ആറ്റിങ്ങൽ: നാടുവിടാൻ ശ്രമിച്ച കൂട്ടുകാരായ മൂന്ന് പ്ലസ് വൺ വിദ്യാർത്ഥികളെ ആറ്റിങ്ങൽ പൊലീസ് കൊല്ലം ബസ് സ്റ്റാൻഡിൽ നിന്നു പിടികൂടി. ആറ്റിങ്ങലിലും സമീപ പ്രദേശങ്ങളിലുമുള്ള ഇവർ ആറ്റിങ്ങലിൽ ഒത്തുകൂടി കോയമ്പത്തൂരിൽ ഒരാളുടെ ബന്ധുവിന്റെ വീട്ടിൽ പോവുകയായിരുന്നു എന്നാണ് പൊലീസിനോട് പറഞ്ഞത്. കൊല്ലമ്പുഴ കളിക്കാൻ പോകുന്നു എന്നു പറഞ്ഞാണ് മൂന്നുപേരും വീട്ടിൽ നിന്നു ബുധനാഴ്ച രാവിലെ ഇറങ്ങിയത്. അഞ്ചു മണിയായിട്ടും തിരിച്ചെത്താത്തതിനാൽ വീട്ടുകാർ തിരക്കിയിറങ്ങി. തുടർന്ന് രാത്രി 8 ഓടെ ആറ്റിങ്ങൽ പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇതിൽ ഒരാളെ ബൈക്കിൽ സഞ്ചരിക്കവേ പള്ളിക്കൽ പൊലീസ് പിടികൂടിയിരുന്നു. ബൈക്ക് സ്റ്റേഷനിൽ നിന്നും ഇറക്കാൻ 15,000 രൂപ വേണമെന്ന് അമ്മയോട് പറഞ്ഞ് എ,ടി.എം വാങ്ങി അതിൽ നിന്ന് മുപ്പതിനായിരം രൂപ എടുത്താണ് മുങ്ങിയത്. വിദ്യാർത്ഥികളെ ജുവനൈൽ കോടതിയിൽ ഹാജരാക്കി മൊഴി രേഖപ്പെടുത്തിയ ശേഷം ബന്ധുക്കൾക്കൊപ്പം വിട്ടു.