ന്യൂഡൽഹി: സ്വാതന്ത്ര്യാനന്തരം അതിർത്തിയിലെ സംഘർഷം ലഘൂകരിക്കാൻ ഇന്ത്യയും ചൈനയും തമ്മിൽ നിരവധി കരാറുകൾ ഒപ്പിട്ടിട്ടുണ്ട്. എന്നാൽ കരാറിന്റെ അന്തസത്ത പാലിക്കാൻ ചൈന ഒരിക്കലും ശ്രമിച്ചിട്ടില്ല. അത്തരമൊരു നടപടിയാണ് ഗാൽവൻ താഴ്വരയിൽ നടന്ന രക്തച്ചൊരിച്ചിലിൽ കലാശിച്ചത്.
1993ൽ അന്നത്തെ പ്രധാനമന്ത്രി നരസിംഹറാവുവും ചൈനീസ് പ്രസിഡന്റ് ലീ പെങും ഒപ്പിട്ട സുപ്രധാന കരാറിന്റെ ലംഘനമാണ് ഗാൽവനിൽ നടത്തിയത്. നിയന്ത്രണ രേഖയിൽ തർക്കങ്ങളുണ്ടാകുമ്പോൾ പാലിക്കേണ്ട മര്യാദകളെക്കുറിച്ച് കരാർ വ്യക്തമാക്കുന്നു. ഗാൽവൻ താഴ്വരയിലും പാംഗോംഗ് ടിസോ തടാകക്കരയിലും നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യൻ പ്രദേശത്തേക്ക് കടന്നുകയറിയ ചൈന കരാർ നിബന്ധന പാടെ ലംഘിച്ചു.
വ്യവസ്ഥകൾ
നിയന്ത്രണ രേഖ കടന്നതിൽ മറുപക്ഷം എതിർപ്പുന്നയിച്ചാൽ പിൻവാങ്ങണം
തർക്കങ്ങൾ നിയന്ത്രണ രേഖയ്ക്കുള്ളിൽ ചർച്ചയിലൂടെ പരിഹരിക്കണം
നിയന്ത്രണ രേഖ സംബന്ധിച്ച് സംശയമുണ്ടെങ്കിൽ സംയുക്ത പരശോധന
നിയന്ത്രണ രേഖയ്ക്ക് അഭിമുഖമായി സൈനികർ ഡ്രിൽ നടത്തരുത്
ഒരു ഡിവിഷനിൽ കൂടുതൽ (15,000) അണിനിരന്നുള്ള അഭ്യാസം പാടില്ല
കൂടുതൽ സൈനികർ വന്നാൽ മുഖാമുഖം നിന്ന് പ്രകോപനമുണ്ടാക്കരുത്
നിയന്ത്രണ രേഖയിൽ സൈനികർ തോക്കേന്തും
നിരായുധരായ ഇന്ത്യൻ സൈനികരെ ചൈനീസ് സേനാംഗങ്ങൾ മാരകായുധങ്ങൾ ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയ പശ്ചാത്തലത്തിൽ നിയന്ത്രണ രേഖയ്ക്കു സമീപം സ്വയരക്ഷയ്ക്ക് തോക്ക് ഉപയോഗിക്കാൻ അനുവദിക്കുമെന്ന് സൂചന. ഇരുപക്ഷവും നിയന്ത്രണ രേഖയുടെ രണ്ടു കിലോമീറ്ററിനുള്ളിൽ വെടിയുതിർക്കാനും സ്ഫോടനം നടത്താനും പാടില്ലെന്ന് 1996ൽ ചൈനയുമായി കരാറുണ്ടാക്കിയിരുന്നു. എച്ച്.ഡി. ദേവഗൗഡ പ്രധാനമന്ത്രിയായിരുന്ന സമയത്ത് ഒപ്പിട്ട ഈ കരാർ പ്രകാരമാണ് പട്രോളിംഗിന് ഇരു വിഭാഗവും തോക്കുപയോഗിക്കാത്തത്.