കൊച്ചി: കഴിഞ്ഞ സാമ്പത്തിക വർഷം മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് 3169 കോടി രൂപ സംയോജിത അറ്റാദായംനേടി. മുൻവർഷം 2103 കോടിയായിരുന്നു ഈ തുക. ഗ്രൂപ്പിന്റെ വായ്പ മുൻവർഷത്തെ 38304 കോടി രൂപയിൽനിന്ന് 22 ശതമാനം വർധനയോടെ 46,871 കോടി രൂപയിലെത്തി.
രാജ്യത്തെ ഏറ്റവും വലിയ സ്വർണപ്പണയ വായ്പ കമ്പനിയായ മുത്തൂറ്റ് ഫിനാൻസിന്റെ മാത്രം അറ്റാദായം 53 ശതമാനം വർധിച്ച് 3018 കോടി രൂപയിലെത്തിയതായി ചെയർമാൻ എം ജി ജോർജ് മുത്തൂറ്റ് പറഞ്ഞു.
കമ്പനിയുടെ വരുമാനം 27 ശതമാനം വർധിച്ച് 8723 കോടിയുമെത്തി.
മൊത്തം വായ്പ മുൻവർഷത്തെ 34246 കോടി രൂപയിൽനിന്ന് 41,611 കോടിയായി. ഗ്രൂപ്പിന്റെ അറ്റാദായത്തിൽ 176 കോടി രൂപയുടെ സംഭാവന സബ്സിഡിയറി കമ്പനികളുടേതാണെന്നും അദ്ദേഹം അറിയിച്ചു. വാഹനവായ്പ ഉൾപ്പടെ നൽകുന്ന മുത്തൂറ്റ് മണി പ്രൈവറ്റ് ലിമിറ്റഡ് 509 കോടി രൂപ വായ്പ നൽകി.
നടപ്പുവർഷം സ്വർണപ്പണയ വായ്പയിൽ 15 ശതമാനം വളർച്ച പ്രതീക്ഷിക്കുന്നതായി മാനേജിംഗ് ഡയറക്ടർ ജോർജ് അലക്സാണ്ടർ പറഞ്ഞു.
ഉപകമ്പനികളുടെ അറ്റാദായം
• മുത്തൂറ്റ് ഫോംഫിൻ ഇന്ത്യ ലിമിറ്റഡ് : 32 കോടി
• മൈക്രോ ഫിനാൻസ് വിഭാഗമായ ബെൽസ്റ്റാർ മൈക്രോ ഫിനാൻസ് ലിമിറ്റഡ് : 99 കോടി
• ഇൻഷ്വറൻസ് ബ്രോക്കിംഗ് സബ്സിഡി മുത്തൂറ്റ് ഇൻഷ്വറൻസ് ബ്രോക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് : 11 കോടി
• ശ്രീലങ്കൻ സബ്സിഡിയറി ഏഷ്യ അസറ്റ് ഫിനാൻസ് 7 കോടി ശ്രീലങ്കൻ രൂപ