ഫ്ലോറിഡ: അമേരിക്കയിൽ അക്രമിയെന്ന് തെറ്റിദ്ധരിച്ച് പൊലീസ് വെടിവച്ചതിനെ തുടർന്ന് അരയ്ക്ക് താഴെ തളർന്ന യുവാവിന് ആറ് മില്യൺ (60 ലക്ഷം) ഡോളർ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടു. ഫ്ലോറിഡ ഗവർണറുടേതാണ് ഉത്തരവ്.
2013ൽ നടന്ന വെടിവയ്പിലാണ് ആഫ്രോ-അമേരിക്കൻ യുവാവായ ഡോൺട്രൽ സ്റ്റീഫന് അരയ്ക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ടത്. ഇത്തരം കേസുകളിൽ പരമാവധി രണ്ട് ലക്ഷം ഡോളർ നൽകിയാൽ മതി എന്ന നിലവിലുള്ള നിയമം ഭേദഗതി ചെയ്താണ് പുതിയ നിയമ നിർമാണത്തിന് ഫ്ലോറിഡ നിയമനിർമാണ സഭ അംഗീകാരം നൽകിയത്. ചെറുപ്പക്കാരന്റെ കയ്യിലിരുന്ന സെൽഫോൺ തോക്കാണെന്ന് തെറ്റിദ്ധരിച്ച് പൊലീസ് നാലു തവണ വെടി വയ്ക്കുകയായിരുന്നു. വെടിയേറ്റ് നിലത്ത് വീണ സ്റ്റീഫന് ഗുരുതരമായി പരിക്കേറ്റു. പ്രതിയായ പൊലീസുകാരനെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു.