കോലഞ്ചേരി: ആളും ആരവവുമില്ല, കണ്ണീർ ചാലുകളും. പ്രേക്ഷകർക്ക് മുന്നിൽ ജീവിതം തുറന്നുകാട്ടുന്ന സിനിമയുടെ വെള്ളിവെളിച്ചം അണഞ്ഞിട്ട് ഇന്നേക്ക് 100 ദിവസം. കൊവിഡ് വ്യാപനത്തെ തുടർന്ന് മാർച്ച് 11നാണ് തീയറ്ററുകൾക്ക് പൂട്ടു വീണത്. ഇനി എന്ന് തുറക്കാൻ കഴിയുമെന്ന് പോലും അറിയാതെ കടുത്ത പ്രതിസന്ധിയിലൂടെയാണ് മേഖല കടന്നുപോകുന്നത്. തീയേറ്ററുമായി ബന്ധപ്പെട്ട് തൊഴിലെടുക്കുന്ന ആയിരങ്ങളുടെ ജീവിതവും താറുമാറായി.
സംസ്ഥാനത്ത് ആകെ 670 സ്ക്രീനുകളാണുള്ളത്. പൂട്ടുവീണെങ്കിലും തീയേറ്റർ നിലനിർത്തി കൊണ്ടു പോകാൻ പ്രതിമാസം മൂന്ന് ലക്ഷത്തോളമാണ് ചെലവ്. വൈദ്യുത ബില്ലും, ജീവനക്കാരുടെ ശമ്പളമുൾപ്പടെയാണിത്. ഒന്നിൽ കൂടുതൽ സ്ക്രീനുകളുള്ള(ഹൈ ടെൻഷൻ) തീയറ്ററുകൾക്ക് 60,000 75,000 രൂപയും ഒരു സ്ക്രീനുള്ള (ലോ ടെൻഷൻ) തീയേറ്ററിന് 16,000 25,000 രൂപയുമാണ് ഫിക്സഡ് ചാർജ്. ഉപയോഗിച്ചാലും ഇല്ലെങ്കിലും ഈ തുക അടയ്ക്കണം. ലോക്ക് ഡൗണിൽ ഉപയോഗിച്ച് വൈദ്യുതിക്ക് മാത്രം ചാർജ് ഈടാക്കാവൂ എന്നാണ് ഉടമകളുടെ ആവശ്യം.
പ്രേക്ഷകരില്ലെങ്കിലും ഒന്നിടവിട്ട ദിവസങ്ങളിൽ ഒരു മണിക്കൂർ വീതം ഡിജിറ്റൽ പ്രൊജക്ടറും,സൗണ്ട് സിസ്റ്റവും പ്രവർത്തിപ്പിക്കുന്നുണ്ട്. ഇതിനായി ഓപ്പറേറ്റർ എത്തണം. സീറ്റുകളും മറ്റും ശുചീകരിക്കാൻ തൊഴിലാളികളും ജോലിക്കെത്തുന്നുണ്ട്. ചില തീയേറ്റർ ഉടമകൾ സൂപ്പർതാര സിനിമകൾക്ക് അഡ്വാൻസ് നൽകിയിരുന്നു . എന്നാൽ റിലീസ് മുടങ്ങി. സിനിമ റിലീസ് ചെയ്താൽ മാത്രമേ ഈ തുക തിരികെ ലഭിക്കൂ. ചില സിനിമകൾ ഓൺലൈൻ റിലീസിന് തയാറെടുക്കുന്നുണ്ട്. അഡ്വാൻസ് നൽകിയ സിനിമകൾ ഓൺലൈനിൽ പ്രദർശിപ്പിക്കാതിരിക്കണമെങ്കിൽ മുൻകൂറായി നൽകിയ തുക വർദ്ധിപ്പിക്കണമെന്ന ഭീഷണിയും തിയേറ്റർ ഉടമകളുടെ ആവശ്യം.
ഒരു ടിക്കറ്റ് വിറ്റാൽ മൂന്ന് രൂപ വീതം തൊഴിലാളി ക്ഷേമനിധിയിലേക്ക് അടക്കുന്നുണ്ട്. എന്നാൽ കൊവിഡ് കാലത്ത് തിയറ്റർ ജീവനക്കാർക്ക് സർക്കാർ ആനുകൂല്യമൊന്നും ലഭിച്ചിട്ടില്ല.ക്ഷേമ നിധിയിൽ നിന്ന് പേലും. തീയറ്ററർ ഉടമകൾ ആവുംവിധം സഹായിക്കുന്നുണ്ട്. മറ്റൊരു തൊഴിൽ തേടാൻ ശാരീരികമായി ബുദ്ധിമുട്ടുകൾ ഉണ്ട്. ഓണത്തിന് മുന്നോടിയായെങ്കിലും പ്രദർശനം തുടങ്ങുമെന്നാണ് പ്രതീക്ഷ.
വിജയൻ
തീയറ്റർ ജീവനക്കാരൻ,
പെരുമ്പാവൂർ
വൈദ്യുതി ചാർജാണ് തീയേറ്റർ ഉടമകൾക്ക് നേരിടുന്ന വലിയ പ്രതിസന്ധി.
എം.സി ബോബി
ഫിലിം എക്സിബിറ്റേഴ്സ് യുണൈറ്റഡ് ഓർഗനൈസേഷൻ ഓഫ് കേരള സംസ്ഥാന ജനറൽ സെക്രട്ടറി പറഞ്ഞു.