കോന്നി : മഴക്കാലം തുടങ്ങി. പകർച്ചവ്യാധികളുടെ കാലമാണ് ഇനി. പക്ഷേ ഫണ്ടില്ലാത്തതിനാൽ പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടില്ല. രോഗപ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചെയ്തുതീർക്കേണ്ട മുന്നൊരുക്കങ്ങളുടെ പ്രാഥമിക നടപടികൾപോലും മിക്ക തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും തുടങ്ങിയിട്ടില്ല. പകർച്ചപ്പനി, മഞ്ഞപ്പിത്തം, ഡെങ്കിപ്പനി തുടങ്ങിയവ ബാധിച്ച് ചികിത്സതേടുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. പൊതുസ്ഥലങ്ങളിൽ മാലന്യം തള്ളുന്നത് നിർബാധം തുടരുകയാണ്. ജലസ്രോതസുകളും റോഡിന്റെ വശങ്ങളും മാലിന്യനിക്ഷേപകേന്ദ്രങ്ങളായി മാറി. ശുചീകരണ ജോലികൾ നടക്കുന്നതേയില്ല.
@ മുൻ വർഷങ്ങളിൽ മഴക്കാലത്തിനുമുമ്പ് ആരോഗ്യവകുപ്പിന്റെയും ത്രിതല പഞ്ചായത്തുകളുടെയും നേതൃത്വത്തിൽ കാനകളും തോടുകളും ശുചീകരിച്ചിരുന്നു. തൊഴിലുറപ്പ് ജീവനക്കാരെ വ്യക്തികളുടെ പുരയിടങ്ങളിലെ പണിക്ക് വിനിയോഗിക്കുന്നതിന് പകരം മഴക്കാല പൂർവ ശുചീകരണപ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്തണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
@ അശാസ്ത്രീയ നിർമ്മാണ പ്രവർത്തനങ്ങളാണ് കാനകളിലും ചെറുതോടുകളിലും വെള്ളം കെട്ടിക്കിടക്കുന്നതിനും കൊതുകുശല്യം വർദ്ധിക്കുന്നതിനും പ്രധാന കാരണം. പായലും ചെളിയും എക്കലും നിറഞ്ഞതോടെ തോടുകളിലെ നീരൊഴുക്ക് നിലച്ചു. ഇതുമൂലം വലിയ തോടുകളോട് അനുബന്ധിച്ചുള്ള ചെറുതോടുകളിലും വെള്ളം കെട്ടിനിൽക്കുന്നുണ്ട്. ഒഴുക്ക് കുറഞ്ഞ തോടുകളിൽ മാലിന്യങ്ങൾ നിറഞ്ഞതോടെ കൊതുക് പെരുകുകയാണ്.
@ റബർ തോട്ടങ്ങളിലെ ചിരട്ടകളിലും ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളിലും വെള്ളം കെട്ടിനിൽക്കുന്നത് കൊതുകുകളുടെ പ്രജനനത്തിന് കാരണമാകുന്നു. മുൻ വർഷങ്ങളിൽ ഗപ്പി മത്സ്യങ്ങളെ ജലാശയങ്ങളിലും വെള്ളക്കെട്ടുകളിലും നിക്ഷേപിക്കാറുണ്ടായിരുന്നെങ്കിലും ഇത്തവണ ഇതും നടപ്പാക്കിയിട്ടില്ല. വെള്ളക്കെട്ടുകളിൽ ക്ളോറിനേഷനും മറ്റും നടത്തുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് പറയുന്നുണ്ടെങ്കിലും ഇത് കാര്യക്ഷമല്ലെന്നും ആക്ഷേപമുണ്ട്.