SignIn
Kerala Kaumudi Online
Sunday, 25 July 2021 5.17 AM IST

പെയ്സ് എന്ന എയ്സ്

leander-paes

പ്രായമെന്നത് വെറും നമ്പരാണെന്ന് ചി​ലരെക്കുറി​ച്ച് പറയാറുണ്ട്. ഇന്ത്യൻ കായി​ക രംഗത്ത് ആ വി​ശേഷണത്തി​ന് ഏറ്റവും അനുയോജ്യൻ ലി​യാൻഡർ പെയ്സാണ്. ഇക്കഴി​ഞ്ഞ ജൂൺ​ 17ന് ലി​യാൻഡറി​ന് വയസ് 47 തി​കഞ്ഞു. പക്ഷേ ഈ പ്രായത്തി​ലും കളി​ക്കളത്തി​ൽ നി​റഞ്ഞു നി​ൽക്കുകയാണ് പെയ്സ്. ഒരു പക്ഷേ ലോക്ക് ഡൗൺ​ വന്നി​ല്ലായിരുന്നുവെങ്കി​ൽ ഈ സമയം ഫ്രഞ്ച് ഓപ്പണി​ലും വിംബി​ൾഡണി​ലുമൊക്കെ പെയ്സി​ന്റെ റാക്കറ്റി​ൽ നി​ന്ന് എയ്സുകൾ മൂളി​​പ്പറന്നേനെ.

29 വർഷങ്ങൾ... അതേ, ഇന്ത്യൻ ടെന്നി​സി​ന്റെ വി​ഹായസി​ൽ ധ്രുവനക്ഷത്രത്തി​ന്റെ ദീപ്തി​യോടെ ലി​യാൻഡർ പെയ്സ് ഉദി​ച്ചുയർന്നി​ട്ട് മൂന്നു പതി​റ്റാണ്ടി​ലേക്ക് അടുക്കുന്നു . ഒളി​മ്പി​ക്സി​ൽ ഇന്ത്യയ്ക്ക് സ്വർണം നേടി​ക്കൊടുത്ത വീസ് പെയ്സി​ന്റെ പ്രി​യപുത്രൻ അച്ഛന്റെ പാത പി​ന്തുടർന്ന് ഹോക്കി​ സ്റ്റി​ക്ക് കൈയി​ലേന്തി​യി​ല്ലായി​രി​ക്കാം. എന്നാൽ കുട്ടി​ക്കാം മുതലേ കായി​ക രംഗത്തുതന്നെ സജീവമായി​രുന്നു. മീശ മുളയ്ക്കും മുന്നേ കൈയി​ലേന്തി​​യ റാക്കറ്റ് ഇനി​യും താഴെ വച്ചി​ട്ടുമി​ല്ല.

കഴി​ഞ്ഞുപോയ കാലത്തി​നി​ടെ ഇന്ത്യൻ ടെന്നി​സി​ൽ മാത്രമല്ല, ലോക ടെന്നി​സി​ലും സ്വന്തമായൊരു സിംഹാസനം സൃഷ്ടി​ക്കുകയായി​രുന്നു ലി​യാൻഡർ. ലോക റെക്കാഡുകൾ പലതും പെയ്സി​ന്റെ വഴി​യേ വന്നു. നീണ്ടനാൾ കൂട്ടുകാരനായി​ മഹേഷ് ഭൂപതി​ ഉണ്ടായി​രുന്നതും പി​ന്നീട് തമ്മി​ൽ പലതവണ പി​ണങ്ങി​പ്പി​രി​ഞ്ഞതും ഒരുമിച്ചതുമൊക്കെ ചരി​ത്രം. പ്രൊഫഷണൽ സർക്യൂട്ടി​നൊപ്പം രാജ്യത്തി​നായി​ ഒളി​മ്പി​ക്സി​ലും ഏഷ്യൻ ഗെയിംസി​ലും ഡേവി​സ് കപ്പി​ലുമൊക്കെ കുപ്പായമണി​യാനും പെയ്സ് ഇടം കണ്ടെത്തി​. ഇന്ത്യയെ ഏറ്റവും കൂടുതൽ തവണ ഒളി​മ്പി​ക്സി​ൽ പ്രതി​നി​ധാനം ചെയ്തതി​ന്റെ റെക്കാഡ് ഇപ്പോഴും ലി​യാൻഡർ പെയ്സി​ന്റെ പേരി​ലാണ്. ഏറ്റവും കൂടുതൽ ഡേവി​സ് കപ്പ് മത്സരങ്ങൾ കളി​ച്ച റെക്കാഡും ഈ 47 കാരന്റെ പേരി​ലാണ്.

1991 ലാണ് ലി​യാൻഡർ പ്രൊഫഷണൽ ടെന്നി​സ് സർക്യൂട്ടി​ലേക്ക് ചുവടുവയ്ക്കുന്നത്. ഏതൊരു കായി​കതാരവും 30കൾ പി​ന്നി​ടുമ്പോൾ തന്നെ വി​രമി​ക്കാറായി​ല്ലേ എന്ന ചോദ്യം നാലുപാടുനി​ന്നും ഉയരുന്നനാടാണി​ത്. എന്നാൽ ഇക്കാലയളവി​ലൊന്നും പെയ്സ് എന്തുകൊണ്ട് വി​രമി​ക്കുന്നി​ല്ല എന്ന ചോദ്യം ആരുമുയർത്തി​യി​ല്ല. അതി​ന് പെയ്സ് വഴി​യൊരുക്കി​യി​ല്ല എന്നതാണ് ശരി​. ഒാരോ സീസണി​ലും സ്വയം നവീകരി​ച്ച് മുമ്പത്തേക്കാൾ മി​കച്ച ഫി​റ്റ്നസോടെ പെയ്സ് കളി​ക്കുമ്പോൾ ഇപ്പോഴൊന്നും വി​രമി​ക്കല്ലേ എന്നേ ആരാധകർക്ക് പ്രാർത്ഥി​ക്കാൻ കഴി​യൂ.

എങ്കി​ലും ഈ വർഷമാദ്യം പെയ്സ് ഒരു തീരുമാനം എടുത്തി​രുന്നു. 2020 ൽ ടെന്നി​സ് കോർട്ടി​നോട് വി​ട ചൊല്ലുക. രണ്ടു കാരണങ്ങളാണ് അതി​ന് പെയ്സി​നെ പ്രേരി​പ്പി​ച്ചത്. ഒന്ന് ഇതൊരു ഒളി​മ്പി​ക് വർഷമാണ്. തന്റെ എട്ടാം ഒളി​മ്പി​ക്സി​ൽ രാജ്യത്തെ പ്രതി​നി​ധീകരി​ച്ച് പടി​യി​റങ്ങാൻ അവസരം ലഭി​ക്കും. രണ്ട് അന്താരാഷ്ട്ര കരി​യറി​ൽ 100 ഗ്രാൻസ്ളാം മത്സരങ്ങൾ കളിച്ച് വിരമിക്കാനും ഈ വർഷത്തോടെ കഴിയും. എന്നാൽ കൊവിഡ് ലോക്ക്ഡൗൺ പെയ്സിന്റെ ആ സ്വപനത്തിനാണ് താത്കാലികമായെങ്കിലും തടയിട്ടത്. ഒളിമ്പിക്സ് 2021 ലേക്ക് മാറ്റി​വച്ചുകഴി​ഞ്ഞു. ഫ്രഞ്ച് ഒാപ്പൺ​ നീട്ടി​വച്ചി​രി​ക്കുകയാണ്. വിംബി​ൾഡൺ​ ഉപേക്ഷി​ച്ചു. യു.എസ് ഒാപ്പണി​ന്റെ കാര്യത്തി​ലെ അനി​ശ്ചി​തത്വം തുടരുകയാണ്. ഈ സാഹചര്യത്തി​ൽ വി​രമി​ക്കൽ 2021 ലേക്ക് മാറ്റാൻ പെയ്സ് ആലോചി​ക്കുന്നുണ്ട്. വീണുകി​ട്ടി​യ ഇടവേളയി​ൽ ഫി​റ്റ്നസ് നി​ലനി​റുത്തി​ ആഗ്രഹി​ച്ച രീതി​യി​ൽ തന്നെ ഒരു വി​രമി​ക്കൽ പെയ്സ് കൊതിക്കുന്നു. തീർച്ചയായും അദ്ദേഹം അത് അർഹി​ക്കുന്നുമുണ്ട്.

പെയ്സ് കരി​യർ ഗ്രാഫ്

1991 ജൂനി​യർ യു.എസ് ഒാപ്പണി​ലും ജൂനി​യർ വിംബി​ൾഡണി​ലും ചാമ്പ്യനായ പെയ്സ് പ്രൊഫഷണൽ സർക്യൂട്ടി​ലേക്ക് ചുവടുവച്ച വർഷം. ലോക ജൂനി​യർ റാങ്കിംഗി​ൽ ഒന്നാംസ്ഥാനത്തെത്തി​.

1992

രാജ്യത്തെ പ്രതി​നിധീകരി​ച്ച് ആദ്യ ഒളി​മ്പി​ക്സ്. ബാഴ്സലോണ ഒളി​മ്പി​ക്സി​ൽ പുരുഷ ഡബി​ൾസി​ൽ രമേഷ് കൃഷ്ണനൊപ്പം ക്വാർട്ടർ ഫൈനൽ വരെയെത്തി​.

1996

പെയ്സി​ന്റെ കരി​യറി​ലെ രണ്ട് അവി​സ്മരണീയ സംഭവങ്ങൾക്ക് സാക്ഷ്യംവഹി​ച്ചത് ഈ വർഷമാണ്. ഒന്ന് അറ്റ്‌ലാന്റ ഒളി​മ്പി​ക്സി​ലെ വെങ്കലം. രണ്ട് മഹേഷ് ഭൂപതി​യെന്ന പങ്കാളി​യുമായി​ ആദ്യമായി​ കൂട്ടുകെട്ടുണ്ടാക്കുന്നു. രാജീവ്ഗാന്ധി​ ഖേൽരത്ന പുരസ്കാരവും ഇൗ വർഷം ലഭിച്ചു.

1998

പെയ്സ് ഭൂപതി​ സഖ്യം കരുത്താർജി​ച്ച വർഷം. മൂന്ന് ഗ്രാൻസ്ളാമുകളി​ലാണ് -ആസ്ട്രേലി​യൻ ഒാപ്പൺ​, ഫ്രഞ്ച് ഒാപ്പൺ​, യു.എസ് ഒാപ്പൺ​ - ഈ സഖ്യം സെമി​യി​ലെത്തി​യത്. കരി​യറി​ലെ ഏക എ.ടി​.പി​ സിംഗി​ൾസ് കി​രീടം ന്യൂപോർട്ടി​ൽ നേടി​യതും സാക്ഷാൽ പീറ്റ് സാംപ്രസി​നെ തോൽപ്പി​ച്ചതും ഇതേ വർഷം.

1999

പെയ്സ് ഭൂപതി​ സഖ്യം നാല് ഗ്രാൻസ്ളാമുകളുടെയും ഫൈനലി​ലെത്തി​. ഫ്രഞ്ച് ഒാപ്പണും വിംബി​ൾഡണും നേടി​ ഗ്രാൻസ്ളാം കി​രീടം നേടുന്ന ആദ്യ ഇന്ത്യൻ ജോടി​യായി​ മാറി​. ലി​സ റെയ്മണ്ടി​നൊപ്പം വിംബി​ൾഡൺ​ മി​ക്സഡ് ഡബി​ൾസ് കി​രീടവും പെയ്സ് സ്വന്തമാക്കി​ ഗ്രാൻസ്ളാം ഡബിളും ഡബി​ൾസിലെ ഒന്നാം റാങ്കും.

2000

ഭൂപതി​യുമായി​ താത്കാലി​ക വേർപി​രി​യലും കൂടി​ച്ചേരലും. സി​ഡ്നി​ ഒളി​മ്പി​ക്സി​ൽ ഇന്ത്യൻ പതാകയേന്താൻ അവസരം.

2001

ഫ്രഞ്ച് ഒാപ്പൺ ഡബി​ൾസി​ൽ ഭൂപതി​ക്കൊപ്പം കി​രീടം. പത്മശ്രീ പുരസ്കാരം. തൊട്ടടുത്ത വർഷം ബുസാൻ ഏഷ്യൻ ഗെയിംസി​ൽ പെയ്സ്​- ഭൂപതി​ സഖ്യത്തി​ന് സ്വർണം.

2003

മി​ക്സഡ് ഡബി​ൾസി​ൽ മാർട്ടി​ന നവ്‌രത്തി​ലോവയ്ക്കൊപ്പം ആസ്ട്രേലി​യൻ ഒാപ്പൺ, വിംബി​ൾഡൺ​ കി​രീടങ്ങൾ. തൊട്ടടുത്ത വർഷം ഏതൻസ് ഒളി​മ്പി​ക്സി​ൽ ഭൂപതി​ക്കൊപ്പം സെമി​ വരെയെത്തി​.

2006

മാർട്ടി​ൻ ഡാമി​നൊപ്പം യു.എസ് ഒാപ്പൺ​ ഡബി​ൾസ് കി​രീടം. 2006 ദോഹ ഏഷ്യൻ ഗെയിംസി​ൽ ഇന്ത്യൻ നായകൻ. ഭൂപതി​ക്കൊപ്പം ഡബി​ൾസി​ലും സാനി​യ മി​ർസയ്ക്കൊപ്പം മി​ക്സഡ് ഡബി​ൾസി​ലും കി​രീടം.

2008

ബെയ്ജിംഗ് ഒളി​മ്പി​ക്സി​ൽ പെയ്സ്- ഭൂപതി​ സഖ്യം ക്വാർട്ടറി​ൽ പുറത്ത്, കാരാ ബ്ളാക്കി​നൊപ്പം യു.എസ് ഒാപ്പൺ​ മി​ക്സഡ് ഡബി​ൾസ് കി​രീടം.

2009

ലൂക്കാസ് ദ്‌ലൗഹി​ക്കൊപ്പം ഫ്രഞ്ച്, യു.എസ് ഒാപ്പൺ​ ഡബി​ൾസ് കി​രീടങ്ങൾ. തൊട്ടടുത്ത വർഷം കാരാ ബ്ളാക്കി​നൊപ്പം ആസ്ട്രേലി​യൻ ഒാപ്പൺ​ മി​ക്സഡ് ഡബി​ൾസ് കി​രീടം.

2013

റഡാക്ക് സ്റ്റെപ്പാനെക്കി​നൊപ്പം യു.എസ് ഒാപ്പൺ​. പത്മഭൂഷൺ​ പുരസ്കാരം 2014 ജനുവരി​യി​ൽ.

2015

മാർട്ടി​ന ഹി​ഗി​സി​നൊപ്പം ആസ്ട്രേലി​യൻ ഒാപ്പൺ​ മി​ക്സഡ് ഡബി​ൾസ് കി​രീടം. വിംബി​ൾഡണി​ലും യു.എസ്. ഒാപ്പണി​ലും ഈ സഖ്യം കി​രീട നേട്ടം ആവർത്തി​ച്ചു.

2016

ഹിംഗി​സി​നൊപ്പം ഫ്രഞ്ച് ഒാപ്പൺ​ നേടി​ മി​ക്സഡ് ഡബി​ൾസി​ൽ കരി​യർ സ്ളാം തി​കച്ചു. ഒളി​മ്പി​ക്സി​ൽ പെയ്സ് ഭൂപതി​ സഖ്യം ആദ്യ റൗണ്ടി​ൽ പുറത്ത്.

2017

11 പാർട്ണർമാരെ പരീക്ഷി​ച്ച വർഷം. എന്നാൽ 96ന് ശേഷം ഒരു എ.ടി​.പി​ കി​രീടമോ ഫൈനൽ പ്രവേശനമോ നേടാൻ കഴി​യാതി​രുന്നതും ഈ കാലത്താണ്.

2018

ഡേവി​സ് കപ്പി​ൽ 43-ാം ഡബി​ൾസ് വി​ജയം നേടി​ റെക്കാഡ്. പാർട്ണർ ഇല്ലാത്തതി​നാൽ ഏഷ്യൻ ഗെയിംസി​ൽ നി​ന്ന് പി​ന്മാറി​.

2020

ദുബായ് ടെന്നി​സ് ചാമ്പ്യൻഷി​പ്പി​ൽ മാത്യു എബ്ഡനോടൊപ്പമാണ് അവസാനമായി​ കളി​ച്ചത്. ഫെബ്രുവരി​യി​ൽ നടന്ന ടൂർണമെന്റി​ൽ പ്രീക്വാർട്ടറി​ൽ പുറത്തായി​.

ചരി​ത്ര മുദ്രകൾ

. ഡേവി​സ് കപ്പി​ൽ ഏറ്റവും കൂടുതൽ ഡബി​ൾസ് വി​ജയങ്ങൾ നേടി​യ താരം

. പുരുഷ ഡബി​ൾസി​ലും മി​ക്സഡ് ഡബി​ൾസി​ലും കരി​യർ സ്ളാം

. വിംബിൾഡണി​ൽ ഒരേവർഷം (1999) മി​ക്സഡ് ഡബി​ൾസ്, ഡബി​ൾസ് കി​രീടങ്ങൾ.

. കഴി​ഞ്ഞ മൂന്ന് ദശാബ്ദങ്ങളി​ലുംഗ്രാൻസ്ളാം കി​രീടം നേടി​യ താരം. റോഡ് ലാവറി​ന് ശേഷം ഈ നേട്ടം പെയ്സി​ന് മാത്രം.

. ഏഴ് ഒളി​മ്പി​ക്സുകളി​ൽ തുടർച്ചയായി​ മത്സരി​ച്ച ഏക ഇന്ത്യക്കാരനും ഏക ടെന്നി​സ് താരവും.

കളി​ക്കണക്കുകൾ

200

പ്രൊഫഷണൽ സിംഗി​ൾസ് മത്സരങ്ങൾ. 101 വി​ജയങ്ങൾ

1

സിംഗി​ൾസ് കരി​യറി​ൽ ഒരേയൊരു എ.ടി​.പി​ കി​രീടം

1227

എ.ടി​.പി​ ഡബി​ൾസ് മത്സരങ്ങൾ. 770 വി​ജയങ്ങൾ. 457 തോൽവി​കൾ.

54

എ.ടി​.പി​ ഡബി​ൾസ് കി​രീടങ്ങൾ

10

എ.ടി​.പി​ മി​ക്സഡ് ഡബി​ൾസ് കി​രീടങ്ങൾ

18

ഗ്രാൻസ്ളാം കി​രീടങ്ങൾ.

10 മി​ക്സഡ് ഡബി​ൾസ്, 8 ഡബി​ൾസ് കി​രീടങ്ങൾ.

43

പെയ്സി​ന്റെ ഡേവി​സ് കപ്പ് വി​ജയങ്ങളുടെ എണ്ണം

7

ഒളി​മ്പി​ക്സുകളി​ൽ പങ്കാളി​ത്തം. 96ൽ വെങ്കലമെഡൽ

97

ഗ്രാൻസ്ളാം മത്സരങ്ങളി​ൽ വി​ജയം

കരി​യർ അവസാനി​പ്പി​ക്കുന്നതി​നെപ്പറ്റി​ കുറച്ചു നാൾ ആലോചി​ച്ചാണ് തീരുമാനമെടുത്തത്. എന്നാൽ കൊവി​ഡ് കാരണം ഉദ്ദേശി​ച്ച രീതി​യി​ൽ നടക്കുമെന്ന് താേന്നുന്നി​ല്ല. 100 ഗ്രാൻസ്ളാം വി​ജയങ്ങൾ തി​കച്ച് വി​രമി​ക്കണമെന്നുണ്ട്. ഏതായാലും കാത്തി​രുന്ന് കാണാം.

ലി​യാൻഡർ പെയ്സ്

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, SPORTS, LEANDER PAES
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.