പത്തനംതിട്ട: ശബരിമല വിമാനത്താവളം യാഥാർത്ഥ്യമാകുമ്പോൾ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളുടെ വികസന പ്രതീക്ഷകളും പറന്നുയരും. തീർത്ഥാടക, ടൂറിസം മേഖലകളിൽ മുന്നേറ്റമുണ്ടാകും. പ്രവാസികൾക്കും അനുഗ്രഹമാകും. മൂന്നു ജില്ലകളിലെയും പ്രവാസികൾ കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങൾ വഴിയാണ് ഇപ്പോൾ നാട്ടിലെത്തുന്നത്.
ചെറുവള്ളിയിലെ വിമാനത്താവളത്തിൽ നിന്ന് ശബരിമലയിലേക്ക് 48 കിലോമീറ്റർ മാത്രം ദൂരം. വിദേശങ്ങളിലെയും അന്യസംസ്ഥാനങ്ങളിലെയും അയ്യപ്പഭക്തർക്ക് വിമാനമിറങ്ങി എട്ട് കിലോമീറ്റർ അടുത്തായ എരുമേലി ഇടത്താവളത്തിലെത്തി യാത്ര തുടരാം.
ഭരണങ്ങാനം അൽഫോൺസാ തീർത്ഥാടന കേന്ദ്രത്തിലും അന്യസംസ്ഥാന, വിദേശ തീർത്ഥാടകർ ധാരാളം എത്തുന്നുണ്ട്. നിർദിഷ്ട വിമാനത്താവളത്തിൽ നിന്ന് 35 കിലോമീറ്റർ ദൂരം.
ടൂറിസം രംഗം
ഇടുക്കി ജില്ലയിലെ തേക്കടി, കോട്ടയം ജില്ലയിലെ കുമരകം, വാഗമൺ, പത്തനംതിട്ടയിലെ ഗവി, ആനക്കൂട്, പെരുന്തേനരുവി വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് ടൂറിസ്റ്റുകളെ കൂടുതലായി ആകർഷിക്കാം.
പ്രധാന പാതകൾ അടുത്ത്
16 കി.മീ: കൊല്ലം - തേനി ദേശീയ പാതയിലേക്ക്
8 കി.മീ: നിർദ്ദിഷ്ട ഭരണിക്കാവ് - ഡിണ്ടിഗൽ പാതയിലേക്ക്
3 കി.മീ: പുനലൂർ - മൂവാറ്റുപുഴ പാതയിലേക്ക്
ഇനി വേണ്ട അനുമതികൾ
പരിസ്ഥിതി, വ്യോമയാനം, പ്രതിരോധം