റിയാദ്: ഗൾഫിലെ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുമ്പോഴും നാലുഘട്ടങ്ങളിലായി കൊവിഡ് നിയന്ത്രണങ്ങൾ നീക്കാനൊരുങ്ങി ഖത്തർ. ജൂൺ 15 മുതൽ സെപ്തംബർ വരെയുള്ള നാലുഘട്ടങ്ങളിലായാണ് നിയന്ത്രണങ്ങൾ നീക്കുക. ആഗസ്റ്റ് ഒന്നുമുതൽ ദോഹയിലേക്ക് മറ്റ് രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾ അനുവദിക്കും. പ്രവാസികൾക്ക് തിരിച്ചുവരാനാണിത്. മടങ്ങി വരുന്നവർ സ്വന്തം ചെലവിൽ 14 ദിവസം ഹോട്ടലുകളിൽ ക്വാറന്റൈനിൽ കഴിയേണ്ടിവരും. താമസസ്ഥലങ്ങളിൽ ക്വാറന്റൈനിൽ കഴിയാനാകില്ല. നിയന്ത്രണങ്ങൾ നീക്കുന്ന ആദ്യഘട്ടത്തിൽ ഖത്തറിലുള്ളവർക്ക് അടിയന്തര സാഹചര്യത്തിൽ പുറത്തേക്ക് യാത്ര ചെയ്യാം. എന്നാൽ തിരിച്ചുവരുമ്പോൾ സ്വന്തം ചെലവിൽ ഹോട്ടൽ ക്വാറന്റൈനിൽ കഴിയണമെന്നത് നിർബന്ധമാണ്. അല്ലെങ്കിൽ പൊതുജനാരോഗ്യമന്ത്രാലയം നൽകുന്ന കേന്ദ്രങ്ങളിൽ കഴിയണം. ഇതും സ്വന്തം ചെലവിൽ ആയിരിക്കണം.
ഒമാനിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 22,077 മരണസംഖ്യ 99ഉം ആയി. സൗദിയിൽ 1,19,942 രോഗികൾ. മരണം 893. ഒമാനിൽ 1006 പേർക്ക് കൂടി ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. ഇത് തുടർച്ചയായ മൂന്നാം ദിവസമാണ് രാജ്യത്ത് ആയിരത്തിന് മുകളിൽ ആളുകൾക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. അതേസമയം, ഒമാനിലെ പയിടങ്ങളിലും ഇന്നലെമുതൽ ജൂലായ് 1 വരെ വീണ്ടും ലോക്ക്ഡൗൺ ആരംഭിച്ചു. കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്ന പശ്ചാത്തലത്തിലാണിത്.