കൊട്ടാരക്കര: കേരളാ കോൺഗ്രസ് (ബി) ഇടത് മുന്നണിയിൽ ഉറച്ചുനിൽക്കുമെന്നും തങ്ങൾ സന്തുഷ്ടരാണെന്നും ചെയർമാൻ ആർ.ബാലകൃഷ്ണ പിള്ളയും കെ.ബി.ഗണേശ്കുമാർ എം.എൽ.എയും കൊട്ടാരക്കരയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. യു.ഡി.എഫ് നേതാക്കളുമായി ചർച്ച നടത്തിയെന്നത് ശരിയല്ല. യു.ഡി.എഫിലെത്താൻ ഗണേശിന് അര മനസുണ്ടെന്ന് പ്രചരിപ്പിക്കുന്നത് ഗൂഢാലോചനയുടെ ഭാഗമായാണ്.
ഞങ്ങൾ അന്തസോടെയാണ് ഇടത് മുന്നണിയിൽ നിൽക്കുന്നത്. നല്ല പെരുമാറ്റമാണ് അവിടെനിന്ന് ലഭിക്കുന്നത്. തന്റെ അസുഖവിവരം അറിയാനെത്തിയ എം.കെ.മുനീർ സൗഹൃദ സംഭാഷണം മാത്രമാണ് നടത്തിയതെന്ന് പിള്ള പറഞ്ഞു. മറ്റാരും വന്നിട്ടുമില്ല, സംസാരിച്ചിട്ടുമില്ല. ആ വണ്ടിയിലേക്ക് ഇനി ഞങ്ങൾ കയറില്ല. യു.ഡി.എഫിലെ ഒരു നേതാവും ഇങ്ങോട്ട് വരികയും വേണ്ട.
തദ്ദേശ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റ് ആവശ്യപ്പെടും. വിദേശ രാജ്യങ്ങളിൽ മാസം അഞ്ചുലക്ഷം രൂപ വരെ ശമ്പളം വാങ്ങുന്നവർ നാട്ടിലെത്തുമ്പോൾ സർക്കാർ ചെലവിൽ സൗജന്യ താമസവും മറ്റും വേണമെന്ന ആവശ്യം അംഗീകരിക്കാവുന്നതല്ല.
താൻ രണ്ടുതവണയും സ്വയം മന്ത്രിസ്ഥാനം ഉപേക്ഷിച്ചതാണെന്നും മന്ത്രിയാക്കാത്തതിൽ പ്രതിഷേധിച്ച് മുന്നണി വിടുമെന്ന് പ്രചരിപ്പിച്ച് നാണം കെടുത്തരുതെന്നും കെ.ബി.ഗണേശ് കുമാർ പറഞ്ഞു. വിദ്യാലയങ്ങൾ ജൂലായ് ഒന്നിനെങ്കിലും തുറക്കണമെന്ന് ആർ.ബാലകൃഷ്ണപിള്ള പറഞ്ഞു.