SignIn
Kerala Kaumudi Online
Saturday, 25 September 2021 12.50 PM IST

നവീകരണം പൂർത്തിയായി; മൂലത്തറ റെഗുലേറ്റർ നാളെ നാടിന് സ്വന്തം

moolathara
നവീകരിച്ച മൂലത്തറ റെഗുലേറ്റർ

ചിറ്റൂർ: ജില്ലയിലെ വരൾച്ചാ ബാധിത പ്രദേശമായ കിഴക്കൻ മേഖലയിലെ കാർഷിക രംഗത്തെ സമഗ്ര വികസനത്തിന് ആക്കം കൂട്ടാനും കുടിവെള്ള ലഭ്യത ഉറപ്പാക്കാനും പുനരുദ്ധരിച്ച മൂലത്തറ റെഗുലേറ്റർ നാളെ മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും. വൈകിട്ട് 4.30ന് വീഡിയോ കോൺഫറൻസിലൂടെയാണ് ഉദ്ഘാടനം. മന്ത്രി കെ.കൃഷ്ണൻകുട്ടി അദ്ധ്യക്ഷനാകും. മന്ത്രി വി.എസ്.സുനിൽകുമാർ വീഡിയോ കോൺഫറൻസ് മുഖേന മുഖ്യപ്രഭാഷണം നടത്തും. ജലവിഭവ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ടി.കെ.ജോസും വീഡിയോ കോൺഫറൻസ് മുഖേന പങ്കെടുക്കും. ചീഫ് എൻജിനീയർ ഡി.ബിജു റിപ്പോർട്ടവതരിപ്പിക്കും. രമ്യ ഹരിദാസ് എം.പി, എം.എൽ.എ.മാരായ കെ.ബാബു, കെ.ഡി.പ്രസേനൻ, ഷാഫി പറമ്പിൽ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.ശാന്തകുമാരി, ജില്ലാ കലക്ടർ ഡി.ബാലമുരളി, ജലവിഭവ വകുപ്പ് സെക്രട്ടറി ബി.അശോക് തുടങ്ങിയവർ പങ്കെടുക്കും.20440 ഹെക്ടർ കൃഷിക്ക് പ്രയോജനം

ചിറ്റൂർ നഗരസഭയും സമീപത്തെ 17 പഞ്ചായത്തുകളും ഉൾപ്പെടെ 20,​440 ഹെക്ടർ പ്രദേശം ജലസേചനത്തിനായി ആശ്രയിക്കുന്നത് ചിറ്റൂർ പുഴയേയാണ്. പറമ്പിക്കുളം- ആളിയാർ അന്തർ സംസ്ഥാന നദീജല കരാറിന്റെ അടിസ്ഥാനത്തിൽ പ്രവർത്തിക്കുന്ന ചിറ്റൂർപ്പുഴ പദ്ധതിയുടെ പ്രധാന നിയന്ത്രണ ഘടകമാണ് മൂലത്തറ റെഗുലേറ്റർ. 5300 ഹെക്ടർ തെങ്ങും മറ്റു മിശ്രവിളകളും 15,​140 ഹെക്ടർ നെൽകൃഷിയും ഉൾപ്പെടെ 20,​440 ഹെക്ടർ പ്രദേശത്തെ ജല സേചനവും കിഴക്കൻ മേഖലയിലെ കുടിവെള്ള ലഭ്യതയും പദ്ധതിയിലൂടെ ഉറപ്പാക്കും.

63.94 കോടി രൂപ ചെലവ്

218.8 മീറ്റർ നീളം, പുതുതായി ആറ് വെന്റ് വേകൾ എന്നിവയുൾപ്പെടെ 63.94 കോടി രൂപ ചെലവഴിച്ചാണ് റെഗുലേറ്റർ നവീകരിച്ചത്. റെഗുലേറ്റർ, നിലവിലുള്ള നിർമ്മിതികളുടെ നവീകരണം, അധിക വെന്റ് വേ നിർമ്മാണം, ഇടതുകനാൽ പുനഃക്രമീകരണം, പാതയുടെ നവീകരണം, ചുറ്റുമതിൽ നിർമ്മാണം,​ അതിർത്തി വേലി, അതിർത്തി നിർണയം, റേഡിയൽ ഷട്ടറുകളുടെയും നിലവിലുള്ള ഷട്ടറുകളുടെയും മെക്കാനിക്കൽ പ്രവൃത്തികൾ, ഇലക്ട്രിക്കൽ പ്രവൃത്തികൾ എന്നിവ എട്ടുഘട്ടങ്ങളിലായാണ് പൂർത്തിയാക്കിയത്. പുതുക്കിയ റെഗുലേറ്ററിൽ പത്തുമീറ്റർ വീതിയിൽ വലുതുകരയിൽ രണ്ട് വെന്റ് വേകളും ഇടതുകരയിൽ നാലുവെന്റ് വേകളുമാണ് നിർമ്മിച്ചത്.

മുമ്പ് രണ്ട് സ്‌കവർ ഷർട്ടറുകൾ അടക്കം ആകെ 13 ഷട്ടറുകളാണ് ഉണ്ടായിരുന്നത്. ഇടയിൽ മൂന്നു മീറ്റർ ഉയരത്തിൽ ഒഗീ വീയർ നിർമ്മിച്ചിരുന്നു. ജലവിതരണം പുനരാരംഭിക്കുന്നതിനായി വലതു കനാലിന്റെ പാർശ്വ സംരക്ഷണം നടത്തിയെങ്കിലും റഗുലേറ്ററിന്റെ പൂർണമായ പുനരുദ്ധാരണം ഡാം റീഹാബിലിറ്റേഷൻ ആൻഡ് ഇംപ്രൂവ്‌മെന്റ് പ്രോഗ്രാം (ഡി.ആർ.ഐ.പി) പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് നടത്തിയത്. റെഗുലേറ്ററിന്റെ സമഗ്രമായ നവീകരണ പുനരുദ്ധാരണ പ്രവർത്തനങ്ങളും ഭാവിയിൽ ഉണ്ടായേക്കാവുന്ന അധിക പ്രളയജലത്തെ ഉൾക്കൊള്ളാവുന്ന രീതിയിലുള്ള നിർമാണ പ്രവർത്തനങ്ങളുമാണ് ഡി.ആർ.ഐ.പി പ്രവൃത്തിയൂടെ യാഥാർഥ്യമായിരിക്കുന്നത്.

നവീകരണം ഇങ്ങനെ

നവീകരണത്തിന്റെ ഭാഗമായി മൂന്നുമീറ്റർ ഉയരത്തിൽ ഉണ്ടായിരുന്ന ഒഗീ വിയർ പൊളിച്ചുമാറ്റിയതോടെ ജലനിർഗമന തോത് വർദ്ധിച്ചു. പുതുതായി നിർമ്മിച്ച വെന്റ് വേകളിലെ ഷട്ടറുകൾ എല്ലാം റേഡിയൽ രീതിയിലുള്ളതാണ്. ഹൈഡ്രോളിക് കരങ്ങൾ കൊണ്ട് സുഗമമായി പ്രവർത്തിപ്പിക്കാൻ സാധിക്കുന്നതുമൂലം പെട്ടെന്നുണ്ടാകുന്ന പ്രളയ സമയത്ത് ഷട്ടറുകൾ വേഗത്തിൽ തുറക്കാം. കുത്തൊഴുക്കു മൂലം നദികളുടെ പാർശ്വമിടിയുന്നത് തടയാൻ ഇരുവശങ്ങളിലും റെഗുലേറ്ററിന്റെ മുകൾ ഭാഗത്തും താഴ്ഭാഗത്തുമായി 100 മീറ്റർ നീളത്തിൽ ശരാശരി 10 മീറ്റർ ഉയരത്തിലുള്ള കോൺക്രീറ്റ് പാർശ്വ ഭിത്തി നിർമ്മിച്ചു. റെഗുലേറ്ററിന് പിന്നിലായി നദിത്തട്ടിൽ കാലങ്ങളായി അടിഞ്ഞുകൂടിയ ചെളിയും മണ്ണും മാറ്റി. ഇതിലൂടെ സംഭരണ ശേഷി ഇരട്ടിയാക്കി.

പ്രളയം തകർത്ത കർഷക സ്വപ്നം

1972ലാണ് മൂലത്തറ റെഗുലേറ്റർ നിർമ്മിച്ചത്. 144.840 മീറ്റർ നീളവും 13 വെന്റ് വേകളും ഉണ്ടായിരുന്ന റെഗുലേറ്റർ ആളിയാറിൽ നിന്നുള്ള ജലം ഇടത്- വലത് കനാലിലേക്കും പുഴയിലേക്കും ആവശ്യാനുസരണം ക്രമീകരിക്കുന്നു. പ്രളയത്തെ തുടർന്ന് 2009 നവംബർ എട്ടിന് വലതുകര അബട്ട്‌മെന്റ് പൂർണമായും തകർന്നു. 2013ൽ റെഗുലേറ്റർ സന്ദർശിച്ച ഡാം സേഫ്‌റ്റി റിവ്യൂ പാനലിന്റെ നിർദ്ദേശത്തെ തുടർന്നുള്ള രൂപകൽപന പ്രകാരം വലതു ഭാഗത്ത് രണ്ട് വെന്റ് വേകളും ഇടതുഭാഗത്ത് 4 വെന്റ് വേകളും നിർമ്മിക്കാനും സുഗമമായ ജലനിർഗമനത്തിന് നിലവിലെ ഓഗീ വിയർ പൊളിച്ചു മാറ്റാനും തീരുമാനിച്ചു. 2017 ജൂലായ് 18നാണ് നവീകരണം ആരംഭിച്ചത്. മേരിമാതാ കൺസ്ട്രക്ഷൻ കമ്പനിയാണ് നിർമ്മാണം നിർവഹിച്ചത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.