അടിതെറ്റി സ്വകാര്യ ബസ് മേഖല
ആലപ്പുഴ : കൊവിഡിന്റെ പശ്ചാത്തലത്തിലേർപ്പെടുത്തിയ നിയന്ത്രണവും ഇന്ധനവില വർദ്ധനവും കാരണം നഷ്ടത്തിലേക്ക് കൂപ്പുകുത്തി സ്വകാര്യ ബസ് മേഖല. യാത്രക്കാരെ നിറുത്തിക്കൊണ്ടു പോകുന്നതിന് നിയന്ത്രണമുള്ളതിനാൽ ഓരോ ട്രിപ്പിലും കയറുന്ന യാത്രക്കാരുടെ എണ്ണത്തിൽ കുറവുണ്ടായി. അധിക ചാർജ് ഈടാക്കാനാവില്ലെന്ന ഹൈക്കോടതി വിധിയും വന്നതോടെ കനത്ത നഷ്ടത്തിലാണ് സർവീസെന്ന് സ്വകാര്യ ബസുടമകൾ പറയുന്നു. മിക്ക ബസുകളും ഇപ്പോൾ സർവീസ് നടത്തുന്നില്ല. കഴിഞ്ഞ ദിവസം ആലപ്പുഴ നഗരത്തിൽ 60 സ്വകാര്യ ബസുകൾ സർവീസ് നടത്തിയിരുന്നെങ്കിൽ ഇന്നലെ ഇത് 30ആയി ചുരുങ്ങി. ഇതോടെ യാത്രാക്ളേശവും രൂക്ഷമായി.
പ്രതിദിനം 2000ൽ അധികം രൂപയാണ് ഓരോ ബസിനും നഷ്ടം. ഇതോടെ പെർമിറ്റുകൾ ഉപേക്ഷിക്കാനുള്ള നീക്കത്തിലാണ് ബസ് ഉടമകൾ. ഇന്ന് നടക്കുന്ന അസോസിയേഷന്റെ സംസ്ഥാന യോഗം ഭാവിനിലപാട് തീരുമാനിക്കും. ശരാശരി 2500-3000രൂപയാണ് ഇപ്പോൾ ഓരോബസിനും പ്രതിദിനം ലഭിക്കുന്ന കളക്ഷൻ. ഒരാഴ്ചക്കുള്ളിൽ ഇന്ധനവില നാലു രൂപയോളം വർദ്ധിച്ചു. ജില്ലയുടെ കിഴക്കൻ മേഖലയിൽ യാത്രയ്ക്ക് കൂടുതലും സ്വകാര്യ ബസുകളെയാണ് ആശ്രയിക്കുന്നത്. ഇവിടങ്ങളിലുള്ളവരാണ് ബസുകൾ സർവീസ് നടത്താത്തതിനാൽ ഏറെ വലയുന്നത്.
ജില്ലയിൽ പെർമിറ്റുള്ള ബസുകൾ : 450
ഇപ്പോൾ സർവീസ് നടത്തുന്നത് :100ൽ താഴെ
ഒരു ദിവസത്തെ സർവീസ് ചെലവ്
(ഇരട്ടക്കുളങ്ങര- മണ്ണഞ്ചേരി റൂട്ടിൽ)
ഡീസൽ -4,000രൂപ
ഡ്രൈവർ-850രൂപ
കണ്ടക്ടർ-750രൂപ
ക്ളീനർ-650രൂപ
ആകെ : 6250 രൂപ
ഒരുദിവസത്തെ കളക്ഷൻ: 3000രൂപ (ശരാശരി)
നഷ്ടം : 3250രൂപ
'' സമരം ആലോചനയിലില്ല. ഡീസലിന് സബ്സിഡി നൽകണം. തൊഴിലാളികളുടെ വേതനവും വാഹനങ്ങളുടെ അറ്റകുറ്റപ്പണിയും ഇന്ധന വിലവർദ്ധനവും ഒത്തൊരുമിച്ച് കൊണ്ടുപോകാനാവുന്നില്ല
(പി.ജെ.കുര്യൻ, ജില്ലാ പ്രസിഡന്റ്, കേരളാ ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ)