പുലർച്ചെ നടക്കാനിറങ്ങുന്ന സ്ത്രീകൾ പ്രധാന ഇര
കൊല്ലം: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ പുലർച്ചെ നടക്കാനിറങ്ങുന്ന സ്ത്രീകളുടെയും യാത്രക്കാരുടെയും മാല ബൈക്കിലെത്തി കവർന്ന കേസുകളിലെ പ്രതികൾ അറസ്റ്റിലായി. മങ്ങാട് മഴനെല്ലി പടിഞ്ഞാറ്റതിൽ ശരത് (19), മങ്ങാട് മുള്ളൂർ കായൽവാരത്ത് അമൽ (18) എന്നിവരാണ് അറസ്റ്റിലായത്.
കുറ്റിച്ചിറ സ്വദേശിനിയുടെ മൂന്നര പവൻ തൂക്കം വരുന്ന സ്വർണമാലയും വെട്ടുവിളയിൽ കാൽനട യാത്രക്കാരിയുടെ കഴുത്തിൽ കിടന്ന മാലയും കഴിഞ്ഞ ദിവസം ഇവർ കവർന്നിരുന്നു. ഇതിനെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. പത്തിലേറെ സ്ഥലങ്ങളിൽ നിന്ന് മുമ്പ് മാല കവർന്നതായി ഇവർ ചോദ്യം ചെയ്യലിൽ സമ്മതിച്ചു. മുഖത്തല അമ്പലം, പുന്തലത്താഴം, ഈഴവപ്പാലം തുടങ്ങിയ സ്ഥലങ്ങളിൽ കാൽനട യാത്രികരുടെ മാല പൊട്ടിച്ചതും പൊട്ടിക്കാൻ ശ്രമിച്ചതും ഇവരാണ്.
അഞ്ചാലുംമൂട്, ഇരവിപുരം, കിളികൊല്ലൂർ, കൊട്ടിയം തുടങ്ങിയ സ്റ്റേഷൻ പരിധികളിൽ മുമ്പ് നിരവധി തവണ ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഈ കേസുകളിൽ ഇവർക്കുള്ള പങ്കിനെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. അഞ്ചാലുംമൂട് സി.ഐ കെ. അനിൽകുമാർ,സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ കെ. ജയകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണവും അറസ്റ്റും. പ്രതികളെ ഇന്ന് രാവിലെ കോടതിയിൽ ഹാജരാക്കും.
കുറ്റകൃത്യത്തിന് പ്രത്യേക പരിശീലനം, ആർഭാട ജീവിതം ലക്ഷ്യം
വ്യക്തമായ ആസൂത്രണത്തോടെയാണ് യുവാക്കൾ ഓരോ തവണയും കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിരുന്നത്. മാല പൊട്ടിക്കുന്നതിന് മുമ്പ് പ്രദേശത്തിന്റെ സ്വഭാവത്തെക്കുറിച്ച് പ്രത്യേക നിരീക്ഷണം നടത്തിയിരുന്നു. മാല പൊട്ടിച്ച ശേഷം നാട്ടുകാരുടെയും പൊലീസിന്റെയും കയ്യിൽപ്പെടാതെ സുരക്ഷിതമായി ബൈക്കിൽ രക്ഷപ്പെടാനുള്ള വഴികളും ഇവർ മുൻകൂട്ടി കണ്ടുവെച്ചിരുന്നു.
സ്ത്രീകളുടെ കഴുത്തിൽ നിന്ന് മാല പൊട്ടിക്കുന്നതിന് പ്രത്യേക പരിശീലനം നടത്തിയിരുന്നു. ആർഭാട ജീവിതത്തിനും അനാവശ്യ ആഡംബരങ്ങൾക്കും വേണ്ടിയായിരുന്നു മോഷണങ്ങളൊക്കെയും. മോഷ്ടിച്ച മാലകൾ വിറ്റും പണയം വെച്ചും കിട്ടുന്ന പണം കൊണ്ട് വില കൂടിയ വസ്ത്രങ്ങളും മൊബൈൽ ഫോണുകളും ഇവരുവരും വാങ്ങി.
മുമ്പ് നിരവധി തവണ മോഷണം നടത്തിയപ്പോൾ പിടിക്കപ്പെടാതിരുന്നതാണ് പിന്നീടുള്ള മോഷണങ്ങൾക്ക് ധൈര്യം കൊടുത്തത്. പൊലീസിന് ഒരു തരത്തിലും സംശയം തോന്നാതിരുന്നതിനാൽ ഒരിക്കലും പിടിക്കപ്പെടില്ലെന്നായിരുന്നു വിശ്വാസം. പ്ലസ് ടു കഴിഞ്ഞ ശേഷം മറ്റ് കോഴ്സുകൾക്കൊന്നും രണ്ടുപേരും ചേർന്നിട്ടില്ല.