തൊടുപുഴ: ബി.ജെ.പി അംഗമായ നഗരസഭ കൗൺസിലറെ പാർട്ടി ജില്ലാ സെക്രട്ടറി തീ കൊളുത്തി കൊല്ലാൻ ശ്രമിച്ചെന്ന പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ബി.ജെ.പി ജില്ലാ സെക്രട്ടറി ബി. വിജയകുമാറിനെതിരെ ആറാം വാർഡ് കൗൺസിലർ കെ. ഗോപാലകൃഷ്ണൻ നൽകിയ പരാതിയിലാണ് എസ്.ഐ കെ.കെ. രാജുവിന്റെ നേതൃത്വത്തിൽ പൊലീസ് പ്രാഥമിക അന്വേഷണം നടത്തിയത്. ഗോപാലകൃഷ്ണന്റെ വീട്ടുകാരിൽ നിന്ന് പൊലീസ് മൊഴിയെടുത്തു. ഡീസൽ കൊണ്ടുവന്ന കുപ്പിയും കണ്ടെടുത്തു. വിജയകുമാറിന്റെ വീട്ടിൽ നിന്നുള്ള മലിനജലം റോഡിലേക്ക് ഒഴുക്കിയതിനെതിരെ അയൽവാസികൾ നഗരസഭ സെക്രട്ടറിയ്ക്ക് പരാതി നൽകിയിരുന്നു. പരാതിയിൽ ഗോപാലകൃഷ്ണൻ ഒപ്പിട്ടതാണ് വിജയകുമാറിനെ ചൊടിപ്പിച്ചത്. കഴിഞ്ഞ 11ന് രാത്രി വീടിന് മുന്നിൽ എത്തി ഭീഷണി മുഴക്കുകയും ഡീസൽ ഒഴിച്ച് കൊല്ലാൻ ശ്രമിച്ചെന്നുമാണ് പരാതി. എന്നാൽ കൊലപ്പെടുത്താൻ ശ്രമിച്ചതിന് തെളിവുകൾ ലഭിച്ചില്ലെന്നും കൂടുതൽ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.