ന്യൂഡൽഹി: ശ്രീനഗർ - ജമ്മു ഹൈവേയിൽ രണ്ട് ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരർക്കൊപ്പം അറസ്റ്റിലായ ജമ്മുകാശ്മീരിലെ സസ്പെൻഷനിലായ ഡി.എസ്.പി ദവീന്ദർസിംഗിന് ഡൽഹി കോടതി ജാമ്യം അനുവദിച്ചു. സിംഗും കൂട്ടരും ഭീകരാക്രമണത്തിന് പദ്ധതിയിട്ടുവെന്ന കേസ് അന്വേഷിക്കുന്ന ഡൽഹി പൊലീസിന്റെ പ്രത്യേക സെൽ 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കുന്നതിൽ വീഴ്ച വരുത്തിയതിനാലാണ് ജാമ്യം ലഭിച്ചത്.
അന്വേഷണസംഘത്തിന്റെ സാങ്കേതിക പിഴവുകൾ ചൂണ്ടിക്കാട്ടി ദവീന്ദർസിംഗും മറ്റൊരു കുറ്റാരോപിതനായ ഇർഫാൻ ഷാഫി മിറും ജാമ്യാപേക്ഷയുമായി കോടതിയെ സമീപിക്കുകയായിരുന്നു. രണ്ട് ജാമ്യക്കാർക്ക് പുറമെ ഒരുലക്ഷം രൂപ വീതം കെട്ടിവയ്ക്കണമെന്നും കോടതി നിർദ്ദേശിച്ചു. ദവീന്ദർസിംഗ് അടക്കമുള്ളവ ഗൂഢാലോചനയിൽ പങ്കെടുത്തുവെന്നതിന് തെളിവില്ലെന്നും രാജ്യത്തിന്റെ ഐക്യത്തെയും അഖണ്ഡതയേയും വെല്ലുവിളിച്ചിട്ടില്ലെന്നും ഭീകരാക്രമണം നടത്താൻ ശ്രമിച്ചുവെന്നതിന് തെളിവില്ലെന്നും ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു. രണ്ടു പേരെയും കേസിൽ പ്രതി ചേർത്ത നടപടി തെറ്റാണെന്നും അവകാശപ്പെടുന്നു.
ജൂൺ ഒമ്പതിനും ഇരുവരും ജാമ്യാപേക്ഷയുമായി കോടതി സമീപിച്ചിരുന്നുവെങ്കിലും പിന്നീട് അത് പിൻവലിച്ചിരുന്നു. ജമ്മു കാശ്മീരിലെ ഹീരാ നഗർ ജയിലിലാണ് ജൂൺ 16വരെ ദവീന്ദർസിംഗിനെ പാർപ്പിച്ചിരുന്നത്. ജാവേദ് ഇക്ബാൽ, സയ്യിദ് നവീദ് മുഷ്താഖ്, ഇമ്രാൻ ഷാഫി മിർ എന്നിവരും ഇതേ ജയിലിലായിരുന്നു. എന്നാൽ മറ്റൊരു കേസ് അന്വേഷണത്തിന്റെ ഭാഗമായി ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ ഇവരെയെല്ലാം ഡൽഹിയിലെത്തിക്കുകയായിരുന്നു.
ഹിസ്ബുൾ മുജാഹിദ്ദീന് ഭീകര സംഘടനയുടെ ഷോപിയാൻ ജില്ലയിലെ കമാൻഡർ മുഷ്താഖും മറ്റു ഭീകരരും ചേർന്ന് ഡൽഹിയിലും രാജ്യത്തിന്റെ മറ്റുഭാഗങ്ങളിലും ഭീകരാക്രമണത്തിന് പദ്ധതിയിട്ടുവെന്ന് പൊലീസ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു. ഹിസ്ബുൾ മുജാഹിദ്ദീൻ ഭീകരരെ വാഹനത്തിൽ കൊണ്ടുപോകുന്നതിനിടെയാണ് ദവീന്ദർസിംഗ് ജനുവരിയിൽ അറസ്റ്റിലാകുന്നത്. തുടർന്ന് സിംഗിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.