൊരു നിയന്ത്രണവും ഏർപ്പെടുത്തിയില്ല. ഫലമോ, രോഗികൾ 20 ലക്ഷവും മരണം 1.15 ലക്ഷവും പിന്നിട്ടപ്പോഴും രോഗവ്യാപനം നിയന്ത്രിക്കാനാവാതെ കൈകാലിട്ടടിക്കുകയാണ് അമേരിക്ക. യൂറോപ്യൻ ശക്തിയായ ബ്രിട്ടനും ഇതേ മാതൃകയാണ് പിന്തുടർന്നത്. പ്രധാനമന്ത്രി ബോറിസ് ജോൺസണും നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ മടിച്ചു. ഒടുവിൽ കൊവിഡ് അദ്ദേഹത്തെ തന്നെ പിടികൂടി. അപ്പോഴാണ് രോഗത്തിന്റെ ഭീകരത തിരിച്ചറിഞ്ഞത്. ലോകത്താകെ 80 ലക്ഷത്തോളം കൊവിഡ് രോഗികളും 4.35 ലക്ഷം മരണവും സംഭവിച്ചിട്ടും മഹാമാരിയെ മെരുക്കാനോ പിടിച്ചുകെട്ടാനോ കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് വൈറസിനെതിരെ ഫലപ്രദമായി പൊരുതി നിൽക്കുന്ന രാജ്യങ്ങൾ ശ്രദ്ധ നേടുന്നത്. ഫിൻലൻഡ്, ജർമ്മനി, ഐസ്‌ലാൻഡ്, ഡെൻമാർക്ക്, ന്യൂസിലാൻഡ്, തായ്‌വാൻ, നോർവെ തുടങ്ങി കൊവിഡിനോട് മികച്ച പോരാട്ടം നടത്തുന്ന ഈ രാജ്യങ്ങളെ നയിക്കുന്നത് സ്ത്രീകളാണെന്നതാണ് പ്രത്യേകത. 'പെണ്ണൊരുമ്പെട്ടാൽ' എന്ന് നെഗറ്റീവായി ചിന്തിക്കുന്ന ലോകത്തിനെ 'സ്ത്രീശക്തിയുടെയും നിശ്ചദാർഢ്യത്തിന്റെയും' പുതു ചരിത്രം പഠിപ്പിക്കുകയാണ് ഈ വനിതാ നേതാക്കൾ. കൊവിഡ് എന്ന വൻ വിപത്തിനെ കൈകാര്യം ചെയ്യുന്നതിൽ ഇവരുടെ നടപടികൾ പുരുഷ നേതാക്കളേക്കാൾ മികച്ചതാണെന്നാണ് വിലയിരുത്തൽ.

യുദ്ധം ജയിച്ച് ന്യൂസിലാൻസ് നൃത്തം ചവിട്ടി ജസീന്താ ആൻഡേൻ

കഴിഞ്ഞ തിങ്കളാഴ്ച ന്യൂസിലാൻഡ് പ്രധാനമന്ത്രി ജസീന്താ ആർഡേൻ തന്റെ കൈക്കുഞ്ഞിനൊപ്പം ആനന്ദനൃത്തം ചെയ്യുകയായിരുന്നു. കാരണം അത്രയേറെ അഭിമാനിക്കാവുന്ന ഒരു ദിവസമായിരുന്നു അത്. കൊവിഡിനെ രാജ്യത്ത് നിന്ന് ഉന്മൂലനം ചെയ്യാൻ സാധിച്ചതിന്റെ സന്തോഷത്തിലായിരുന്നു ആ നൃത്തം. 50 ലക്ഷം ആളുകൾ മാത്രമുള്ള ന്യൂസീലൻഡിന്റെ പ്രധാന വരുമാനമാർഗം ടൂറിസമാണ്. എന്നാൽ കൊവിഡ് റിപ്പോർട്ട് ചെയ്ത മാർച്ച് 19ന് രാജ്യത്തിന്റെ അതിർത്തികൾ അടയ്ക്കാൻ പ്രധാനമന്ത്രി ജസീന്ത ഉത്തരവിട്ടു. മാർച്ച് 23ന് രാജ്യത്ത് നാലാഴ്‍ചത്തെ ലോക്ക്ഡൗൺ പ്രഖ്യാപിച്ചു. അവശ്യസേവനമല്ലാത്ത ഒന്നും പ്രവ‌ർത്തിക്കേണ്ടെന്നും ആളുകൾ വീട്ടിലിരിക്കണമെന്നും നിർദ്ദേശിച്ചു. രാജ്യത്താകെ കൊവിഡ് വൈറസ് ടെസ്റ്റുകൾ വ്യാപകമാക്കി. 1504 കേസുകൾ സ്ഥിരീകരിച്ചു. എന്നാൽ 22 പേർ മാത്രമാണ് മരിച്ചത്. രോഗം പൂർണമായി ഇല്ലാതാകുന്നതുവരെ ലോക്ക്ഡൗൺ പിൻവലിക്കില്ലെന്നായിരുന്നു ജസീന്തയുടെ ദൃഢനിശ്ചയം.

ഒരു മുഴം മുമ്പെ പ്രതിരോധിച്ച് തായ്‌വാനിലെ സായ് ഇംഗ് വെൻ

വൈറസ് പൊട്ടിപ്പുറപ്പെട്ട വുഹാന് ഏറ്റവും അടുത്ത് സ്ഥിതി ചെയ്തിട്ടും 24 മില്യൺ ജനങ്ങളുള്ള തായ്‌വാനിൽ കൊവിഡ് രോഗികൾ 443, മരണം വെറും 7. ലോകത്തിലെ ഏറ്റവും വിജയകരമായ പരിശ്രമമായിരുന്നു തായ്‌വാൻ പ്രസിഡന്റ് സായ് ഇംഗ് വെനിന്റെ നേതൃത്വത്തിൽ നടന്നത്. തായ്‌വാനെ തങ്ങളുടെ ഭാഗമാകാൻ ചൈന നടത്തുന്ന ശ്രമങ്ങൾ ചെറുക്കുന്നതിനിടെയാണ് സായിക്ക് മുന്നിൽ കൊവിഡ് പ്രതിസന്ധിയെത്തുന്നത്. വൈസ് പ്രസിഡന്റും മുൻ ആരോഗ്യമന്ത്രിയുമായിരുന്ന ചെൻ ഷിൻ ജെന്നിനെ ഒപ്പം കൂട്ടി പകർച്ചവ്യാധിയോട് യുദ്ധം പ്രഖ്യാപിച്ചു. രാജ്യം സമ്പൂർണ ലോക്ക്ഡൗണിലാക്കുകയായിരുന്നു ആദ്യ നടപടി. ഡിസംബറിൽ തന്നെ പരിശോധനയും നിയന്ത്രണവും തുടങ്ങി. പ്രത്യേക പകർച്ചവ്യാധി കമാൻഡ് സെന്റർ സ്ഥാപിച്ചു. മാസ്‍കുകളും സുരക്ഷാ ഉപകരണങ്ങളും കൂടുതലായി നിർമ്മിച്ചു. ജനുവരിയോടെ ചൈന, ഹോങ്കോംഗ്, മക്കാവു എന്നിവിടങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ വിലക്കി. മൊബൈൽ ഫോണിലെ ജി.പി.എസ് ട്രാക്കർ ഉപയോഗിച്ച് ക്വാറന്റൈനിലാക്കിയവരെ നിരന്തരം നിരീക്ഷിച്ചു. ശ്വാസസംബന്ധമായ പ്രശ്നങ്ങളുള്ള എല്ലാവർക്കും കൊവിഡ് ടെസ്റ്റ് നടത്തി. നിരന്തരമായ ജാഗ്രതയും സായിയുടെ മികച്ച നേതൃപാടവവും തായ് മണ്ണിൽ നിന്ന് കൊവിഡിനെ തുരത്തി.

 പ്രായം കുറഞ്ഞാലെന്താ, ഉശിര് അധികമെന്ന് സന്ന മാരിൻ

ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയാണ് ഫിൻലാൻഡിലെ സന്നമാരിൻ. 34കാരിയുടെ ചുറുചുറുക്കോടെ സന്ന മുന്നിൽ പ്രതിരോധം തീർത്തപ്പോൾ ഫിൻലാൻഡിനെ വിട്ടൊഴിയാതെ വൈറസിന് തരമില്ലായിരുന്നു. മാർച്ച് 18ന് രാജ്യം കർശന ലോക്ക്ഡൗണിലായി. 55 ലക്ഷം ജനങ്ങളുള്ള ഫിൻലാൻഡിൽ 7000 കൊവിഡ് കേസുകളാണുണ്ടായത്. 325 മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്‍തത്. ജൂൺ ഒന്നിന് മഹാമാരിയെ മെരുക്കി, രാജ്യം തുറന്നു. റസ്റ്റോറന്റും തിയേറ്ററും സ്കൂളുകളും വരെ തുറന്നു. സന്ന മാരിന്റെ ഭരണമികവാണ് വൈറസിനെതിരായ പോരാട്ടത്തിൽ ഫിൻലാൻഡിനെ വിജയത്തിലെത്തിച്ചതെന്നാണ് രാജ്യത്തെ 85 ശതമാനം ജനങ്ങളും ഒരു സർവേയിൽ പറഞ്ഞത്. സന്നയുടെ മന്ത്രിസഭയിലെ അഞ്ച് പേര്‍ വനിതകളാണ്.

ശാസ്ത്രത്തെ കൂട്ടുപിടിച്ച് ആഞ്ചല മെർക്കൽ

8.3 കോടി ജനങ്ങളുള്ള ജർമ്മനിയിൽ 2 ലക്ഷത്തോളം പേരെ കൊവിഡ് ബാധിച്ചു. എന്നാൽ മരണനിരക്ക് മറ്റ് യൂറോപ്യൻ രാജ്യങ്ങളേക്കാൾ വളരെക്കുറവാണ്. ഇതെഴുതുമ്പോൾ മരണം 9000 കടന്നിട്ടില്ല. ക്വാണ്ടം കെമിസ്ട്രിയിൽ ഡോക്ടറേറ്റുള്ള ചാൻസലർ ആഞ്ചല മെർക്കലിന്റെ മിടുക്കാണ് കൊവിഡ് മരണത്തിന് മൂക്കുകയറിട്ടത്. ആദ്യത്തെ കേസ് റിപ്പോർട്ട് ചെയ്‍തപ്പോൾ മുതൽ ജർമ്മൻ സർക്കാരിന്റെ നടപടികൾ അതിവേഗത്തിലായിരുന്നു. കൊവിഡ് നയം വികസിപ്പിക്കുന്നതിനായി മെഡിക്കൽ ദാതാക്കളിൽ നിന്നുൾപ്പെടെ പലയിടത്ത് നിന്നും വിവരങ്ങൾ ശേഖരിച്ചു. കൂടാതെ ദക്ഷിണ കൊറിയയുടെ വിജയകരമായ കൊവിഡ് നിയന്ത്രണ പദ്ധതികളും പരിഗണിച്ചു. പരിശോധനകൾ രാജ്യമെങ്ങും വ്യാപകമാക്കി. സംശയമുള്ള ഒരാളെ പോലും പരിശോധിക്കാതെ വിട്ടില്ല. അതിന്റെ ഫലമാണ് ഉയർന്ന രോഗികളുടെ എണ്ണം. നേരത്തെ രോഗം കണ്ടെത്താനായതിനാൽ ആളുകൾ ഗുരുതരാവസ്ഥയിലെത്തുന്നതും മരിക്കുന്നതും ഒഴിവാക്കാനായി. യൂറോപ്പിൽ ഏറ്റവും കൂടുതൽ കൊവിഡ് ടെസ്റ്റുകൾ നടത്തിയ രാജ്യമാണ് ജർമനി.

 18 അടവും പയറ്റി ഡെൻമാർക്ക്

കൊറോണ വൈറസിനെപ്പറ്റി കേട്ടപ്പോഴേ ഡെൻമാർക്ക് അടച്ചുപൂട്ടലിനെപ്പറ്റി ചിന്തിച്ചു. വളെ നേരത്തെ തന്നെ പൊതുസ്ഥലങ്ങൾ അടച്ചുപൂട്ടി. മാറ്റ് ഫ്രെഡറിക്സൻ എന്ന വനിതാ പ്രധാനമന്ത്രിയുടെ ക്രിയാത്മകമായ ഇടപെടലാണ് ഇതിന് പിന്നിൽ. അതിനാലാവണം ആറു മില്യൺ ജനങ്ങളുള്ള ഡെൻമാർക്ക് വളരെവേഗം കൊവിഡ് മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചെത്തിയത്. 12,000 രോഗികളുള്ള രാജ്യത്ത് ഇതുവരെ 594 മരണമാണ് റിപ്പോർട്ട് ചെയ്തത്.

 റാപ്പിഡ് ടെസ്റ്റ് ആയുധമാക്കി ഐസ്‍ലാൻഡ്

3,60,000 ജനസംഖ്യയുള്ള ഐസ്‌ലാൻഡിൽ 1700 ഓളം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.10 മരണം. ഇതിൽ പകുതിയോളം പേർക്കും ലക്ഷണങ്ങളുണ്ടായിരുന്നില്ല. പ്രധാനമന്ത്രി കാതറിൻ ജേക്കബ്‍‍സ്ഡോട്ടിർ വളരെ നേരത്തെ തന്നെ പ്രതിരോധ നടപടികൾ പ്രഖ്യാപിച്ചതാണ് രോഗവ്യാപനം കുറച്ചത്. പരിശോധനകൾ വ്യാപകമാക്കിയതിനാൽ വളരെ വേഗം രോഗം കണ്ടെത്താനായി. രോഗം സ്ഥിരീകരിച്ചരുമായി സമ്പർക്കമുണ്ടായവരെ കണ്ടെത്തി നിരീക്ഷണത്തിലാക്കി.

നോർവെയുടെ 'അയൺ ലേഡി"

'അയൺ ഏന' എന്ന വിളപ്പേരുള്ള പ്രധാനമന്ത്രി ഏന സോൾബർഗിന്റെ നേതൃത്വത്തിലാണ് നോർവെ വൈറസ് വ്യാപനത്തെ നിയന്ത്രണത്തിലാക്കിയത്. 8613 രോഗികളുള്ള ഇവിടെ 243 പേർ മരിച്ചു. കൊവിഡ് ഭീതിയിൽ അമർന്ന രാജ്യത്തെ അഭിസംബോധന ചെയ്ത ഏന, കുട്ടികളോട് പറഞ്ഞു. 'ഭയപ്പെടരുത്. ഇനിയുള്ളത് സ്പെഷ്യൽ ദിവസങ്ങളാണ്. വീട്ടിൽ സുരക്ഷിതമായി ഇരുന്ന് കളിക്കണം.' - കുട്ടികളെ ബോധവത്കരിച്ചതിനൊപ്പം രാജ്യത്ത് കർശന നിയന്ത്രണങ്ങളേർപ്പെടുത്താനും ഏന മടിച്ചില്ല. ഇത്തരം കരുത്തുറ്റ തീരുമാനങ്ങളാണ് ഏന സോൾബർഗിനെ 'അയൺ ഏന' ആക്കിയത്.

കേരളമോഡൽ ഹിറ്റാക്കി ശൈലജടീച്ചർ

ഇന്ത്യയിൽ കൊവിഡ് ആദ്യം റിപ്പോർ‌ട്ട് ചെയ്ത സംസ്ഥാനമാണ് കേരളം. എന്നിട്ടും രോഗവ്യാപനത്തെ വരുതിയിലാക്കുന്നതിൽ കേരളം ലോകത്തിനാകെ മാതൃകയാണ്. ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ കൃത്യതയാർന്ന ഏകോപനമികവാണ് മികവിന് പിന്നിൽ. 3 കോടി ജനസംഖ്യയുള്ള സംസ്ഥാനത്ത് ആകെ രോഗികൾ 2400ഓളം. 19 മരണം. ഇന്ത്യയിൽ 3 ലക്ഷത്തിലധികം രോഗികളും 8,732 മരണവുമായി കൊവിഡ് സംഹാരതാണ്ഡവമാടുമ്പോഴാണിത്. വൈറസ് സ്ഥിരീകരിച്ച ആദ്യഘട്ടത്തിൽ തന്നെ കൃത്യമായ മാർഗ നിർദ്ദേശം നൽകി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി. വിവിധയിടങ്ങളിൽ നിന്നും എത്തിയവരെ പരിശോധിച്ചതിനൊപ്പം രോഗലക്ഷണങ്ങൾ ഉള്ളവരെ ഐസലേറ്റ് ചെയ്തു. ഇവരെ കൃത്യമായി നിരീക്ഷിച്ചു. ഇതാണ് കേരളത്തിൽ വൈറസിനെ വേരാഴ്ത്താൻ ഇടം നൽകാതിരുന്നത്.

 21 ശതമാനം വനിതകൾ

ലോകത്തെ കാബിനറ്റ് മന്ത്രിമാരിൽ വെറും 21 ശതമാനം മാത്രമാണ് വനിതകളെന്ന് വേൾഡ് ഇക്കണോമിക് ഫോറം പറയുന്നു. രാജ്യത്തിന്റെ നയരൂപീകരണത്തിൽ എത്രമാത്രം വനിതകളെ ഉൾപ്പെടുത്തുന്നുവോ അത്രമാത്രം ഗുണകരമായ മാറ്റങ്ങളുണ്ടാകുമെന്നും ഫോറത്തിന്റെ പഠന റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കൊവിഡ് പ്രതിരോധത്തിൽ സ്ത്രീകൾ നയിക്കുന്ന രാജ്യങ്ങൾ മുന്നിലെത്തിയതും ഇതുകൊണ്ടാണെന്ന് അവർ ചൂണ്ടിക്കാട്ടുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS SCAN
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.