ന്യൂയോർക്ക്: പതിനൊന്നുകാരനായ മകനെ നിർബന്ധപൂർവം മൂന്ന് ലിറ്റർ വെള്ളം കുടിപ്പിച്ചതിനെ തുടർന്ന് കുട്ടി മരിക്കാനിടയായ സംഭവത്തിൽ രണ്ടാനമ്മയേയും പിതാവിനേയും പൊലീസ് അറസ്റ്റു ചെയ്തു. മാർച്ചിലാണ് സംഭവം നടന്നത്. എന്നാൽ, ജൂൺ 18 നാണ് അറസ്റ്റ് വാർത്ത പുറത്തുവന്നത്. കൊളറാഡൊ സ്പ്രിംഗ്സ് നോർത്ത് ഈസ്റ്റ് ബ്ലാക്ക് ഫോറസ്റ്റിലെ റയൻ (41) ടാര സബിൻ (42) എന്നീ ദമ്പതികളെയാണ് സാഖറി എന്ന പതിനൊന്നുകാരന്റെ മരണത്തിന് ഉത്തരവാദികളെന്ന് ചൂണ്ടിക്കാട്ടി അറസ്റ്റ് ചെയ്തത്.
കുറച്ച് വെള്ളം കുടിയ്ക്കുന്ന സ്വഭാവക്കാരനായിരുന്നു കുട്ടി. അതുകൊണ്ടു രാത്രി ബെഡിൽ ചിലപ്പോൾ മൂത്രം ഒഴിക്കാറുണ്ടെന്നും അതിന് വലിയ ദുർഗന്ധമായിരുന്നുവെന്നും ടാര റഞ്ഞു. "ഒരു ദിവസം ഭാര്യ ഫോണിൽ വിളിച്ചു കുട്ടിയെ വെള്ളം കുടിപ്പിക്കുകയാണെന്ന് പറഞ്ഞു. വീട്ടിലെത്തിയപ്പോൾ കുട്ടി ചർദ്ദിക്കുന്നതായി കണ്ടു. നിലത്തു വീണ കുട്ടിയെ കാലുകൊണ്ട് ചവിട്ടുകയും കൈയിലെടുത്ത് തല താഴേക്കായി വലിച്ചെറിയുകയും ചെയ്തു." -റയാൻ പൊലീസിനോടു പറഞ്ഞു. അവശനായ ബാലനെ രാത്രിയിൽ കിടക്കയിൽ കൊണ്ടുപോയി കിടത്തിയെന്നും നേരം വെളുത്തപ്പോൾ കുട്ടി ചലനരഹിതനായിരുന്നുവെന്നും പിതാവ് വെളിപ്പെടുത്തി.
കൂടുതൽ വെള്ളം കുടിക്കുന്നത് ഇലക്ട്രോളൈറ്റ് ബാലൻസ് തകരാറിലാക്കുമെന്നും സോഡിയം ലവലിൽ പെട്ടെന്ന് വ്യതിയാനം സംഭവിക്കുമെന്നും ഇതായിരിക്കാം മരണത്തിലേക്ക് നയിച്ചതെന്നും വിദഗ്ദ്ധർ പറയുന്നു.