ആനുകൂല്യങ്ങളില്ലാതെ പീലിംഗ് മേഖല
ആലപ്പുഴ: പ്രതിവർഷം 60,000 കോടിയുടെ വിദേശനാണ്യം നേടിത്തരുന്ന പീലിംഗ് മേഖലയിൽ തൊഴിലാളികൾക്ക് ആനുകൂല്യങ്ങൾ അന്യം.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻകിട, ചെറുകിട സീഫുഡ് കമ്പനികളിൽ അന്യ സംസ്ഥാനക്കാരടക്കം പതിനായിരക്കണക്കിന് തൊഴിലാളികളാണ് ജോലിചെയ്യുന്നത്. ഇതിൽ 90 ശതമാനവും സ്ത്രീകളാണ്. ഇ.എസ്.ഐ, പി.എഫ് ആനുകൂല്യങ്ങൾ അഞ്ച് ശതമാനത്തിൽ താഴെ തൊഴിലാളികൾക്ക് മാത്രമാണ് ലഭ്യമാകുന്നതെന്ന് സീ ഫുഡ് വർക്കേഴ്സ് സൊസൈറ്റി കോ- ഓർഡിനേറ്റർ ഇ.ഒ.വർഗീസ് പറയുന്നു. ഭൂരിഭാഗം കമ്പനികളും, ചെറുകിട സംസ്കരണ യൂണിറ്റ് ഉടമകളും തൊഴിലാളികളുടെ ആനുകൂല്യങ്ങളും, ആരോഗ്യ സംരക്ഷണവും ഉറപ്പാക്കാൻ ശ്രമിക്കാറില്ല. ചുരുക്കം ചില കമ്പനികളിൽ മാത്രമാണ് വ്യക്തി- പരിസര ശുചിത്വത്തിനും, ശുദ്ധമായ അന്തരീക്ഷത്തിനും പ്രാധാന്യം നൽകുന്നതെന്ന് ഫിഷറീസ് വകുപ്പ് നേരിൽ കണ്ട് ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്. ഇതിന് പുറമേ, മനുഷ്യാവകാശ കമ്മിഷൻ, ദേശീയ വനിതാ കമ്മിഷൻ,ഐ.എൽ.ഒ ഡയറക്ടർ തുടങ്ങിയവർ വിവിധ ഘട്ടങ്ങളിൽ പീലിംഗ് തൊഴിലാളികളുടെ കഷ്ടതകൾ നേരിൽ കണ്ട് മനസിലാക്കി സർക്കാരിന് നൽകിയ നിർദേശങ്ങൾ ഒന്നും നടപ്പായിട്ടില്ല.
ചെമ്മീൻ തൊഴിലാളികളുടെ അവസ്ഥ ദയനീയമാണെന്ന് ലേബർ ഓഫീസർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. 1998ലും 2007 ലും എൽ.ഡി.എഫ്, യു.ഡി.എഫ് സർക്കാരുകൾ കമ്മിഷനുകളെവെച്ച് റിപ്പോർട്ട് തേടിയിരുന്നു. 2017ൽ വീണ്ടും കമ്മിഷനെ വച്ച് റിപ്പോർട്ട് തേടിയെങ്കിലും തൊഴിലാളികൾക്ക് യാതൊരു പ്രയോജനവുമുണ്ടായില്ല.
................................
സീ ഫുഡ് മേഖലയിലെ തൊഴിലാളികൾക്ക് ആനുകൂല്യങ്ങളും, ആരോഗ്യ സംരക്ഷണവും ലഭിക്കുന്നില്ലെന്ന് ബോദ്ധ്യപ്പെട്ടിട്ടുണ്ട്. മത്സ്യമേഖലയിലെ മറ്റ് തൊഴാലാളികൾക്കെന്ന പോലെ ആനുബന്ധ മേഖലയിലും സർക്കാരിന്റെ കൂടുതൽ ആനുകൂല്യങ്ങൾ എത്തിക്കണമെന്ന് സർക്കാരിനെ അറിയിച്ചിട്ടുണ്ട്
(ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടർ)
..................................
ഏറ്റവും വരുമാനമുള്ള മേഖലയിലെ തൊഴിലാളികളാണ് അവഗണന നേരിടുന്നത്. മറൈൻ പ്രോഡക്ട്സ് എക്സ്പോർട്സ് ഡെവലപ്മെന്റ് അതോറിട്ടിയിൽ നിന്ന് കഴിഞ്ഞ 15 വർഷത്തിനിടെ 1000 കോടിക്കുകുമേൽ സഹായം മുതലാളിമാർക്ക് ലഭിച്ചിട്ടുണ്ട്. എന്നിട്ടും തൊഴിലാളികൾക്ക് പരിഗണന ലഭിക്കുന്നില്ല
(ഇ.ഒ.വർഗീസ്, സീ ഫുഡ് വർക്കേഴ്സ് സൊസൈറ്റ് കോ- ഓർഡിനേറ്റർ)
..................................
വരുമാനം
കമ്പനികളിൽ: 250 - 300 (പ്രതിദിനം)
ചെറുകിട ഷെഡുകളിൽ: ഒരു കിലോ ചെമ്മീൻ വൃത്തിയാക്കുമ്പോൾ 15 രൂപ