കൊല്ലം: മാതാപിതാക്കൾക്കൊപ്പം ഉറങ്ങിക്കിടന്ന ആറുമാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ആഭരണങ്ങൾ കവർന്ന ശേഷം ചതുപ്പിൽ വലിച്ചെറിഞ്ഞ പ്രതികൾ അറസ്റ്റിൽ. കണ്ണനല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ചേരിക്കോണം കോളനിയിലെ വീട്ടിൽ നിന്ന് ജൂൺ 4ന് പുലർച്ചെ 2 ഓടെ കുഞ്ഞിനെ എടുത്തുകൊണ്ടുപോയ കൊറ്റങ്കര റാണി നിവാസിൽ വിജയകുമാർ (പൊടിമോൻ), സുഹൃത്തും ബന്ധുവുമായ ആലുംമൂട് തുരുത്തിൽ പടിഞ്ഞാറ്റതിൽ മണികണ്ഠൻ എന്നിവരാണ് അറസ്റ്റിലായത്.
ചേരികോണം കോളനി, നല്ലില, കണ്ണനല്ലൂർ, തൃക്കോവിൽ വട്ടം തുടങ്ങിയ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്. വീടിന്റെ പിൻവാതിൽ തകർത്ത് അകത്ത് കയറിയ പൊടിമോൻ ഉറങ്ങിക്കിടന്ന കുഞ്ഞിനെയെടുത്ത് അരകിലോമീറ്ററോളം അകലെ പോയ ശേഷമാണ് സ്വർണാഭരണങ്ങളെടുത്തത്. കുഞ്ഞിനെ ഉപേക്ഷിക്കാൻ സ്ഥലം നോക്കി നടക്കുമ്പോൾ ഒരു പ്രദേശവാസിയെ കണ്ടതോടെ കുഞ്ഞിനെ ചതുപ്പിലേക്ക് വലിച്ചെറിഞ്ഞ് രക്ഷപ്പെടുകയായിരുന്നു. ചതുപ്പിൽ വീണതെന്താണെന്ന് നോക്കിയെത്തിയ പരിസരവാസികൾ കുഞ്ഞിന്റെ നിലവിളികേട്ട് എത്തുകയായിരുന്നു. ഇവർ കുഞ്ഞുമായി വീട്ടിലെത്തിയപ്പോഴാണ് മാതാപിതാക്കൾ വിവരം അറിയുന്നത്. കണ്ണനല്ലൂർ പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തിയത്.
മോഷണക്കേസിൽ അറസ്റ്റിലാകുന്നത് ആദ്യം
മരപ്പണിക്കാരനായ വിജയകുമാറാണ് ആദ്യം അറസ്റ്റിലായത്. മോഷ്ടിച്ച സ്വർണാഭരണങ്ങൾ മണികണ്ഠനാണ് സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ പണയം വച്ചതെന്ന് വിജയകുമാർ പറഞ്ഞതോടെയാണ് ഇയാളും പിടിയിലായത്. കുണ്ടറ, കിളികൊല്ലൂർ സ്റ്റേഷനുകളിൽ നിരവധി അടിപിടി കേസുകളിൽ പ്രതികളായ ഇവർ ആദ്യമായാണ് മോഷണക്കേസിൽ അറസ്റ്റിലാകുന്നത്. തെളിവുകൾ അവശേഷിപ്പിക്കാതെ ബുദ്ധിപൂർവമായിരുന്നു മോഷണം. പതിവായി മദ്യപിക്കുന്ന വിജയകുമാർ ബൈക്കിലും കാറിലും ചുറ്റിനടന്ന് വീടുകളുടെ പിൻവാതിൽ പൊളിച്ച് അകത്ത് കടന്നാണ് മോഷണം നടത്തുന്നത്. പല സംഘങ്ങളായി തിരിഞ്ഞ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവരെക്കുറിച്ചുള്ള വിവരം ലഭിച്ചത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കണ്ണനല്ലൂർ സി.ഐ യു.പി.വിപിൻകുമാർ, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ ജയകുമാർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചായിരുന്നു അന്വേഷണം.