കൊല്ലം: ദേവസ്വം ബോർഡ് ക്ഷേത്രങ്ങൾ ഇന്നലെ മുതൽ വീണ്ടും ഭക്തജനങ്ങൾക്ക് മുന്നിൽ അടഞ്ഞു. സമ്പർക്കത്തിലൂടെ കൊവിഡ് രോഗവ്യാപനത്തിനുള്ള സാദ്ധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഇന്നലെ മുതൽ ഭക്തർക്ക് പ്രവേശനം അനുവദിക്കേണ്ടെന്ന നിർദ്ദേശം നൽകിയത്.
കേന്ദ്ര സർക്കാർ ഉത്തരവിന്റെയും പിന്നീട് സംസ്ഥാന സർക്കാർ അദ്ധ്യാത്മിക രംഗത്തുള്ളവരുമായി നടത്തിയ ചർച്ചയുടെയും അടിസ്ഥാനത്തിൽ ഈമാസം 9 മുതലാണ് സംസ്ഥാനത്തെ ക്ഷേത്രങ്ങളിൽ ഭക്തർക്ക് വീണ്ടും പ്രവേശനം അനുവദിച്ചത്. വിദേശത്ത് നിന്ന് എത്തിയവരിൽ വ്യാപകമായി കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ദേവസ്വം ബോർഡ് 30 വരെ വീണ്ടും വിലക്ക് ഏർപ്പെടുത്തിയത്.
9ന് ദേവസ്വം ബോർഡിന്റെ ജില്ലയിലെ എല്ലാ ക്ഷേത്രങ്ങളും തുറന്നെങ്കിലും ഭൂരിഭാഗം സ്വകാര്യ ക്ഷേത്രങ്ങളിലും ഭക്തർക്ക് വിലക്ക് തുടരുകയായിരുന്നു. തുറന്ന ചുരുക്കം സ്വകാര്യ ക്ഷേത്രങ്ങളിലും ദേവസ്വം ബോർഡ് ക്ഷേത്രങ്ങളിലും എത്തുന്ന ഭക്തരുടെ എണ്ണം വളരെ കുറവായിരുന്നു.
ജൂലായ് ഒന്ന് മുതൽ ദേവസ്വം ബോർഡിന്റെ ക്ഷേത്രങ്ങൾക്കൊപ്പം സ്വകാര്യ ക്ഷേത്രങ്ങളിലും ഭക്തർക്ക് പ്രവേശനം അനുവദിക്കാനാണ് നിലവിലെ ധാരണ.
ഭക്തരെ പ്രവേശിപ്പിക്കുന്നില്ലെങ്കിലും നിത്യപൂജകൾ എല്ലാ ക്ഷേത്രങ്ങളിലും നടക്കുന്നുണ്ട്. ക്ഷേത്രങ്ങളിലെത്താതെ തന്നെ ഭക്തർക്ക് വഴിപാടുകൾ നടത്താനുള്ള ക്രമീകരണവും ഒട്ടുമിക്ക ക്ഷേത്രങ്ങളിലുമുണ്ട്. ജൂലായ് 1ന് തുറക്കുമ്പോൾ എത്തുന്ന ഭക്തരുടെ വിലാസം അടക്കമുള്ള വിവരങ്ങൾ രേഖപ്പെടുത്തി സൂക്ഷിക്കാനും സ്വകാര്യ ക്ഷേത്ര ഭാരവാഹികൾക്ക് ആലോചനയുണ്ട്.
സാമ്പത്തിക പ്രതിസന്ധി രൂക്ഷം
ഭക്തർക്ക് നിയന്ത്രണമുള്ളതിനാൽ ഒട്ടുമിക്ക ക്ഷേത്രങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. ചെറിയ ക്ഷേത്രങ്ങളിൽ ശാന്തിമാർക്കും അടിച്ചുതളിക്കും ശമ്പളം നൽകാൻ പോലും പണമില്ലാത്ത അവസ്ഥയാണ്. നിത്യ ചെലവുകൾക്ക് പോലും ബുദ്ധിമുട്ടുന്ന ക്ഷേത്രങ്ങളുണ്ട്.
''
കൂടുതൽ ഭക്തരെ ഉൾപ്പെടുത്തിയുള്ള വലിയ പൂജകളും വിളക്കുകളും തുറന്ന് ഒരാഴ്ചക്കാലത്തേക്ക് ഉണ്ടാകില്ല.
ദേവസ്വം ഭാരവാഹികൾ